
ഓരോ വർഷവും ഓരോ സുവർണ്ണ സ്വപ്നങ്ങളുടെ തുടക്കമാണ്. ഈ പുതുവർഷ സംക്രമം വളരെയധികം ഈശ്വരാനുഗ്രഹപ്രദമാണ്. രാജയോഗമുള്ള സംക്രമകാലം എല്ലാവർക്കും ശുഭാനുഭവങ്ങൾ ഉണ്ടാക്കും എന്ന പ്രതീക്ഷ നൽകുന്നു. വിവിധങ്ങളായ നക്ഷത്രങ്ങളിൽ, പന്ത്രണ്ട് രാശികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹേശ്വരന്മാരാൽ എല്ലാവരും അനുഗൃഹീതരാവട്ടെ എന്ന പ്രാർത്ഥനയോടെ ഇനി വർഷഫലത്തെക്കുറിച്ച് ചിന്തിക്കാം. ഇതിൽ പറയുന്ന ശുഭഫലങ്ങൾക്ക് പൂർണ്ണതയും അശുഭഫലങ്ങൾക്ക് പരിഹാരങ്ങളും ഉണ്ടായി ഒരു നല്ല ധന-ആരോഗ്യസമാധാനവിജയ സമൃദ്ധമായ വർഷം എല്ലാവർക്കുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
വർഷത്തിന്റെ ആദ്യപകുതിയിൽ പലതരത്തിൽ സഹായങ്ങൾ കടന്നുവരും. വളരെക്കാലമായി ജോലിതടസ്സം, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നവർക്ക് അതിന് പരിഹാരമാകും. വിദ്യാർത്ഥികൾക്ക് വിജയങ്ങളുണ്ടാകും. മംഗല്യഭാഗ്യം, വിദേശവാസയോഗം, ബിസിനസ്സിൽ ഗുണകരമായ മാറ്റം എന്നിവ രണ്ടാം പാദത്തിനുശേഷം പ്രതീക്ഷിക്കാം. മാനസികാരോഗ്യത്തിൽ കൃത്യമായ ശ്രദ്ധ വേണം. അതുപോലെ വാതജന്യരോഗങ്ങൾ വിഷമിപ്പിക്കുവാൻ സാധ്യതയുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് ശരിയായ തീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികൾ ആപത്തുകൾ ഒഴിവാക്കും. വരവ് ചെലവുകൾ ശ്രദ്ധയോടെ വീക്ഷിക്കണം. നിയന്ത്രണവിധേയമല്ലാത്ത ചിന്തകൾ അലട്ടുവാൻ സാധ്യതയേറെയാണ്. കുടുംബപ്രശ്‌നങ്ങളെ നയപരമായി പരിഹരിക്കണം. കൂടെ നിൽക്കുന്നവരിൽ നിന്നും അപവാദങ്ങൾ കേൾക്കാതെ നോക്കണം.
ദോഷപരിഹാരം ശനിയാഴ്ചകളിൽ വ്രതമനുഷ്ഠിക്കുക. ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക, ശാസ്താവിന്റെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ട് ചാർത്തൽ, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളിൽ ശിവക്ഷേത്രത്തിൽ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുന്നതും നല്ലതാണ്.
ഇടവക്കൂറ്:
(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങൾ കർമ്മപരമായും ധനപരമായും നേട്ടം. തൊഴിൽ ലഭിക്കുവാനും ഉണ്ടായിരുന്ന തൊഴിലിൽ സ്ഥാനക്കയറ്റമോ സ്ഥിരതയോ കൈവരിക്കുവാനും സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ ആദ്യ മൂന്ന് മാസങ്ങൾ ഗുണകരമായ അനുഭവങ്ങൾ നൽകും. പഠനം, പരീക്ഷ, ഇന്റർവ്യൂ എന്നിവയും വിജയമാകും. രാഷ്ട്രീയ സാമൂഹ്യപ്രവർത്തകരും കോൺട്രാക്ട് ഇടപാടുകാരും പ്രവാസികളും വിശ്വാസ വഞ്ചനകൾ നേരിടേണ്ടി വരും. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് മനോദുഃഖവും അപമാനവും വാങ്ങരുത്. ധന ഇടപാടിൽ ജാഗ്രത വേണം. അലസത ഒഴിവാക്കണം. ബന്ധുക്കളെ ശത്രുക്കളാക്കാതെ സൂക്ഷിക്കുക. ഭാഗ്യാനുഭവം, വിദേശയോഗം, മത്സരങ്ങളിൽ വിജയസാധ്യത, ഗൃഹത്തിൽ സന്തോഷാനുഭവം ഇവ അനുഭവത്തിൽ വരും. ഈശ്വരപ്രാർത്ഥനയാലും ക്ഷമയോടെയും പ്രവൃത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാകും. അവിഹിത ബന്ധങ്ങൾ ഉണ്ടാകുവാനും കുടുംബജീവിതം തകരുവാനും സാധ്യതയേറെയാണ്. ആരോഗ്യദാമ്പത്യ പ്രശ്‌നങ്ങൾ, തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കണം.
