12:34pm 17 April 2026
NEWS
27 നക്ഷത്രജാതരുടെയും 2026ലെ സമ്പൂർണ വിഷുഫലം
08/04/2026  01:29 PM IST
പാൽക്കുളങ്ങര എസ് ഗണപതി പോറ്റി
27 നക്ഷത്രജാതരുടെയും 2026ലെ സമ്പൂർണ വിഷുഫലം

കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന
സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന്
അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. മാത്രമല്ല ഈ
വർഷം പകുതിവരെ ആ അവസ്ഥതന്നെ തുടരുന്നതിന് സാധ്യതയുമുണ്ട്.
ധനകാര്യരംഗത്ത് വെട്ടിച്ചുരുക്കലുകൾ അത്യാവശ്യമായി വേണ്ടി വന്നേക്കാം.
വേഗത്തിലുള്ള മാറ്റങ്ങൾ എല്ലാരംഗത്തും ദൃശ്യമാകും. ദീർഘകാലമായി
വിവാഹം മുടങ്ങിക്കിടക്കുന്ന രാശിക്കാർക്ക് ഈ വർഷം മാംഗല്യയോഗം
കാണുന്നു. ആത്മീയ-സാംസ്‌കാരിക രംഗത്ത് വലിയ ഉണർവ്വ് പ്രതീക്ഷിക്കുന്നു.
രാജനൈതികരംഗത്തും ആരോഗ്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് മികച്ച
നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് മികച്ച നേട്ടം ഉണ്ടാകും. ഐ.ടി. രംഗത്തും,
വിദ്യാഭ്യാസരംഗത്തും വലിയ പരിവർത്തനങ്ങൾ വന്നുചേരും, വീട് നിർമ്മാണം
ആരംഭിക്കുന്നതിന് അനുയോജ്യമായ വർഷമാണ്. വർഷം പകുതിയോടെ പുതിയ
മഹാമാരികളും, കാലാവസ്ഥാ വ്യതിയാനങ്ങളും ദോഷകരമായി ഭവിച്ചേക്കാം.
തീർത്ഥയാത്രകളും പുതിയ ക്ഷേത്രനിർമ്മാണങ്ങളും രാജ്യത്തുടനീളം വർദ്ധിക്കും.
വർഷാന്ത്യം പൊതുവേ ശുഭകരമായിരിക്കും.

അശ്വതി

അശ്വതിക്ക് നല്ല ഫലമാണ് വിഷുകൊണ്ടുവരുന്നത്. പൊതുപ്രവർത്തനങ്ങൾ
കാരണം സ്ഥാനമാനങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാനും
ഉയർന്ന സ്ഥാനങ്ങളിൽ എത്താനും സാധിക്കും. കുടുംബജീവിതത്തിൽ
ഉയർച്ചയുണ്ടാകും. ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം ലഭിക്കും. പല കാര്യങ്ങളും
നേടാൻ സഹായിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട കാലമാണ്. പ്രതീക്ഷിക്കാത്ത
പല കാര്യങ്ങളും നേടാൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും.
പൊതുവെ ചില അനുകൂലമായ മാറ്റങ്ങളൊക്കെ ഉണ്ടാകുന്നതിന് സാധ്യത
കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് കഴിയും. വിദ്യാർത്ഥികൾക്ക്
നല്ല പുരോഗതി ഉണ്ടാകും. കച്ചവടക്കാർക്ക് സാമ്പത്തിക പുരോഗതി
ഉണ്ടാകുന്നതാണ്. വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് ഗുണകരമായ
മാറ്റങ്ങൾ ഉണ്ടാകും.

ഭരണി

ഉദ്ദേശശുദ്ധിയോടെ പ്രവർത്തിച്ചാൽ ഗുണം ലഭിക്കും. ധാരാളം നേട്ടങ്ങളുണ്ടാകുന്ന
സമയമാണിത്. അന്താരാഷ്ട്രരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ സാമ്പത്തിക
ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. പ്രവർത്തിക്ക് അനുസരിച്ചുള്ള ഫലം ലഭിക്കും.
ചെയ്യുന്ന കാര്യത്തിന്റെ ഗുണങ്ങൾ ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും.
ധനപരമായ ഉന്നതിയിൽ എത്തും. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും
അനുകൂലമായ സമീപനമുണ്ടാകും. കുടുംബസൗഖ്യമുണ്ടാകും. കുടുംബത്തിൽ
മംഗളകാര്യങ്ങൾ നടക്കും. കുടുംബകാര്യത്തിൽ ശ്രദ്ധ നൽകും. സൗഹൃദങ്ങളിൽ
നിന്നും നേട്ടമുണ്ടാകും. പ്രണയസാഫല്യം, വിവാഹസിദ്ധി ഇവയുണ്ടാകുന്നതാണ്.
സന്താനങ്ങളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച ആശങ്കകൾ
ദൂരീകരിക്കപ്പെട്ടേക്കും. ആരോഗ്യപരമായ ശ്രദ്ധ വേണ്ടതുണ്ട്. മാനസിക
പിരിമുറുക്കം, വാതജന്യ രോഗങ്ങൾ എന്നിവയുണ്ടാവാം. ദുശ്ശീലങ്ങൾ ഉള്ളവർക്ക്
അവ മൂലം ക്ലേശസാധ്യത കാണുന്നു. വർഷാവസാനം ധനസ്ഥിതി മെച്ചപ്പെടും.

