05:36pm 13 September 2026
NEWS
വേമ്പനാട്ടു കായലിനെ രക്ഷിക്കാൻ സമഗ്ര പദ്ധതികൾ
28/02/2026  02:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വേമ്പനാട്ടു കായലിനെ രക്ഷിക്കാൻ സമഗ്ര പദ്ധതികൾ

നാശം അഭിമുഖീകരിക്കുന്ന വേമ്പനാട്ടു കായലിനെ കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസും (കുഫോസ്), കേരള സർക്കാറിന്റെ 2020 വേമ്പനാട് കമ്മിറ്റിയും പഠനം നടത്തി റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. 2023 സെപ്റ്റംബറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്. 
മധ്യകേരളത്തിന്റെ ജലസംഭരണികളിലൊന്നായ വേമ്പനാട് കായൽ നാശത്തിന്റെ വക്കിലാണെന്നും അത് സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും നാനൂറിലേറെ പേജുകളുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

കായൽ നാശത്തിന്റെ വക്കിലാണെന്നും സംരക്ഷിക്കണമെന്നും പറഞ്ഞു പോകാതെ എങ്ങനെയൊക്കെയാണ് കായൽ നാശത്തിലേക്ക് പോയതെന്നും സംരക്ഷണമൊരുക്കാൻ ഇനിയെന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ട് വളരെ വ്യക്തമായും ശക്തമായും പറയുന്നുണ്ട്. അഞ്ചര വർഷക്കാലം പഠന ഗവേഷണം നടത്തിയാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. 

സെന്റർ ഫോർ അക്വാട്ടിക് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് കൺസർവേഷൻ ഗവേഷണ സംഘത്തിൽ 26 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഡോ. വി. എൻ. സഞ്ജീവൻ, ഡോ. എസ് സുരേഷ് കുമാർ, ഡോ. കെ രഞ്ജിത്, ഡോ. അനു ഗോപിനാഥ്, ഡോ. എം പി പ്രഭാകരൻ, ഡോ. എസ് എം റാഫി, ഡോ. രാജീവ് രാഘവൻ, ഡോ. ജയലക്ഷ്മി കെ ജെ, ഡോ. പ്രമീള എസ്, ഡോ. അൻവർ അലി പി എച്ച്, ഡോ. ലിംന മോൾ വി പി, ഡോ. ഗിരീഷ് ആർ, ഡോ. വിമൽ കുമാർ കെ ജി, ശ്രീനാഥ് ടി എം, പ്രിൻസി എം ജോൺ, സുദർശൻ കെ എസ്, രമ്യ എൽ സുന്ദർ, അമൃത കെ എസ്, അഞ്ജു കെ വി, മിലേന വി എം, ശിൽപ കെ എ, ഷിറീൻ പി മുഹമ്മദ്, ഇഗ്‌നേഷ്യസ് ജോസഫ്, നയന നാരായണൻകുട്ടി, നിതാര സി ജി, ജയേഷ് ശശീന്ദ്രൻ എന്നിവരായിരുന്നു സംഘാംഗങ്ങൾ. 

2020 വേമ്പനാട് കമ്മിറ്റിയാണ് റിപ്പോർട്ട് സമഗ്രമായി ചേർത്തുവെച്ചത്. ഡോ. വി എൻ സഞ്ജീവൻ കൺവീനറും ഡോ. കെ വി ശങ്കർ, ജിറോഷ് കുമാർ വി, സുരേഷ് കുമാർ എസ്, ഡോ. എസ് ശ്രീകുമാർ, ഡോ. ജോർജ്ജ് എബി, ഡോ. കെ വി തോമസ്, ഇഗ്‌നേഷ്യസ് മൺറോ എന്നിവർ അംഗങ്ങളുമായാണ് കമ്മിറ്റി പ്രവർത്തിച്ചത്. കുഫോസ് വൈസ് ചാൻസലർ ഡോ. റോസലിന്റ് ജോർജ്ജാണ് സമഗ്ര റിപ്പോർട്ടിന്റെ പബ്ലിഷർ. 
വേമ്പനാട് കായലുമായി ബന്ധപ്പെട്ട് പഠനറിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ ഡോ. വി എൻ സഞ്ജീവൻ 'കേരളശബ്ദവു'മായി പങ്കിടുന്നു. 

