12:25pm 29 April 2026
NEWS
മീനമാസത്തിലെ സമ്പൂർണ നക്ഷത്രഫലം
16/03/2026  04:37 PM IST
nila
 മീനമാസത്തിലെ സമ്പൂർണ നക്ഷത്രഫലം

സൂര്യൻ മീനം രാശിയിൽ പ്രവേശിച്ചതോടെ മീനമാസത്തിന് തുടക്കമായി. മാർച്ച് 14-ന് അർദ്ധരാത്രിക്ക് ശേഷം 1 മണിയോടെയാണ് സൂര്യന്റെ സംക്രമണം നടന്നത്. അതിനാൽ മാർച്ച് 15-നെയാണ് മീനമാസത്തിന്റെ ആദ്യദിനമായി കണക്കാക്കുന്നത്. ഏപ്രിൽ 13 വരെയാണ് മീനമാസം നീളുക. ഈ മാസത്തിൽ പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി ഞാറ്റുവേലകൾ ഉൾപ്പെടുന്നു.

മീനത്തിലെ കറുത്തവാവ് മാർച്ച് 18-നാണ്. തുടർന്ന് മാർച്ച് 19 മുതൽ അറുപത് ചാന്ദ്രവർഷങ്ങളിലെ 40-ാമത്തെ വർഷമായ പരാഭവ സംവത്സരം ആരംഭിക്കും. അതോടൊപ്പം ചൈത്രമാസവും തുടങ്ങുന്നു. ചൈത്രവും വൈശാഖവും ചേർന്നതാണ് ഭാരതീയ കലണ്ടറിൽ വസന്ത ഋതു. മീനത്തിലെ വെളുത്തവാവ് ഏപ്രിൽ 1-നാണ്.

ഗ്രഹനിലകളിലും ഈ മാസത്തിൽ ചില പ്രധാന മാറ്റങ്ങൾ ഉണ്ടാകും. ശുക്രൻ മീനം 11 വരെ മീനം രാശിയിൽ ഉച്ചസ്ഥിതിയിൽ സഞ്ചരിച്ച് പിന്നീട് മേടത്തിലേക്ക് കടക്കും. ബുധൻ മീനം 26 വരെ കുംഭത്തിൽ തുടരുകയും തുടർന്ന് മീനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ചൊവ്വ കുംഭത്തിൽ തുടരുന്നെങ്കിലും മീനം 19-ന് മീനത്തിലേക്ക് പ്രവേശിക്കുന്നതോടെ ഏറെകാലമായി തുടരുന്ന ചൊവ്വയുടെ മൗഢ്യം അവസാനിക്കും.

വ്യാഴം മിഥുനം രാശിയിലെ പുണർതം നക്ഷത്രത്തിലാണ്. വ്യാഴത്തിന്റെ വക്രഗതി മീനം രണ്ടിന് അവസാനിച്ച് നേർഗതി ആരംഭിക്കും. ശനി മീനം രാശിയിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ്. മാർച്ച് 9 മുതൽ ഏപ്രിൽ 10 വരെ ശനിക്ക് മൗഢ്യം അനുഭവപ്പെടും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു.

ഈ ഗ്രഹനിലയെ അടിസ്ഥാനമാക്കി വിവിധ നാളുകളിൽ ജനിച്ചവർക്കുള്ള മീനമാസഫലം ഇങ്ങനെ:

അശ്വതി: ലാഭവും നഷ്ടവും ഒരുപോലെ അനുഭവപ്പെടുന്ന സമയമാണ്. കലഹങ്ങളിലും നിയമകാര്യങ്ങളിലും വിജയം നേടാം. ജോലിയിടത്തെ എതിരാളികൾ ശക്തി കുറയ്ക്കും. എന്നാൽ ചെലവും അലച്ചിലും വർധിക്കാനിടയുണ്ട്.

ഭരണി: വരുമാനവും ചെലവും ഒരുപോലെ ഉയരും. തടസ്സങ്ങൾ ഉണ്ടായാലും പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയും. മേലധികാരികളുടെ അംഗീകാരം ലഭിക്കും. യാത്രകൾ ആവശ്യമായി വരാം.

കാർത്തിക: മാനസിക ആശയക്കുഴപ്പം ഉണ്ടാകാം. എന്നാൽ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. അധികാരപരമായ വിഷയങ്ങളിൽ വിജയസാധ്യതയുണ്ട്.