കാർത്തിക

കാർത്തിക നക്ഷത്രക്കാർക്ക് കീർത്തി കേൾക്കാൻ ഇടയാകും. ധനപരമായ
നേട്ടമുണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്ന കാര്യത്തിൽ ഇടപെടും.
ബിസിനസ് രംഗത്തുള്ളവർ രക്ഷപ്പെടും. കുടുംബപരമായി സന്തോഷകരമായ
കാലഘട്ടമായിരിക്കും. ധനപരമായി നേട്ടം കൊയ്യും. ഉദ്ദേശിച്ച പല കാര്യങ്ങളും
നടപ്പാക്കാൻ സാധിക്കും. നേതൃത്വപരമായി നേട്ടമുണ്ടാകും. കുടുംബജീവിതത്തിൽ
സമാധാനം പുലരും. മക്കളുടെ ശ്രേയസ്സും പിന്തുണയും സന്തോഷത്തിനും
സംതൃപ്തിക്കും കാരണമാകുന്നതാണ്. വിവിധ മേഖലകളിൽ ഉദ്യോഗങ്ങൾ
ചെയ്യുന്നവർ തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധിച്ച് എടുക്കുക.

രോഹിണി

ന്യായമായ ആഗ്രഹങ്ങൾ മുഴുവനായും സഫലീകരിക്കപ്പെടും. ഉദ്യോഗസ്ഥർക്ക്
സ്ഥാനോന്നതി, വേതന വർദ്ധനവ് ഇവയുണ്ടാവും. ആവശ്യപ്പെട്ട ദിക്കിലേക്ക്
സ്ഥലംമാറ്റം ലഭിക്കുന്നതായിരിക്കും. ജോലി അന്വേഷിച്ചു വിഷമിച്ചവർക്ക്
അർഹതയ്ക്കനുസരിച്ചുള്ള പദവി ലഭിക്കുന്നതാണ്. സാമ്പത്തിക ക്ലേശങ്ങളിൽ
നിന്ന് മുക്തനാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ
കഴിയുന്നതാണ്. ബിസിനസ് വളരുന്നതിന് സാഹചര്യമുണ്ടാകും. നവസംരംഭങ്ങൾ
തുടങ്ങാനുമാകും. വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടും. ഭൗതിക
സംതൃപ്തിക്കൊപ്പം ആത്മീയമായ സൗഖ്യവും പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണ്.
ഉദരരോഗങ്ങൾ വരാതെ ആരോഗ്യം ശ്രദ്ധിക്കുക.

മകയിരം

വിഷുഫലം പ്രത്യക്ഷത്തിൽ ഇവർക്ക് അനുകൂലമല്ല. എന്നാൽ ഇടവക്കൂറുക്കാരായ
മകയിരം നാളുകാർക്ക് ഗുണഫലങ്ങൾ പലതും അനുഭവവേദ്യമാകും. സ്ഥിരമായ
തൊഴിലും വേതനവും വന്നുചേരുന്നതാണ്. നാട്ടിലെ വസ്തു വിറ്റ് ആ പണം
ഉപയോഗിച്ച് പട്ടണത്തിൽ ഫ്‌ളാറ്റ് വാങ്ങാനാവും. വ്യവഹാരങ്ങൾ കോടതിക്ക്
പുറത്തുവച്ച് പരിഹരിക്കാൻ കഴിയുന്നതാണ്. പ്രണയികൾ
വിവാഹജീവിതത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. മിഥുനക്കൂറുകാരായ
മകയിരം നാളുകാർക്ക് ഏതുകാര്യവും വൈകി മാത്രമാവും ഫലവത്താവുക.
വ്യാപാരത്തിൽ ആദായം കുറയാനിടയുണ്ട്. ധനപരമായ അമളികൾ
വരാനിടയുള്ളതിനാൽ കരുതലുണ്ടാവണം. അടുത്ത ബന്ധുക്കളുടെ വേർപാട്
മനഃക്ലേശത്തിന് കാരണമാകുന്നതാണ്. വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ
ഉപയോഗത്തിൽ കരുതലുണ്ടാവണം. തൊഴിലിൽ പരീക്ഷണങ്ങൾക്ക്
മുതിരാതിരിക്കുകയാവും അഭികാമ്യം. സർക്കാർ ധനസഹായം, ചിട്ടി, വായ്പ
തുടങ്ങിയവ പ്രയോജനപ്പെടുത്തും.

തിരുവാതിര

വിജയിക്കുന്നതിന് തീവ്രശ്രമം ആവശ്യമായി വരും. സംരംഭങ്ങൾ
തടസ്സപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. ചെയ്തുപോരുന്ന ജോലി ഉപേക്ഷിക്കുന്നതിന്
പ്രേരണ വരും. എന്നാൽ മറ്റൊരു ജോലി ലഭിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടാവാതെ
നിലവിലെ ജോലി ഉപേക്ഷിക്കരുത്. സ്‌നേഹബന്ധം ശിഥിലമാവാനിടയുണ്ട്.
പണച്ചെലവ് അമിതമാവും. സുഹൃത്തുക്കളുമായി പിണങ്ങിയകലും.
അകാരണമായി വിഷാദിക്കും. ക്ഷോഭിക്കുന്ന ശീലമേറുന്നതാണ്. എല്ലാ
രംഗത്തിലും സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി. കബളിപ്പിക്കപ്പെടാൻ
ഇടയുള്ളതിനാൽ ഏത് കാര്യത്തിലും ജാഗ്രത ആവശ്യമാണ്. രോഗങ്ങൾ
ഇടയ്ക്കിടെ ഉപദ്രവിക്കാം. നികുതികളും മറ്റും അടയ്ക്കുന്നതിൽ വീഴ്ച
വരാനിടയുണ്ട്. വിദേശത്ത് പഠനം, തൊഴിൽ ഇവ സാധ്യമായേക്കും. നിങ്ങളുടെ
ചെലവുകളുടെ നിയന്ത്രണം നിലനിർത്തുന്നത് ഒരു ചെറിയ വെല്ലുവിളി
ഉയർത്തിയേക്കാം. യാത്രകൾ പോകുമ്പോൾ ജലസാമീപ്യം ഒഴിവാക്കുക.