ഡോ. വി എൻ സഞ്ജീവൻ

സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആന്റ് ഇക്കോളജി (ഇങഘഞഋ)യുടെ മുൻ ഡയറക്ടറാണ് ഡോ. വി.എൻ. സഞ്ജീവൻ. മുംബൈ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനിൽ നിന്ന് പി എച്ച്ഡിയും നേടിയ അദ്ദേഹം യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിൽ ക്ലൈമറ്റ് റിസർച്ച് സെന്ററിൽ കാലാവസ്ഥാ വ്യതിയാനവും മത്സ്യബന്ധനവും സംബന്ധിച്ച പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം നടത്തി.

മുംബൈ സർവകലാശാലയിൽ ലക്ചററായി തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ച ഡോ. വി. എൻ. സഞ്ജീവൻ 1989-ൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓഷ്യൻ ഡെവലപ്‌മെന്റിൽ ശാസ്ത്രജ്ഞനായി ചേർന്നു. 2013-ൽ കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആന്റ് ഇക്കോളജിയുടെ ഡയറക്ടറായാണ് വിരമിച്ചത്. 2012- ൽ അദ്ദേഹത്തിന് അക്കാദമി ഓഫ് സയൻസ്, എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി ഫെലോഷിപ്പ് ലഭിച്ചു. 

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ (ഗഡഎഛട) സെന്റർ ഓഫ് എക്‌സലൻസ് ഇൻ അക്ക്വാറ്റിക് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് കൺസർവേഷനിൽ പ്രൊഫസർ ചെയറായാണ് സേവനം അനുഷ്ഠിക്കുന്നത്.
അന്റാർട്ടിക് മറൈൻ ലിവിംഗ് റിസോഴ്‌സസ് സംരക്ഷണ കമ്മീഷൻ, സെൻസസ് ഓഫ് മറൈൻ ലൈഫ്, ഓഷ്യൻ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ സിസ്റ്റംസ് (ഒബിസ്), ശാസ്ത്ര സാങ്കേതികരംഗത്തെ ഇൻഡോ യു എസ് സഹകരണം തുടങ്ങിയ വിവിധ അന്താരാഷ്ട്ര സമിതികളിൽ ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി ഡോ. സഞ്ജീവൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതൽ 2015 വരെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ഗവേണിംഗ് കൗൺസിൽ അംഗമായിരുന്നു.

നിലവിൽ വേൾഡ് ഓഷ്യനുമായി ബന്ധപ്പെട്ട ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് എക്‌സ്‌പേർട്‌സ്, ഇന്ത്യൻ സർക്കാരിന്റെ അന്റാർട്ടിക് ലെജിസ്ലേഷൻ കമ്മിറ്റി, സി എസ് ഐ ആർ ബയോ ഫ്യൂവൽസ് കമ്മിറ്റി, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിസർച്ച് അഡൈ്വസറി കമ്മിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), ആന്ധ്ര സർവകലാശാല, നാഷണൽ സെന്റർ ഫോർ അക്വാറ്റിക്ക് ആനിമൽ ഹെൽത്ത് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവയുടെ ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചുവരുന്നു. നിരവധി അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ അക്കാദമിക് നേട്ടങ്ങളിലുണ്ട്.