ദോഷപരിഹാരം നവഗ്രഹപ്രീതി, വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് വിളക്ക്, മാല, നിവേദ്യം, വൃദ്ധരായവർക്ക് ദാനം എന്നിവയും നിത്യേന നാമജപവും നാരായണീയം, ദേവീമാഹാത്മ്യം എന്നിവ പാരായണം ചെയ്യുകയും വേണം.
മിഥുനക്കൂറ്:
(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
വർഷത്തിന്റെ മുഴുവൻ ദിവസങ്ങളും ശ്രദ്ധയോടെയും ബുദ്ധിപരമായും ഉപയോഗപ്പെടുത്തിയാൽ വിജയം ഉറപ്പാണ്. വിദേശയാത്ര, ഉപരിപഠനം, ജോലിമാറ്റങ്ങൾ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. ഇനിയങ്ങോട്ട് വിജയപാതയിൽ മുന്നേറാം. സന്താനങ്ങളെ കൂടുതൽ ശ്രദ്ധയോടെയും ചിട്ടയോടെയും വളർത്തണം. മക്കളുടെ വിഷയങ്ങളിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. ദാമ്പത്യപ്രശ്‌നങ്ങൾക്ക് വിദഗ്ദ്ധ സഹായങ്ങൾ തേടേണ്ടിവരും. എടുത്തുചാടാതെ പ്രവർത്തിച്ചാൽ ബന്ധുക്കളെക്കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും. വാദപ്രതിവാദം, മദ്ധ്യസ്ഥത, ജാമ്യം തുടങ്ങിയവ പരമാവധി ഒഴിവാക്കുക. ശാരീരികമായ അലട്ടലുകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുമെങ്കിലും വലിയ രോഗങ്ങളിലേക്ക് എത്തുകയില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം, വിവാഹത്തിന് തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വരപ്രാർത്ഥന ചെയ്യുക. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. അപകടങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷപ്രാപിക്കാനിടയാകും.
ദോഷപരിഹാരം ശനിയാഴ്ചകളിൽ വ്രതമനുഷ്ഠിക്കുക. ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക, ശാസ്താവിന്റെ ക്ഷേത്രങ്ങളിൽ ദർശനംനടത്തി നെയ് വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടുചാർത്തൽ, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളിൽ ശിവക്ഷേത്രത്തിൽ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുക.
കർക്കിടകക്കൂറ്:
(പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഈ വർഷം ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒന്നായിരിക്കും. ആദ്യമാസങ്ങളിൽ തുടങ്ങി ക്രമത്തിൽ വർദ്ധിച്ചുവരുന്ന കർമ്മഗുണം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. അപ്രതീക്ഷിത ധനഭാഗ്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുവാൻ വേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായിരിക്കണം. വർഷങ്ങളായുള്ള സ്വപ്നങ്ങൾ പലതും സാക്ഷാത്ക്കരിക്കും. എന്നിരുന്നാലും ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യകാര്യങ്ങളിലും മികച്ച ശ്രദ്ധ വേണം. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങൾ അനുഭവിക്കും. വിശ്വസ്തരിൽ നിന്ന് ചതി പറ്റാതെ സൂക്ഷിക്കണം. വർഷപ്പകുതി കഴിഞ്ഞാൽ ഗുണാനുഭവങ്ങൾ കുടുതൽ വന്നുതുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നുചേരും. കാര്യവിജയമുണ്ടാകും. അകന്നിരുന്ന ബന്ധുക്കൾ സഹായികളായി വരും. വിവാഹം, പ്രണയം, ദാമ്പത്യസുഖം ഇവയെല്ലാം അനുഭവിക്കാൻ യോഗമുണ്ട്. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. തടസ്സപ്പെട്ട വിദേശയാത്ര സഫലീകൃതമാവും. വരുമാനമാർഗ്ഗങ്ങൾ വർദ്ധിക്കും. നേത്രസംബന്ധമായ അസുഖം, വാതസംബന്ധമായ അസുഖം എന്നിവയെ അവഗണിക്കരുത്.
