07:57am 10 November 2026
NEWS
നിർബന്ധിത വിരമിക്കൽ ശിക്ഷയല്ല; ജീവനക്കാരനെ മുൻകൂട്ടി കേൾക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
10/11/2026  07:47 AM IST
നിയമകാര്യ ലേഖകൻ
നിർബന്ധിത വിരമിക്കൽ ശിക്ഷയല്ല; ജീവനക്കാരനെ മുൻകൂട്ടി കേൾക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബന്ധപ്പെട്ട സർവീസ് ചട്ടങ്ങൾ പ്രകാരം പുറപ്പെടുവിക്കുന്ന നിർബന്ധിത വിരമിക്കൽ ഉത്തരവ് ശിക്ഷാനടപടിയോ ജീവനക്കാരന് കളങ്കം ചാർത്തുന്ന നടപടിയോ അല്ലെന്ന് സുപ്രീംകോടതി. അതിനാൽ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ജീവനക്കാരന് വാദം അവതരിപ്പിക്കാൻ അവസരം നൽകണമെന്ന നിബന്ധന ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
മോശം സേവനരേഖയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഢ് ലീഗൽ മെട്രോളജി വകുപ്പിലെ രണ്ട് ജീവനക്കാരെ നിർബന്ധിതമായി വിരമിപ്പിച്ച നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ മൻമോഹനും ശ്രീ ചന്ദ്രശേഖറും അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
ജീവനക്കാരനെ നിർബന്ധിതമായി വിരമിപ്പിക്കാനുള്ള അധികാരം വിപുലമാണെങ്കിലും, ബന്ധപ്പെട്ട അധികാരി പ്രസക്തമായ രേഖകളുടെ അടിസ്ഥാനത്തിലും സദുദ്ദേശ്യത്തോടെയും തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. കേവലമായ ഊഹത്തിന്റെയോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ അടിസ്ഥാനത്തിൽ ഈ അധികാരം വിനിയോഗിക്കാനാവില്ല.
സേവനരേഖ പരിശോധിച്ചുള്ള നടപടി
ചതുർ സിങ് ധ്രുവ്, മൻഹരൺ ലാൽ സാഹു എന്നിവരാണ് ഹർജിക്കാർ. യഥാക്രമം 1989-ലും 1993-ലും പ്യൂൺ തസ്തികയിൽ നിയമിതരായ ഇവർക്ക് പിന്നീട് അസിസ്റ്റന്റ് ഗ്രേഡ്–III ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2015-ൽ ഇവരുടെ സേവനം ക്രമപ്പെടുത്തി.
അമ്പത് വയസ്സ് പൂർത്തിയായവരുടെയോ ഇരുപത് വർഷത്തെ യോഗ്യസേവനം പൂർത്തിയാക്കിയവരുടെയോ സേവനരേഖ പരിശോധിക്കാൻ 2017-ൽ സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സത്യസന്ധത, അഴിമതിരഹിതത്വം, ശാരീരികക്ഷമത, പൊതുമതിപ്പ്, പ്രവർത്തനശേഷി തുടങ്ങിയ ഘടകങ്ങൾ വിലയിരുത്താനായിരുന്നു നിർദേശം.
ഇതനുസരിച്ച് 14 ക്ലറിക്കൽ ജീവനക്കാരുടെ രേഖകൾ പരിശോധിച്ച സ്ക്രീനിങ് കമ്മിറ്റി അഞ്ചുപേരെ നിർബന്ധിതമായി വിരമിപ്പിക്കാൻ ശുപാർശ ചെയ്തു. തുടർന്ന് ഫണ്ടമെന്റൽ റൂൾ 56, ഛത്തീസ്ഗഢ് സിവിൽ സർവീസസ് പെൻഷൻ ചട്ടങ്ങളിലെ റൂൾ 42(1)(b) എന്നിവ പ്രകാരം ഹർജിക്കാരെ വിരമിപ്പിച്ചു. നടപടിക്കെതിരായ ഹർജികൾ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതോടെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
മറ്റുള്ളവരെ ഒഴിവാക്കിയെന്ന വാദം മാത്രം മതിയാകില്ല
സമാന സാഹചര്യത്തിലുള്ള മറ്റ് ജീവനക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും മാനദണ്ഡങ്ങൾ ഒരേ രീതിയിൽ പ്രയോഗിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. അച്ചടക്കനടപടികൾ ഒഴിവാക്കി ശിക്ഷിക്കാനാണ് നിർബന്ധിത വിരമിക്കൽ ഉപയോഗിച്ചതെന്നും പ്രതികൂല രേഖകൾ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, അർഹരായ പതിനാലുപേരെയും ഒരേ മൂല്യനിർണയ രീതിയിലാണ് പരിശോധിച്ചതെന്നും നിശ്ചിത നിലവാരം കൈവരിക്കാത്ത അഞ്ചുപേരെയാണ് വിരമിക്കലിന് ശുപാർശ ചെയ്തതെന്നും സർക്കാർ അറിയിച്ചു.
സമാന സാഹചര്യത്തിലുള്ള മറ്റൊരാൾക്കെതിരെ നടപടിയെടുത്തില്ലെന്ന കാരണത്താൽ മാത്രം സ്വന്തം നിർബന്ധിത വിരമിക്കൽ ഉത്തരവ് ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ‘നിഷേധാത്മക സമത്വം’ അവകാശപ്പെട്ട് ഇത്തരം നടപടി റദ്ദാക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കോടതി പരിശോധിക്കേണ്ടത് തീരുമാനത്തിന്റെ നിയമസാധുത
ചട്ടപ്രകാരമുള്ള നിർബന്ധിത വിരമിക്കൽ ഉത്തരവ് ജീവനക്കാരൻ കുറ്റം ചെയ്തതായി കണ്ടെത്തുന്നതല്ലെന്നും കോടതി വിശദീകരിച്ചു. അതിനാൽ ഭരണഘടനയുടെ അനുച്ഛേദം 311(2) പ്രകാരമുള്ള സംരക്ഷണവും മറുഭാഗത്തെ കേൾക്കണമെന്ന സ്വാഭാവികനീതി തത്ത്വവും ഇത്തരം നടപടിക്ക് ബാധകമല്ല.
അതേസമയം, അധികാരിയുടെ തീരുമാനം പ്രസക്തമായ വസ്തുതകളിലും രേഖകളിലും അധിഷ്ഠിതമായിരിക്കണം. കോടതി അപ്പീൽ അധികാരിയെപ്പോലെ രേഖകൾ വീണ്ടും തൂക്കിനോക്കി സ്വന്തം നിഗമനം പകരംവെക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളോടെ ജീവനക്കാരുടെ അപ്പീലുകൾ സുപ്രീംകോടതി തള്ളി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img