11:25pm 29 October 2026
NEWS
ലഷ്‌കർ-ഇ-തോയ്ബ - ഹമാസ് സഖ്യത്തിൽ ആശങ്ക ഉയരുന്നു
28/01/2026  10:33 AM IST
nila
 ലഷ്‌കർ-ഇ-തോയ്ബ - ഹമാസ് സഖ്യത്തിൽ ആശങ്ക ഉയരുന്നു

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തോയ്ബ കമാൻഡർ ഹമാസുമായി ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞതോടെ, ആഗോള ഭീകര സംഘടനകൾ തമ്മിലുള്ള ഏകോപനത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാന്നു. അമേരിക്ക ഭീകരസംഘടനകളായി പ്രഖ്യാപിച്ച രണ്ട് സായുധ​ഗ്രൂപ്പുകൾ തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ലഷ്‌കറിന്റെ രാഷ്ട്രീയ മുഖമായി കണക്കാക്കപ്പെടുന്ന പാകിസ്ഥാൻ മർകസി മുസ്‌ലീം ലീഗ് (PMML) കമാൻഡറായ ഫൈസൽ നദീമാണ് ഹമാസുമായുള്ള സഖ്യം സ്ഥിരീകരിച്ചത്. 2024-ൽ ഖത്തറിലെ ദോഹയിൽ വച്ച് മുതിർന്ന ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും, ആ കൂടിക്കാഴ്ചയിൽ ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സൈഫുള്ള കസൂരിയും പങ്കെടുത്തതായും നദീം വ്യക്തമാക്കി. ഹമാസ് നേതാവ് ഖാലിദ് മഷാലിനെയാണ് സംഘം കണ്ടതെന്നും നദീം പറഞ്ഞു.

ഭീകര സംഘടനകൾ തമ്മിലുള്ള ബന്ധം പുതിയത് അല്ലെന്നതിന് തെളിവായി, ജനുവരി 7-ന് പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ PMML സംഘടിപ്പിച്ച പരിപാടിക്കിടെ ഹമാസ് കമാൻഡർ നാജി സഹീറും ലഷ്‌കർ നേതാവ് റാഷിദ് അലി സന്ധുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2023 ഒക്ടോബർ മുതൽ നാജി സഹീർ ഏകദേശം 15 തവണ പാക്കിസ്ഥാൻ സന്ദർശിച്ചതായാണ് റിപ്പോർട്ട്.

ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകരസംഘടനകളുടെ അന്തർദേശീയ ബന്ധങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളും ഹമാസ്–ലഷ്‌കർ സഹകരണത്തെക്കുറിച്ച് വിലയിരുത്തലുകൾ നടത്തുന്നുണ്ട്. ഭീകരവാദ സംഘടനകൾ തമ്മിലുള്ള മേഖലാതല സഹകരണം ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾ വിശദമായ പരിശോധന തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img