രോഹിണി: വിദ്യാർത്ഥികൾക്ക് നേട്ടമുള്ള കാലമാണ്. എന്നാൽ ജോലിയിടത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

മകയിരം: സമ്മിശ്രഫലങ്ങൾ അനുഭവപ്പെടുന്ന മാസമാണ്. പുതിയ ജോലി ലഭിക്കാം. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ളതാകണമെന്നില്ല.

തിരുവാതിര: മാസത്തിന്റെ തുടക്കത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല. രണ്ടാംപകുതിയിൽ സാമ്പത്തിക ആശ്വാസം ലഭിക്കും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ വർധിക്കും.

പുണർതം: മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാം. തൊഴിൽരംഗത്ത് വളർച്ച മന്ദഗതിയിലാകും. എന്നാൽ മേലധികാരികളുടെ പിന്തുണ ലഭിക്കാം.

പൂയം: വെല്ലുവിളികൾ നിറഞ്ഞ കാലം. ജോലിയിടത്ത് സമ്മർദ്ദം കൂടാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

ആയില്യം: കാര്യങ്ങൾ വിജയിപ്പിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാകും. അധികാരികളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാം.

മകം: പങ്കാളിത്ത സംരംഭങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. എന്നാൽ സാമ്പത്തികമായി ചില ആശ്വാസങ്ങൾ ലഭിക്കും.

പൂരം: ബുദ്ധിപൂർവ്വം തീരുമാനങ്ങൾ എടുക്കേണ്ട സമയം. പ്രണയബന്ധങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം.

ഉത്രം: ഗുണദോഷങ്ങൾ മാറിമാറി അനുഭവപ്പെടുന്ന കാലം. ജോലിഭാരം കൂടാൻ സാധ്യതയുണ്ട്.

അത്തം: പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂല സാഹചര്യം. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.

ചിത്തിര: ചൊവ്വയുടെ മൗഢ്യം അവസാനിക്കുന്നതോടെ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ പദ്ധതികൾക്ക് അനുമതി ലഭിക്കാം.

ചോതി: തൊഴിലിടത്ത് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാഹചര്യമുണ്ടാകും.

വിശാഖം: നേട്ടങ്ങളും ആശയക്കുഴപ്പങ്ങളും ഒരുമിച്ചുണ്ടാകുന്ന കാലം. പുതിയ ജോലി ലഭിക്കാൻ അല്പം കൂടി കാത്തിരിക്കണം.

അനിഴം: മനസ്സമാധാനം കുറയാൻ സാധ്യതയുണ്ട്. ധനകാര്യത്തിൽ സൂക്ഷ്മത വേണം.

തൃക്കേട്ട: ഉത്തരവാദിത്വങ്ങൾ വർധിക്കും. കടബാധ്യതകൾ കുറയ്ക്കാൻ ശ്രമം ഫലപ്രദമാകും.

മൂലം: പരിശ്രമങ്ങൾ വിജയത്തിലേക്ക് നയിക്കും. കുടുംബബന്ധങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം.

പൂരാടം: ആത്മവിശ്വാസം വർധിക്കും. എതിരാളികളെ മറികടക്കാൻ കഴിയും.

ഉത്രാടം: പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ കരുതൽ വേണം. സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്.

തിരുവോണം: ജോലിയിടത്ത് സ്ഥിരത ഉണ്ടാകും. മേലധികാരികളുടെ പിന്തുണ ലഭിക്കും.

അവിട്ടം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല. നിലവിലുള്ള കാര്യങ്ങൾ തുടരുന്നതാണ് നല്ലത്.

ചതയം: സമ്മർദ്ദം വർധിക്കാം. സംസാരത്തിൽ നിയന്ത്രണം വേണം.

പൂരൂരുട്ടാതി: പ്രവർത്തനരംഗത്ത് വെല്ലുവിളികൾ ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ശ്രമം തുടരും.

ഉത്രട്ടാതി: കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. മാസത്തിന്റെ രണ്ടാംപകുതിയിൽ ധനപ്രവാഹം മെച്ചപ്പെടും.

രേവതി: മാസത്തിന്റെ തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായാലും പിന്നീട് തൊഴിൽരംഗത്ത് സമാധാനം കൈവരും. സാമ്പത്തിക പുരോഗതിക്ക് സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img