ദോഷപരിഹാരം നവഗ്രഹക്ഷേത്രത്തിൽ ചന്ദ്രന് പ്രത്യേക പൂജ കഴിക്കുക. ശിവഭഗവാന് ധാര, മഹാഗണപതിക്ക് മോദകനിവേദ്യം, ഭഗവതിക്ക് പട്ടുചാർത്തൽ തുടങ്ങിയവ നടത്തുക.
ചിങ്ങക്കൂറ്:
(മകം, പൂരം, ഉത്രം 1-ാം പാദം)
വർഷം മുഴുവൻ ഈശ്വരാനുഗ്രഹം ഉണ്ടാകുവാൻ വേണ്ട നാമജപങ്ങൾ ഉണ്ടാവണം. ആത്മവിശ്വാസത്തോടെ മുന്നോട്ടുകുതിക്കുക. വിജയം ഉറപ്പാണ്. യോഗ്യതാ പരീക്ഷകൾ ജയിക്കുവാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തണം. രണ്ടാം പകുതിയിൽ കാര്യങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥലാഭം, പഠനവിജയം, വിവാഹം, ധനലാഭം ഇവ പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കും. പുനർവിവാഹങ്ങൾ ശ്രദ്ധയോടെ വേണം നടത്തുവാൻ. തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നപോലെ അനുഭവപ്പെടും. സന്താനങ്ങൾക്ക് അംഗീകാരം, പ്രശസ്തി എന്നിവയുണ്ടാകും. വയറുസംബന്ധമായ രോഗങ്ങൾക്കും, വിവിധങ്ങളായ വേദനകൾക്കും കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം. പ്രവാസം, ഉപരിപഠനം, പഠനആവശ്യം, വിദേശഗമനം ഇവയ്ക്കും കാലം അനുകൂലം. കുടുംബസ്വത്തുക്കളിൽ നിന്നും ധനലാഭ ലക്ഷണമുണ്ട്. ആദ്യപകുതിക്കുശേഷം വിശ്വാസവഞ്ചനയ്ക്ക് വരാതെ നോക്കണം. സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും സന്ധ്യസന്ധമായും നീതിയുക്തവുമായുള്ള സമീപനമാണ് നല്ലത്. ശത്രുക്കളെ അതിജീവിച്ച് വിജയം കൈവരിക്കാൻ ശ്രദ്ധയോടെ പ്രവർത്തിച്ചാൽ മാത്രം മതിയാകും. അപവാദം കരുതിയിരിക്കുക.
ദോഷപരിഹാരം ഗുരുവാരവ്രതം അനുഷ്ഠിക്കുക. വിഷ്ണുക്ഷേത്രത്തിൽ ദർശനംനടത്തി തുളസിമാല ചാർത്തുക. നെയ്‌വിളക്ക്, വെണ്ണ നിവേദ്യം, പാൽപ്പായസം എന്നിവ നടത്തുന്നതും നല്ലതാണ്. ദിവസേന നാരായണീയം, വിഷ്ണുസഹസ്രനാമം, വിഷ്ണു ഭുജംഗപ്രയാതം, ഭാഗവതം എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഭക്തി ശ്രദ്ധയോടെ വായിക്കുക.
