05:09pm 02 May 2026
NEWS
മുസ്ലീം ലീ​ഗ് ലക്ഷ്യമിടുന്നത് അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യുട്ടി സ്പീക്കറും; മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കുന്ന നേതാക്കൾ ഇവരാണ്...
02/05/2026  03:41 PM IST
nila
മുസ്ലീം ലീ​ഗ് ലക്ഷ്യമിടുന്നത് അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യുട്ടി സ്പീക്കറും; മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കുന്ന നേതാക്കൾ ഇവരാണ്...

കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുസ്ലീം ലീ​ഗിലും മന്ത്രിമാർ ആരൊക്കെയെന്ന ചർച്ചകൾ സജീവമായി. അഞ്ച് പേരുകളാണ് ലീ​ഗ് നേതാക്കൾ പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, ആബിദ് ഹുസൈൻ തങ്ങൾ, എൻ ഷംസുദീൻ, പാറക്കൽ അബ്ദുള്ള എന്നിവരുടെ പേരാണ് മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അഞ്ച് മന്ത്രിമാരും ഡെപ്യുട്ടി സ്പീക്കറും എന്നതാണ് ലീ​ഗ് നേതൃത്വം ലക്ഷ്യം വെക്കുന്നത്.  എ കെ എം അഷ്‌റഫിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരി​ഗണിക്കും.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇക്കുറി അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന കാര്യത്തിൽ ലീ​ഗ് നേതൃത്വത്തിൽ തന്നെ ആശങ്കയുണ്ട്. സമുദായ സന്തുലിതാവസ്ഥ ചർച്ചയാകുകയും അത് യുഡിഎഫിന് ആകെ ദോഷം ചെയ്യുകയും ചെയ്യും എന്ന ആശങ്ക ലീ​ഗിനും കോൺ​ഗ്രസിനും ഒരുപോലെയുണ്ട്. 

മുസ്‌ലിം ലീഗിൽ അഞ്ചാം മന്ത്രി ഉണ്ടായേക്കില്ലെന്ന് ആശങ്ക. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചിരുന്നു. എന്നാൽ സാമുദായിക സന്തുലിതാവസ്ഥ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ ലീഗിന് അഞ്ചാം മന്ത്രിയുണ്ടാകുമോയെന്ന ആശങ്കയാണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ ഉയരുന്നത്.

അതേസമയം അധികാരത്തിൽ വന്നാൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ തീരുമാനിക്കുന്നതിൽ മുസ്‌ലിം ലീഗ് മാർഗനിർദേശമിറക്കിയിരുന്നു. മന്ത്രിമാർ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുൾപ്പെടെ അവമതിപ്പുണ്ടാക്കിയെന്നും ലീഗിൽ വിലയിരുത്തൽ ഉണ്ട്. എന്നാൽ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ലീഗ് പിന്തുണക്കുന്നത്. എക്‌സിറ്റ് പോളിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img