പുണർതം

സമ്മിശ്രഫലമുണ്ടാവുന്ന വർഷമാണ്. കാര്യസാധ്യത്തിന് പതിവിലും
പ്രയത്‌നിക്കേണ്ടി വരാം. ചിലപ്പോൾ സുലഭവസ്തുക്കൾ ദുർലഭമായി തോന്നും.
ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിപ്പ് ആവശ്യമാവും. നിർദ്ദേശങ്ങൾ
ആജ്ഞകളാക്കി മാറ്റിയാലും പ്രതീക്ഷിച്ച പിന്തുണ കിട്ടിയേക്കില്ല. സുപ്രധാന
തീരുമാനങ്ങൾ പുനരാലോചനയിലൂടെ വേണം കൈക്കൊള്ളാനും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനും. 
നൂതനസംരംഭങ്ങൾ കരുതലോടെ വേണം
സമാരംഭിക്കുവാൻ. വായ്പകൾ നേടാൻ കഴിയുന്നതാണ്. തിരിച്ചടവ്
ദുഷ്‌കരമാവും. വിദേശത്ത് പഠിക്കാൻ അവസരം സിദ്ധിക്കുന്നതാണ്.
സുഹൃത്തുക്കൾക്കായി കൂടുതൽ സമയം നീക്കിവയ്ക്കുന്നതിന് പകരം സ്വന്തം
കാര്യത്തിൽ കുറച്ചുകൂടി ഉത്സുകതയുണ്ടാവുന്നത് അഭികാമ്യം. അർഹമായ
അവകാശങ്ങൾ ലഭിക്കും. അനാരോഗ്യം നീങ്ങും. മനഃശക്തിയുണ്ടാവും. ന്യായമായ
ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നതുമാണ്. അഗ്നിഭയം ഉണ്ടാകും.

പൂയം

വിഷുഫലം അനുകൂലമാണ്. വിഘ്‌നം ഒഴിഞ്ഞ് കാര്യപ്രാപ്തി ഭവിക്കും. പുതിയ
കാര്യങ്ങളിൽ ഉന്മേഷത്തോടെ ഏർപ്പെടുവാനാവും. സാമ്പത്തികലാഭം
ഉണ്ടാവുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും.
ആലോചനാപൂർവ്വം ചെയ്യുന്ന നിക്ഷേപങ്ങൾ ആദായകരമാവും. വിഭിന്ന
സ്ഥലത്ത് ജോലി ചെയ്തിരുന്ന ദമ്പതികൾക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം
കിട്ടുന്നതാണ്. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാനാവും.
കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവാൻ സാധ്യത കാണുന്നു. പുതുവാഹനം
വാങ്ങുന്നതാണ്. പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം
സംജാതമായേക്കും. അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ നേടാൻ പ്രേരണയേകും.
ഉന്നതരുടെ വിശ്വാസമാർജ്ജിക്കും. കച്ചവടത്തിൽ ലാഭം ഉയരുന്നതാണ്.
വസ്തുവോ വീടോ വാങ്ങാനായേക്കും. ജീവിതപങ്കാളിക്ക് ആരോഗ്യകരമായ
പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.

ആയില്യം

ആയില്യം നാളുകാർക്ക് നല്ല ഫലങ്ങൾ കാണുന്നു. ഉദ്യമങ്ങൾക്ക്
ഉണർവ്വുണ്ടാവുന്നതായിരിക്കും. വിൽക്കാതെ കിടന്ന പൂർവ്വികമായ വസ്തു
വിൽക്കാനാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഭവിച്ചേക്കും.
കടബാധ്യതകൾ ഭാഗികമായി വീട്ടാനാവും. മക്കളുടെ ഭാവി സംബന്ധിച്ച
ഉത്ക്കണ്ഠകൾക്ക് പരിഹാരം തെളിയുന്നതാണ്. ബന്ധുക്കളുടെ പ്രശ്‌നങ്ങൾ
പരിഹരിക്കാൻ മുൻകയ്യെടുക്കും. ധനപരമായ ശോച്യതയ്ക്ക് ഒട്ടൊക്കെ
അയവുണ്ടാവും. സർവ്വീസിൽ നിന്നും പിരിഞ്ഞിട്ടും ആനുകൂല്യങ്ങൾ
കിട്ടാത്തവർക്ക് അവ വൈകാതെ കൈവരും. കൃഷികാര്യങ്ങളിൽ ശ്രദ്ധ
പുലർത്തും. ചിരകാലമായി ആഗ്രഹിച്ച ക്ഷേത്രങ്ങൾ കാണാനും പ്രാർത്ഥിക്കാനും
സാധിച്ചേക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ അവിവാഹിതർക്ക്
വിവാഹസിദ്ധി ഭവിച്ചേക്കാം. ചിലപ്പോഴൊക്കെ, നിങ്ങളുടെ കോപവും ആളുകളെ നിങ്ങൾക്ക് എതിരാക്കുന്നു. അതിനാൽ, എപ്പോഴും അതിന്മേൽ
നിയന്ത്രണം വയ്ക്കുക.