കന്നിക്കൂറ്:
(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
അനുകൂല വർഷമാണിത്. വിദ്യ, ധനം, സന്താനങ്ങൾ, ഗൃഹനിർമ്മാണം, വാഹനം എന്നിവയെല്ലാം വന്നുചേരും. വിദേശത്ത് പോകുവാനും പഠനം നടത്തുവാനും അവിടെ സ്ഥിരതാമസം ആക്കുവാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ വർഷം. വിവിധങ്ങളായ രോഗങ്ങളാൽ പീഡിതരായവർക്ക് രോഗശമനങ്ങൾ കണ്ടുതുടങ്ങും. ദാമ്പത്യകലഹങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ തേടുവാൻ സാധിക്കും. ഭൂമി ഇടപാടുകളിൽ വഞ്ചന പറ്റുവാൻ സാധ്യതയുണ്ട്. കോൺട്രാക്ടറ്റർമാർ, വ്യവസായികൾ, കലാകാരന്മാർ എന്നിവർക്ക് നേട്ടം കൊയ്യാൻ പറ്റിയ വർഷമാണ്. ചലച്ചിത്ര മേഖലയിൽ ശോഭിക്കും. വ്യാപാരങ്ങൾ ചെയ്യുവാൻ ആഗ്രഹമുള്ളവർക്ക് നല്ല സമയമാണ്. കായികമേഖലയിൽ തിളങ്ങാൻ സാധിക്കും.
ദോഷപരിഹാരം ശനിയാഴ്ചകളിൽ വ്രതമനുഷ്ഠിക്കുക. ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക. ശാസ്താക്ഷേത്രങ്ങളിൽ ദർശനം നടത്തി നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ട് ചാർത്തൽ, പായസം എന്നിവ യഥാശക്തി നടത്തുക.
തുലാക്കൂറ്
(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)
അനേകകാലങ്ങളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാക്ഷാത്ക്കരിക്കുന്ന വർഷമാണ്. സ്വന്തമായി ഗൃഹം, തൊഴിൽ എന്നിവയും വൈവാഹിക ജീവിതവും ഉണ്ടാകും. സന്താനങ്ങൾ നന്നാവാത്തതുകൊണ്ട് വിഷമിച്ചിരുന്ന ആളുകൾക്ക് ആശ്വാസമുണ്ടാകും. എങ്കിലും സന്താനവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. വ്യവസായികൾക്കും പ്രവാസികൾക്കും നിക്ഷേപങ്ങൾക്ക് സാധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും തകർന്നുപോയവ പുനർനിർമ്മിക്കുവാനും സാധിക്കും. നഷ്ടപ്പെട്ടു എന്നുകരുതിയ ധനങ്ങൾ തിരികെ ലഭിക്കുവാൻ സാധ്യതയുണ്ട്. സമൂഹത്തിൽ മുമ്പ് ഉള്ളതിനെക്കാൾ അംഗീകാരങ്ങൾ ലഭിക്കും. മത്സരപ്പരീക്ഷകളിൽ നല്ല വിജയം കരസ്ഥമാകും. വിദേശത്ത് പഠനം നടത്തുന്നവർക്ക് ചില തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. കലാസാഹിത്യമേഖലയിലുള്ളവർക്ക് അംഗീകാരങ്ങളും അഭിവൃദ്ധിയും ഉണ്ടാകും. കുടിൽ വ്യവസായങ്ങൾ, മത്സ്യബന്ധനം, ആഹാരപദാർത്ഥങ്ങളുടെ വിപണനം എന്നീ മേഖലകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് നല്ലതായിരിക്കും.
ദോഷപരിഹാരം ശിവഭജനവും ശാസ്തൃഭജനവും മുടങ്ങാതെ ചെയ്യുക. പഞ്ചാക്ഷരിമന്ത്രം പരമാവധി ഭക്തിശ്രദ്ധാപൂർവ്വം ജപിക്കുക. തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തി പിൻവിളക്ക്, ശംഖാഭിഷേകം, ധാര എന്നിവ ചെയ്യുന്നതും നല്ലതാണ്.