വേമ്പനാട്ടുകായൽ

അറബിക്കടലിന്റെ റാണിയാണ് കൊച്ചിയെങ്കിൽ ആ റാണിയുടെ തോഴിമാരിലൊരാളാണ് വേമ്പനാട്ടു കായൽ. ഈ കായൽ അറബിക്കടലിനെ സന്ധിക്കുന്നിടത്താണ് കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകളുടെ ബലത്തിൽ പറയുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകവും കേരളത്തിലെ ഏറ്റവും വലിയ കായലുമാണ് വേമ്പനാട്ട് കായൽ. ഒരു വലിയ പ്രദേശത്തിന്റെ മുഴുവൻ ജലസ്രോതസ്സ് മാത്രമല്ല പാരിസ്ഥിതിക സംതുലിതാവസ്ഥയുടെ കേന്ദ്രബിന്ദുകൂടിയാണ് വിശാലമായ പരന്നുകിടക്കുന്ന ഈ കായൽ. 96 കിലോമീറ്റർ നീളവും 14 കിലോമീറ്റർ വീതിയുമുണ്ടെന്ന് കണക്കാക്കുന്ന വേമ്പനാട്ടു കായലിന്റെ വിസ്തീർണം 1512 ചതുരശ്ര കിലോമീറ്ററാണ്. വേമ്പനാട്ടു കായലിന്റെ ഓളങ്ങളിൽ താളം പിടിച്ച് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളാണ് ഉണരുകയും ഉറങ്ങുകയും ജീവിക്കുകയും ചെയ്യുന്നത്. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിൽ, മൂവാറ്റുപുഴ, പമ്പ, പെരിയാർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ജലമാണ് ഈ കായലിനെ വേമ്പനാട്ടു കായലായി നിലനിർത്തുന്നത്. 

വേമ്പനാട്ടു കായലിന്റെ പ്രധാന പ്രത്യേകത വർഷത്തിൽ ആറു മാസം ശുദ്ധജലമാണെങ്കിൽ അടുത്ത ആറുമാസം ഉപ്പുവെള്ളമായിരിക്കും. മഴക്കാലത്താണ് ശുദ്ധജലം വേമ്പനാട്ടിലെത്തുന്നതെങ്കിൽ വേനൽക്കാലത്ത് അത് ഉപ്പായിരിക്കും. മഴക്കാലത്ത് കായലിൽ നിന്ന് കടലിലേക്കൊഴുകുന്ന വെള്ളം വേനൽക്കാലത്ത് കടലിൽ നിന്ന് കായലിലേക്കാണ് തിരിച്ചൊഴുകുന്നത്. ഇതാണ് ഈ പ്രതിഭാസത്തിന് കാരണം. 
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ ഉപ്പുവെള്ളത്തിൽ നിന്നും സംരക്ഷിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കം ബണ്ട് നിർമിച്ചിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട് മാത്രമല്ല പാരിസ്ഥിതികമായും ഈ ബണ്ട് പലവിധ ഹ്രസ്വ- ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കായലിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുക മാത്രമല്ല വേമ്പനാട്ട് കായലിൽ മാലിന്യം അടിഞ്ഞു കൂടാനും തണ്ണീർമുക്കം കാരണമായി. ഇതോടെ ആഫ്രിക്കൻ പായൽ നിറയാനും സ്വാഭാവിക ജൈവികത ഇല്ലാതാകാനും കാരണമായി.