മകം

ഗോചരാൽ രാഹുവും ശനിയും മറ്റും അഷ്ടമഭാവത്തിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും
വിഷുഫലത്തിന്റെ നിയമങ്ങൾ മകത്തിന് അനുകൂലമാണ്. സ്ഥിരമായ ജോലി
ലഭിക്കും. കരാർപണികൾ സ്ഥിരപ്പെടുന്നതാണ്. ഏജൻസി, കമ്മിഷൻ വ്യാപാരം
ഇവയിലൂടെ ധനാഗമം ഉയരും. സമ്പാദ്യശീലം വർദ്ധിക്കും.
ജീവിതശൈലീരോഗങ്ങളെ മരുന്നിലൂടെ ക്രമീകരിക്കാനാവും. ശാസ്ത്ര,
വൈജ്ഞാനിക രംഗങ്ങളിൽ മികവ് പുലർത്തും. പൂർവ്വകാല സഹപാഠികളെ
കാണുവാനും ബന്ധം ദൃഢമാവാനും അവസരം ഭവിക്കും. ചെറുപ്പക്കാരുടെ
പ്രണയം സഫലമാവുന്നതാണ്. പുതിയ ബിസിനസിന്റെ രൂപരേഖ തയ്യാറാക്കും.
എന്നാൽ വലിയ തോതിൽ പണം മുടക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. വാഹനം
കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണം. ജൂൺമാസത്തിനുശേഷം വലിയ
മുതൽ മുടക്കാവശ്യമുള്ള സംരംഭങ്ങളിൽ ഏർപ്പെടാതിരിക്കുന്നത് ഉത്തമം.
ആരോഗ്യപരമായും കരുതൽ വേണ്ടതുണ്ട്.

പൂരം

ചിങ്ങക്കൂറിൽ വരുന്ന നക്ഷത്രമാണ് പൂരം. ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ
ചാരവശാൽ അനിഷ്ട ഭാവങ്ങളിൽ സഞ്ചരിക്കുന്ന വർഷമാണ്. എന്നാൽ
വിഷുഫലത്തിൽ പൂരം നാളിൽ ജനിച്ചവർക്ക് ധാരാളം നേട്ടങ്ങളും
ഭൗതികസുഖങ്ങളും അനുഭവത്തിലാവും. സാമ്പത്തികമായ ശോച്യതയ്ക്ക് മാറ്റം
വരുന്നതാണ്. അടഞ്ഞുപോയ ആദായമാർഗ്ഗങ്ങൾ തുറന്നുകിട്ടും. തടസ്സങ്ങളെ
മറികടന്നേക്കാം. പകുതിയിൽ നിന്നുപോയ ഗൃഹനിർമ്മാണം പൂർത്തീകരിച്ച്
കയറിത്താമസം സാധ്യമാവുന്നതാണ്. വിദേശത്ത് പോകാൻ അവസരം
സംജാതമാകും. ഉപരിപഠനത്തിന് ആശിച്ച വിഷയത്തിൽ പ്രവേശനം നേടും.
ശയ്യാവലംബികളായവർക്ക് ചികിത്സാമാറ്റം കൊണ്ട് ഗുണമുണ്ടാവും.

ഉത്രം

വിഷുഫലം ഗുണപ്രദമാണ്. തൊഴിൽരംഗത്ത് വളർച്ച പ്രകടമാവും. നവീകരിച്ച
സ്വന്തം സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. വായ്പ നേടാനുള്ള
ശ്രമം വിജയം കാണും. മുൻപ് വാങ്ങിയ കടം ഭാഗമായി വീട്ടാനാവും.
തൊഴിലന്വേഷണം ഫലവത്താകും. സ്വകാര്യ സ്ഥാപനത്തിൽ അർഹതയുള്ള ജോലി
ലഭിക്കുന്നതാണ്. പിരിഞ്ഞുകഴിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഇണങ്ങിച്ചേരാനാവും.
അയൽതർക്കങ്ങൾ പരിഹരിക്കപ്പെടും. സഹോദരർക്കൊപ്പം കഴിഞ്ഞിരുന്ന

മാതാപിതാക്കളെ സ്വന്തം ഭവനത്തിൽ കൊണ്ടുവന്ന് താമസിപ്പിക്കാനാവും.
നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ രേഖകൾ/ ആധാരം എന്നിവ തിരികെ
കിട്ടുന്നതാണ്. പൊതുവേ സമാധാനം അനുഭവപ്പെടും.

