
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂര അടർന്നു വീണു. സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകൾ കിടന്നിരുന്ന വാർഡിന്റെ മേൽക്കൂരയിൽ നിന്നാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. ഈ സമയം കൂട്ടിരിപ്പുകാരുൾപ്പെടെ എട്ട് സ്ത്രീകളും ആറു കുഞ്ഞുങ്ങളും ഇവിടെയുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കോൺക്രീറ്റ് പാളി അടർന്നുവീണ ഭാഗത്തെ കട്ടിലിൽ കിടന്നിരുന്ന സ്ത്രീ അത്ഭുതകരമായാണ് രക്ഷപെട്ടത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഫാമിലി പ്ലാനിംഗ് വാർഡിൽ അപകടമുണ്ടായത്. കോൺക്രീറ്റ് പാളി അടർന്നു വീഴുന്നതിന് തൊട്ട് മുൻപ് ഈ ഭാഗത്ത് കട്ടിലിൽ കിടന്നിരുന്ന സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എഴുന്നേറ്റതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് കട്ടിലുകൾക്കിടയിലായി വീണ കോൺക്രീറ്റ് പാളിയുടെ അവശിഷ്ടങ്ങൾ തലയണയിലും മറ്റുമായി ചിതറി വീണിട്ടുണ്ട്.
കാലപ്പഴക്കം മൂലം ഈയാഴ്ച അറ്റകുറ്റപ്പണി തുടങ്ങാനായി ഈ വാർഡ് പൂട്ടിയിരിക്കുകയായിരുന്നു. ആശുപത്രിയിലെ ലേബർറൂമിനോട് ചേർന്നുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ സിസേറിയൻകാരുടെ എണ്ണം കൂടിയതിനെ തുടർന്നാണു ഫാമിലി പ്ലാനിംഗ് വാർഡ് താത്കാലികമായി തുറന്നു കൊടുത്തത്. ഈ വാർഡിന് മുകളിലെ കുടുംബാസൂത്രണ ഓപ്പറേഷൻ തിയേറ്ററും കാലപ്പഴക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ടോയ്ലെറ്റുകളും ഉപയോഗശൂന്യമാണ്. തുടർന്നാണ് കെട്ടിടം പൂട്ടിയതും അറ്റകുറ്റപ്പണിക്ക് തീരുമാനിച്ചതും.