നാശത്തിലേക്ക് പോകുന്ന കായലും പിടിച്ചു നിർത്താനുള്ള ശ്രമങ്ങളും

വേമ്പനാട്ട് കായലിന്റെ സംരക്ഷണമെന്നാൽ മധ്യകേരളത്തിലെ ജനജീവിതത്തിന്റെ സംരക്ഷണം എന്നുകൂടിയാണ് അർഥം. അതുകൊണ്ടുതന്നെയാണ് കേരള സർക്കാർ വേമ്പനാട് കായലിന്റെ സംരക്ഷണത്തിനായി ശാസ്ത്രജ്ഞന്മാരും ഗവേഷകരുമടങ്ങുന്ന സംഘത്തെ നിയോഗിച്ച് പഠനം നടത്തി 2023ഏപ്രിലിൽ റിപ്പോർട്ട് തയ്യാറാക്കിയത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), സെന്റർ ഫോർ അക്വാട്ടിക്ക് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് കൺസർവേഷൻ കുഫോസ് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. കുഫോസിന് പുറമേ നാഷണൽ സെന്റർ ഫോർ എർത്ത് സിസ്റ്റം സ്റ്റഡീസ് തിരുവനന്തപുരം, സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് കോഴിക്കോട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഗവേഷകരുമായ ഡോ. വി എൻ സഞ്ജീവൻ, കെ.വി. തോമസ്, എബി ജോർജ്ജ്, വിമൽ കുമാർ കെ ജി, ദേവിക പിള്ള എന്നിവരാണ് വർഷങ്ങൾ നീണ്ട ഗവേഷണത്തിലും പഠനത്തിലും ഏർപ്പെട്ടത്. സംഘം 428 പേജുകളുള്ള പഠന റിപ്പോർട്ടാണ് സമർപ്പിച്ചത്. 

വേമ്പനാട് ജലാശയ സമുച്ചയം അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ 90 ലക്ഷത്തിലധികം ജനങ്ങളുടെ ജീവിതവും ഉപജീവനവും നേരിട്ടോ പരോക്ഷമായോ ആശ്രയിച്ചിരിക്കുന്ന കായൽ നാശത്തിലേക്ക് പോകുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നും പലപ്പോഴും അതിന് കാരണം  മനുഷ്യനിർമ്മിത ഇടപെടലുകളും പ്രകൃതിയിലോ കാലാവസ്ഥയിലോ ഉണ്ടാകുന്ന വ്യതിയാനങ്ങളുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 
സമുദ്രനിരപ്പിനേക്കാൾ താഴെയായി 19.59 ശതമാനം പ്രദേശവും സമുദ്രനിരപ്പിന് മുകളിൽ 1 മീറ്റർ മാത്രം ഉയരമുള്ള 17.56 ശതമാനവും പ്രദേശമുള്ള കുട്ടനാടിനെയാണ് വേമ്പനാട് കായലിന്റെ നാശം ഏറ്റവും കൂടുതൽ ബാധിക്കുക. സ്വാഭാവിക പുനരുജ്ജീവനത്തിന് പരിമിത സാധ്യത മാത്രമുള്ളതിനാൽ ശാസ്ത്ര സാങ്കേതിക അധിഷ്ഠിത ഇടപെടലുകലാണ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. 

റാംസർ സൈറ്റിൽ ഉൾപ്പെടുന്ന വേമ്പനാട്ട് കായൽ

റാംസർ കൺവെൻഷൻ പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ളതായി അംഗീകരിച്ച തണ്ണീർത്തടങ്ങളാണ് 'റാംസർ സൈറ്റുകൾ' എന്നറിയപ്പെടുന്നത്. 1971-ൽ ഇറാനിലെ റാംസറിൽ ഒപ്പുവെക്കുകയും 1975-ൽ പ്രാബല്യത്തിൽ വരികയും ചെയ്ത അന്താരാഷ്ട്ര ഉടമ്പടി പ്രകാരം തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും ഉറപ്പാക്കുന്നതാണ്. ജൈവവൈവിധ്യം, ദേശാടന പക്ഷികൾ, പ്രകൃതിദത്തമായ വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ ലക്ഷ്യമിട്ടാണ് റാംസർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തടാകങ്ങൾ, നദികൾ, ചതുപ്പുകൾ, കണ്ടൽക്കാടുകൾ, മനുഷ്യനിർമ്മിത കുളങ്ങൾ, മത്സ്യകൃഷി സ്ഥലങ്ങൾ തുടങ്ങിയവയാണ് റാംസർ സൈറ്റുകളായി പ്രഖ്യാപിക്കുന്നത്.  പശ്ചിമ ബംഗാളിലെ സുന്ദർബൻസ് ഉൾപ്പെടെ ഇന്ത്യയിൽ നിരവധി റാംസർ സൈറ്റുകളുണ്ട്. കേരളത്തിൽ വേമ്പനാടിന് പുറമേ അഷ്ടമുടി, ശാസ്താംകോട്ട തടാകം, തൃശൂർ കോൾ, പൂക്കോട് തടാകം എന്നിവയെല്ലാം റാംസർ സൈറ്റിൽ ഉൾപ്പെടുന്നവയാണ്. 