അത്തം

നവസംരംഭങ്ങളിൽ വളർച്ച വന്നുചേരും. ബിസിനസ് വിപുലീകരണം
സാധ്യമാകുന്നതാണ്. അന്യദേശത്ത്- വിദേശത്ത് ജോലിക്ക് അവസരം ലഭിക്കാം.
സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കാൻ സന്നദ്ധത കാട്ടും. ആത്മവിശ്വാസം
തുണയുണ്ടാവും. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിക്കാൻ
സാധിക്കും. അവയുടെ പ്രയോജനം കൈവരും. വിപണനതന്ത്രങ്ങൾ ഫലം
കാണുന്നതാണ്. സത്യസന്ധമായ പ്രവർത്തനങ്ങൾ സമാദരിക്കപ്പെടും. വിദേശത്ത്
പഠിപ്പ്/ തൊഴിൽ അവസരം ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിൽ
നിന്നും ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. ഭൂമിയിൽ നിന്നും ആദായം
പ്രതീക്ഷിക്കാം. കലാസാഹിത്യ പ്രവർത്തനങ്ങൾ അഭംഗുരമാവും.
ആരോഗ്യകാര്യങ്ങളിൽ സാമാന്യം തൃപ്തിയുണ്ടാവും.

ചിത്തിര

ചെറിയ നേട്ടങ്ങൾക്ക് പോലും കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി
വരുന്നതാണ്. ആത്മവിശ്വാസം അമിതമാവുന്നതുകൊണ്ടുള്ള തിരിച്ചടികളും
ഉണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനവൈകല്യം ഒരു സാധ്യതയാണ്.
അക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അകാരണമായ
ഭയം പിടിപെടാം. പരമ്പരാഗതമായി വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ആദായം
കുറയാം. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് വിദേശത്ത് പോകാനുള്ള
ശ്രമം ഫലവത്താകും. പ്രമുഖരുടെ പിന്തുണ സഹായകരമാവും.
വ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. തടസ്സപ്പെട്ടിരുന്ന ഗൃഹനിർമ്മാണം
പൂർത്തിയാക്കും. പിതൃ-പുത്രബന്ധം രമ്യമാവും. സകുടുംബം വിനോദയാത്ര
നടത്തുന്നതാണ്.

ചോതി

ഈ വർഷം ചോതി നാളുകാർക്ക് സമുജ്ജ്വലമാണ്. എന്നാൽ വിഷുഫലം
പ്രതികൂലമാണുതാനും. ആകയാൽ ഈയ്യാണ്ട് സമ്മിശ്രമായ ഫലങ്ങൾ
അനുഭവിക്കുന്നതാണ്. തൊഴിൽരഹിതർക്ക് വരുമാനമാർഗ്ഗം
തുറന്നുകിട്ടുന്നതായിരിക്കും. പൂട്ടിയ സ്ഥാപനം അറ്റകുറ്റപ്പണി നടത്തി വീണ്ടും
തുടങ്ങുന്നതിന് സാധിക്കും. തുടർവിദ്യാഭ്യാസം ആശയ്‌ക്കൊത്തവിധം നടക്കും.
ബന്ധുവിരോധം പരിഹൃതമാവും. പിതൃ-പുത്രബന്ധം കൂടുതൽ

ദൃഢമാവുന്നതാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ
ലഭിച്ചേക്കും. ചിട്ടി, ഇൻഷ്വറൻസ്, മുൻ കുടിശ്ശിക, നറുക്കെടുപ്പ് ഇവയിലൂടെ
ധനാഗമം പ്രതീക്ഷിക്കാം. ജന്മനാട്ടിലെ വീട് പുതുക്കാനും ഇടയ്ക്കിടെ പോയി
തങ്ങാനും കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ വന്നെത്തും.
അർഹമായ വേതനം ലഭിക്കുന്നതാണ്.

വിശാഖം

വിഷു സംക്രമഫലം അനുസരിച്ച് വിശാഖം നാളുകാർക്ക് ഗുണക്കുറവുള്ള
കാലമാണ്. മുൻപെടുത്ത തീരുമാനങ്ങളിൽ നിന്നും പിൻമാറിയേക്കും. വസ്തുക്കൾ
സംബന്ധിച്ച വ്യവഹാരം വിചാരിച്ചതുപോലെ പര്യവസാനിക്കണമെന്നില്ല.
ആത്മവിശ്വാസത്തിന് കുറവ് വരാം. ചെറിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധം
ചെലുത്തേണ്ട സ്ഥിതിയുണ്ടായേക്കും. മേലധികാരികളുടെ വിശ്വാസമാർജ്ജിക്കാൻ
കഴിഞ്ഞേക്കില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം.
കൂട്ടുബിസിനസുകൾ കരുതിയ പോലെ ആദായകരമാവില്ല. അന്യദേശത്തുനിന്നും
ജന്മദേശത്തേക്ക് വരാനും പുതുസംരംഭങ്ങൾ തുടങ്ങാനും കുറച്ചുകൂടി കാത്തിരിപ്പ്
ആവശ്യമാണ്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാവും. കലഹങ്ങളിൽ മൗനം
പാലിക്കുക. ചെറുകിട സംരംഭകർക്ക് വ്യാപാരം വിപുലീകരിക്കാനായേക്കും.
കഫജന്യ രോഗങ്ങൾക്കും ഉദരരോഗത്തിനും വൈദ്യസഹായം വേണ്ടി വരാം.

അനിഴം

പല കാര്യങ്ങളിലും നല്ല മാറ്റം വന്നുചേരും. മുൻപ് കഠിനമായി പരിശ്രമിച്ചിട്ടും
നേടാത്ത കാര്യങ്ങൾ അനായാസമായി നേടും. അവിവാഹിതർക്ക്
വിവാഹസാധ്യതയുള്ള കാലമാണ്. കൂട്ടുകച്ചവടം ലാഭത്തിലേക്ക് നീങ്ങും. വളരെ
നല്ല ഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്, വിഷുഫലമനുസരിച്ച്.
അധികാരേച്ഛുക്കൾക്ക് ആഗ്രഹിക്കുന്ന പദവികൾ കൈവരും. സംഘടനകളിൽ
നേതൃപദവി ലഭിക്കാം. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാവും.
കലാപ്രവർത്തനങ്ങൾ അഭംഗുരമായി നടക്കാൻ സാഹചര്യം ഒത്തിണങ്ങുന്നതാണ്.
സന്താനപ്രാപ്തിയില്ലാതെ വിഷമിക്കുന്നവർക്ക് ശുഭഫലങ്ങളുണ്ടാവും.
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. മക്കളുടെ
കാര്യത്തിലുള്ള ചില ഉത്കണ്ഠകൾക്ക് വിരാമമാവും. നീണ്ടകാലമായി
രോഗശയ്യയിലായവർക്ക് ചികിത്സാമാറ്റം ഗുണകരമാവും. വീടോ വസ്തുവോ
വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ ജോലി
തേടുന്നവർക്ക് അർഹതയുള്ള അവസരം തുറന്നുകിട്ടുന്നതാണ്.

തൃക്കേട്ട

ഉദ്യമങ്ങൾ വിജയിക്കുന്നതാണ്. ആലസ്യവും കർമ്മപരാങ്മുഖത്വവും നീങ്ങും.
ഭൂതകാലത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിന് സന്നദ്ധതയുണ്ടാവും.
സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ബിസിനസിൽ വിപണനതന്ത്രങ്ങൾ
പ്രയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കും. ഭാവനാവിലാസം ഉയരുന്നതാണ്.
പൊതുപ്രവർ്ത്തനത്തിൽ വിജയം വരിക്കും. ഉദ്യോഗസ്ഥരുടെ ഏകോപന
സിദ്ധിയും സംഘാടന വൈഭവവും അഭിനന്ദിക്കപ്പെടും. കരാറുകൾ
സ്ഥിരപ്പെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള അനുമതി കൈവരും.
ധനശോച്യതയാൽ നിർത്തിവെച്ച ഗൃഹനിർമ്മാണം പൂർത്തിയാക്കുവാനും
കയറിത്താമസിക്കാനും സാധിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ലാദിക്കാനാവും.
സാമ്പത്തികപ്രശ്‌നങ്ങൾ നിങ്ങളെ അലട്ടിയേക്കും. ശരിയായ നടപടി
സ്വീകരിച്ചുകൊണ്ട് സാഹചര്യങ്ങളെ നിയന്ത്രിതമാക്കുവാൻ നിങ്ങൾ
പഠിക്കേണ്ടതാണ്.

മൂലം

കണ്ടകശ്ശനിക്കാലമുണ്ടെങ്കിലും വിഷുഫലത്തിന്റെ അനുകൂലതയാൽ കാര്യങ്ങൾ
വരുതിയിലാവും. സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാനും മുഖം നോക്കാതെ
പ്രവർത്തിക്കാനും സാധിക്കുന്നതാണ്. ലക്ഷ്യം നിശ്ചയിച്ച് അതിലേക്കെത്താൻ
കഴിഞ്ഞേക്കും. മനസ്സിന്റെ ഉന്മേഷവും പുതിയ കാര്യങ്ങൾ അറിയാനുള്ള
ഉത്സുകതയും കഠിനാദ്ധ്വാനവും വിജയത്തിലേക്ക് നയിക്കുന്നതാണ്.
സംഘടനയിലും പ്രസ്ഥാനത്തിലും തിളങ്ങുന്നതാണ്. ദാമ്പത്യത്തിലും സൽഫലങ്ങൾ
പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ
പ്രവേശിക്കുന്നതിന് സന്ദർഭമുണ്ടാവും. വിദേശധനം കരഗതമാവും. ഉന്നതബിരുദം
കരസ്ഥമാക്കാൻ കാലം ഹിതകരമാണ്. വ്യവസായ പുരോഗതി, ഉദ്യോഗത്തിൽ
അഭ്യുദയം ഇവ യാഥാർത്ഥ്യമാവും.

പൂരാടം

പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന വർഷമാവും. എന്നാൽ നേട്ടങ്ങൾ
യാദൃച്ഛികമാവില്ല. ആസൂത്രണ മികവും നിരന്തരപ്രയത്‌നവും
വിജയഘടകങ്ങളാവും. ഭൂമിയിൽ നിക്ഷേപം നടത്താനും ലാഭം ഉണ്ടാക്കാനും
സാഹചര്യം അനുകൂലമാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലൂടെ
സഫലമാവുന്നതാണ്. ചെറുസംരംഭങ്ങളിൽ ഏർപ്പെട്ടവർക്കും ഇക്കാലം
ഗുണകരമാണ്. മികച്ച നേട്ടങ്ങൾ കൈവരിച്ചതിനാൽ തൊഴിലിടത്തിൽ
ആദരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് അന്യദിക്കിൽ ഉപരിപഠനം സാധകമാവും.
സന്താനജന്മത്താൽ ധന്യത അനുഭവിക്കും. കടബാധ്യതകൾ ഖണ്ഡശ്ശയായി

കൊടുത്തുതീർക്കാൻ കഴിഞ്ഞേക്കും. ശയ്യാവലംബികൾക്ക് ചികിത്സാമാറ്റം മൂലം
ആശ്വാസം വരുന്നതാണ്.