തെക്ക് ആലപ്പുഴ മുതൽ തണ്ണീർ മുക്കം ബാരേജ് വരെ  അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ നദികളും മധ്യഭാഗത്ത് കൊച്ചി വരെ മൂവാറ്റുപുഴയാറും വടക്കൻ ഭാഗത്ത് കൊച്ചി മുതൽ അഴീക്കോട് വരെ പെരിയാർ, ചാലക്കുടി നദികളും കുട്ടനാട്ടിലെ 55,000 ഹെക്ടർ ചതുപ്പുനിലങ്ങളും തോട്ടപ്പള്ളി സ്പിൽവേയും അന്ധകാരനഴിയുമെല്ലാം ഉൾപ്പെടുന്നുണ്ട് വിശാലമായ വേമ്പനാടിന്. 
പ്രതിവർഷം ശരാശരി 2855.6 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കുന്നത്. ഇതിൽ 68.5 ശതമാനവും പെയ്യുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണിലാണ്. ജലസേചന മേഖലകളിൽ നിന്നുള്ള മണ്ണുകൂട്ടിയ പ്രളയജലം കുട്ടനാട് ഭാഗങ്ങളിൽ ഒലിച്ചെത്തുന്നത് ഇക്കാലത്താണ്. ഇതിലൂടെ അവശിഷ്ടങ്ങൾ അടിഞ്ഞുതാഴുന്നു.  

വേമ്പനാട് കായലിന്റെ നിക്ഷിപ്ത പ്രദേശത്തിന്റെ പ്രവർത്തനക്ഷമത മഴയും പ്രളയജല സംഭരണശേഷിയും കുട്ടനാട് കുട്ടനാട് പോൾഡറുകളുടെ ഫിൽട്രേഷൻ കഴിവും ജലം ഡിസ്ചാർജ് കാര്യക്ഷമതയും  സമകാലിക കടൽനിരപ്പുകൾ തുടങ്ങിയവയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. ജൂൺ ജൂലൈ മാസങ്ങളിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമാകുന്ന കാലത്ത് തോട്ടപ്പള്ളി കൊച്ചി തീരരേഖയിൽ കടൽനിരപ്പ് ഏറ്റവും താഴെയായിരിക്കും.

കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ മഴ ശക്തവും അതിശക്തവുമായതോടെ വേമ്പനാട് വെറ്റ് സിസ്റ്റത്തിന്റെ പരമാവധി പ്രവർത്തനശേഷിയെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് സംജാതമായത്. മൺസൂൺ കാലത്തെ ക്രമപ്രകാരമല്ലാത്ത മഴ ഡെൽറ്റയിലെ താഴ്ന്ന പ്രദേശങ്ങളിലാകെ പെട്ടെന്നുള്ള പ്രളയങ്ങളും വെള്ളക്കെട്ടും സൃഷ്ടിക്കുന്നത് പതിവായി. ദീർഘകാല ഭൗമരൂപശാസ്ത്ര, ജലഗതി, ജലഗുണനിലവാര മാറ്റങ്ങളും ദോഷകരമായ ഗ്രേ ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് വേമ്പനാട് ഇന്നത്തെ ദുരന്താവസ്ഥയിലെത്തിയത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img