ഉത്രാടം

ധനുക്കൂറിലെ ഉത്രാടം നാളുകാർക്ക് കണ്ടകശനിയുണ്ട്. മകരക്കൂറിലെ ഉത്രാടം
നാളുകാർക്ക് ഏഴരശ്ശനിക്കാലം അവസാനിച്ചുകഴിഞ്ഞു. വിഷുഫലം ഉത്രാടം
നാളുകാർക്ക് വളരെ നന്മകൾ സൃഷ്ടിക്കുന്നതാണ്. ഉദ്യോഗസിദ്ധി കൈവരും.
സാമൂഹികമായ അവഗണനകൾക്ക് അവസാനം ഉണ്ടായേക്കും. പുതുകാര്യങ്ങൾ
തുടങ്ങുന്നതിന് സർക്കാർ അനുമതി ലഭ്യമാവുന്നതാണ്. സാമ്പത്തികക്ലേശങ്ങൾ
ഒട്ടൊക്കെ പരിഹരിക്കപ്പെടും. സുഹൃത്ബന്ധങ്ങൾ ദൃഢമാവുന്നതാണ്. വീടുപണി
പൂർത്തിയാക്കി താമസം ആരംഭിക്കാനാവും. ഭൗതിക തൃഷ്ണകൾ
പുലർത്തുമ്പോഴും പരപുച്ഛവും അഭ്യസൂയയും പുലർത്തില്ല. ആത്മീയമായ
സാധനകൾക്കും നേരം കണ്ടെത്തുന്നതാണ്. മക്കളുടെ ശ്രേയസ്സിൽ
അഭിമാനമുണ്ടാവും.

തിരുവോണം

ഗോചരാലും വിഷുഫലം അനുസരിച്ചും അനുകൂലമായ വർഷമാണ്.
ന്യായമായതും സമയോചിതവുമായ പ്രവർത്തനങ്ങൾ നടത്തി നേട്ടങ്ങൾ
കൈവരിക്കാനാവും. തൊഴിൽരംഗത്ത് അപരാജിതത്വം തുടരുന്നതാണ്.
ലാഭകരമായ പ്രവൃത്തികളിൽ മുഴുകും. ഏകോപനം കുറ്റമറ്റതാകും.
നേതൃപദവിയിലേയ്ക്ക് ഉയർത്തപ്പെടും. സ്വാശ്രയ വ്യാപാരത്തിൽ വിജയം
വന്നെത്തുന്നതാണ്. വിദേശത്ത് കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനും
സ്വന്തമായ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനുമാവും. കുടുംബവൃത്തങ്ങളിൽ
സ്വീകാര്യതയേറുന്നതാണ്. പുതുതലമുറയ്ക്ക് മാതൃകയാവത്തക്ക വിധമുള്ള
കർമ്മങ്ങൾ ആവിഷ്‌ക്കരിച്ച് അവയിൽ വ്യാപൃതരാവും. ഭൂമി, സ്വർണ്ണം
ഇവയിൽ നിന്നും ആദായമേറും. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാനാവും.
ഗാർഹികസുഖം ആസ്വദിക്കുന്നതാണ്.

അവിട്ടം

മകരക്കൂറുകാർക്ക് ഏറെ അനുകൂലമായ കാലഘട്ടമാണ്. കുംഭക്കൂറുകാർക്ക്
രാഹു-ശനി എന്നിവ ദുരിതപ്രദന്മാരാവും. വിഷുഫലത്തിൽ അവിട്ടത്തിന്
ദോഷാനുഭവങ്ങളാണ് അധികവും പ്രവചിക്കപ്പെടുന്നത്. കൃത്യനിർവ്വഹണത്തിൽ
വീഴ്ചകൾ വരാം. പൂർണ്ണമായ സമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഉദ്യോമങ്ങളിൽ
വിജയം നേടാൻ കഴിയൂ! സഹായവാഗ്ദാനങ്ങൾ ലംഘിക്കപ്പെടും.
സമയോചിതമായ ഇടപെടലുകൾക്ക് കഴിയാതെ വന്നേക്കും. ഊഹക്കച്ചവടത്തിൽ

നഷ്ടം വരാനിടയുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ചതി പറ്റാതിരിക്കാൻ തികഞ്ഞ
ജാഗ്രത ആവശ്യമാണ്. പുറമെ നിന്നുള്ള ശത്രുവല്ല, പലപ്പോഴും താൻ തന്നെ തനിക്ക്
ശത്രുവാകുന്ന സ്ഥിതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആലസ്യം ഭവിക്കാം.
കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. കിടമത്സരങ്ങളിൽ നിന്നും പിന്തിരിയുക
ഉചിതമായിരിക്കും.

ചതയം

ആത്മവിശ്വാസം പിന്നിലോട്ട് പോവും. ഉൾഭയവും ആശങ്കകളും വിഷാദശീലവും
മുന്നിലെത്തും. തീരുമാനങ്ങൾ കൈക്കൊള്ളാൻ പലപ്പോഴും കൂടുതൽ സമയം
എടുത്തേക്കും. ഇഷ്ടമില്ലാഞ്ഞിട്ടും പരാശ്രയത്വം അനിവാര്യമാവും. സാധാരണ
രോഗങ്ങൾ വന്നാൽപ്പോലും പെട്ടെന്ന് മാറുകയില്ല. സുഖഭോഗങ്ങൾക്ക്
ഭംഗമുണ്ടാവും. ഒപ്പമുള്ളവർ തന്നെ വിമർശിച്ചെന്നുവരാം. കുടുംബബജറ്റ്
കൈപ്പിടിയിൽ ഒതുങ്ങിയേക്കില്ല. ബിസിനസ് യാത്രകൾ നിരന്തരമാവും.
കായികാധ്വാനമുള്ള ജോലികളിൽ നിന്നും നേട്ടങ്ങൾ വരാം. കമ്മിഷൻ വ്യാപാരം
പുഷ്ടിപ്പെടുന്നതാണ്. ദിവസവേതനക്കാർക്ക് എന്നും ജോലി ലഭിക്കും.
കരാറുകളിലൂടെ സാമ്പത്തികം പ്രതീക്ഷിക്കാം. പാരമ്പര്യചികിത്സകൾ
ഫലവത്താകുന്നതാണ്. വിദേശത്ത് കഴിയുന്നവരുടെ വിസാപ്രശ്‌നങ്ങൾ
വർഷമധ്യത്തിൽ പരിഹൃതമാവും.

പൂരുരുട്ടാതി

പലതരം സമ്മർദ്ദങ്ങളിലാണ് പൂരുരുട്ടാതി നാളുകാർ ഇപ്പോൾ. വിഷുഫലവും
കൂടി വിപരീതമാവുന്നു. ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടുന്ന
കാലഘട്ടമാണ്. തിടുക്കവും അനവധാനതയും കുഴപ്പത്തിലാക്കും.
പ്രവർത്തനങ്ങളിൽ ആലസ്യം നിറയും. പലപ്പോഴും പതിനൊന്നാം
മണിക്കൂറിലാവും കർമ്മനിരതരാവുക. വലിയ അധ്വാനത്തിന് ചിലപ്പോൾ
പ്രതിഫലം വളരെക്കുറവായി ലഭിച്ചെന്നുവരാം. വിഹിതമായ സ്ഥാനക്കയറ്റം
നീളുന്ന സ്ഥിതിയുണ്ടായേക്കാം. സാമ്പത്തികമായി വളരെ കൂടുതൽ വേണം.
സൈബർ ചതിക്കുഴികളിൽ വഞ്ചിതരാവുന്നത്. കുടുംബജീവിതത്തിൽ
അനുരഞ്ജനം ആവശ്യമാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് മുതിരരുത്.
വയോജനങ്ങളുടെ പരിരക്ഷയ്ക്ക് സമയം കണ്ടെത്തണം. ക്ഷേത്രാടനങ്ങൾ
മനഃശാന്തിയേകാം.

ഉതൃട്ടാതി

ജന്മശനിക്കാലമാണ് നടക്കുന്നത് എന്നിരുന്നാലും വിഷുഫലം ഗുണപ്രദമാണ്.
പരിശ്രമങ്ങൾ ഒട്ടൊക്കെ ഫലവത്താകും. കർമ്മമേഖലയിൽ സ്വാതന്ത്ര്യം ഉണ്ടാവും.

സ്വന്തം വാക്കുകളും നിലപാടുകളും ഒപ്പമുള്ളവർ സ്വീകരിക്കുന്നതാണ്. എന്നാൽ
ആലോചനാപൂർവ്വം വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ധനപരമായ
ഇടപാടുകൾ നിയമവിധേയമാവാൻ ശ്രദ്ധയുണ്ടാവണം. നിലവിലുള്ള
വ്യവഹാരങ്ങൾ തീർത്തും ഒഴിവാവില്ല. കിട്ടേണ്ട തുക മുഴുവൻ കിട്ടണമെന്നില്ല.
ഗൃഹനിർമ്മാണത്തിന്റെ പുരോഗതി മന്ദഗതിയിലാവും. വയോജനങ്ങൾക്ക്
താൽക്കാലികമായി ജന്മനാട്ടിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം
ഭവിക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം, പതിവായുള്ള ആരോഗ്യപരിശോധന
എന്നിവ അനിവാര്യമാണെന്നത് മറക്കരുത്.

രേവതി

രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ വിഷുഫലം നേട്ടങ്ങളുടെ കാലഘട്ടമാണ്.
കർമ്മരംഗത്തും തൊഴിൽരംഗത്തും വളർച്ച പ്രകടമാവും. അകലങ്ങളിൽ നിന്നും
ഉദ്യോഗസ്ഥർക്ക് ഗൃഹസമീപത്തിലേക്ക് മാറ്റം കിട്ടുന്നതാണ്. പ്രൈവറ്റ്
സ്ഥാപനങ്ങളിൽ അർഹതയ്‌ക്കൊത്ത നിയമനം ലഭിക്കും. കുടുംബത്തിൽ
വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ
ഏർപ്പെട്ട നിയമപ്രശ്‌നങ്ങൾ പരിഹൃതമാവും. ക്ഷേത്രപുനരുദ്ധാരണ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഗവേഷണം പൂർത്തിയാക്കാനാവും.
ധനവ്യയം കൂടാനിടയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉപദ്രവിക്കാം. എന്നിരുന്നാലും
ജീവിതത്തിന്റെ പ്രവാഹഗതി തുടരപ്പെടുന്നതാണ്.

ജ്യോതിഷാചാര്യൻ
പാൽക്കുളങ്ങര
എസ് ഗണപതി പോറ്റി,

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.