വൃശ്ചികക്കൂറ്
(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നന്മ പ്രതീക്ഷിക്കാവുന്ന വർഷം തന്നെയാണ്. പൊതുവെ ഗുണദോഷ സമ്മിശ്രമെന്ന് തോന്നുമെങ്കിലും അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത. കാലാകാലങ്ങളായി തൊഴിൽപരമായി ബുദ്ധിമുട്ടുന്നവർക്ക് സന്തോഷിക്കാൻ സാധിക്കും. ധനപരമായ ക്രയവിക്രയങ്ങളിൽ അതീവജാഗ്രത വേണം. അല്ലെങ്കിൽ നിയമക്കുരുക്കുകളിലേക്ക് എത്തപ്പെടാം. മാതാവിനും, നാൽക്കാലികൾക്കും രോഗങ്ങൾ ഉണ്ടാകും. വാഹനങ്ങൾ ശ്രദ്ധാപൂർവ്വം ഓടിക്കേണ്ടതാണ്. ഭക്ഷ്യവിഷബാധ, സർപ്പ വിഷബാധ എന്നിവ കുടുംബത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. നെഞ്ചിനും വയറിനും വരുന്ന രോഗങ്ങൾ ആദ്യസൂചനയിൽ തന്നെ ചികിത്സിച്ചു ഭേദമാക്കണം. ദാമ്പത്യസുഖക്കുറവ് പരിഹരിക്കപ്പെടും. വിദേശത്ത് തൊഴിൽ ലഭിക്കുവാനും, സ്ഥിരതാമസം ലഭിക്കുവാനും സാധ്യതയുണ്ട്. സംരംഭകർക്ക് ലാഭകരമായിരിക്കും. പൊതുപ്രവർത്തകകെ ജനങ്ങൾ അംഗീകരിച്ചുതുടങ്ങും. കലാസാഹിത്യപ്രവർത്തനങ്ങൾ വിജയിക്കും.
ദോഷപരിഹാരം പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും മുരുകനെ ഭജിക്കുന്നതും, ദേവീമാഹാത്മ്യം, നാരായണീയം, ശിവസ്‌തോത്രങ്ങൾ എന്നിവ ചൊല്ലുന്നത് നല്ലതാണ്.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
വർഷാരംഭത്തിലെ ആദ്യനാല് മാസങ്ങളിൽ തന്നെ സകല വിജയങ്ങളും ലഭ്യമാകും. ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്താൽ വലിയ വിജയങ്ങൾ തേടിയെത്തും. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. സാമ്പത്തിക ബാധ്യതകൾ തീർക്കുവാനുള്ള വഴികൾ തെളിഞ്ഞുവരും. വർഷങ്ങളായി നഷ്ടപ്പെട്ടുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടും. മാതാപിതാക്കളെ ശുശ്രൂഷിക്കുകയും അവരുടെ അനുഗ്രഹം നേടുകയും വേണം. സന്താന അഭിവൃദ്ധിക്ക് കാരണമാകുന്ന ചില മാറ്റങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും. വിദേശത്തുനിന്നും ധനലാഭം ഉണ്ടാകും. ദമ്പതിമാർക്കിടയിലുള്ള കലഹങ്ങൾക്ക് വർഷത്തിന്റെ ആദ്യപാദത്തിൽ പരിഹാരം ഉണ്ടാകും. വിദേശയാത്രകൾക്ക് ഭാഗ്യം ലഭിക്കും. വിശ്വാസവഞ്ചന വരാതെ സൂക്ഷിക്കണം. നഷ്ടപ്പെടുമെന്നു കരുതിയ പലതും തിരികെ നമ്മളിൽ വന്നുചേരും.
ദോഷപരിഹാരം ശനിയാഴ്ചകളിൽ വ്രതമനുഷ്ഠിക്കുക. ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക. ശാസ്താക്ഷേത്രങ്ങളിൽ ദർശനം നടത്തി നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടുചാർത്തൽ, പായസം എന്നിവ നടത്തുക. ജന്മനാളുകളിൽ ശിവക്ഷേത്രത്തിൽ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവയും നടത്തുക.
മകരക്കൂറ്:
(ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടിവരുന്ന വർഷമാണ്. ചുമതലകൾ കൃത്യമായി നിർവ്വഹിക്കുവാൻ വിജയിക്കുവാനും സാധിക്കും. ആദ്യപാദങ്ങളിൽ കാണുന്ന ആത്മവിശ്വാസം വർഷാവസാനം വരെ നിലനിർത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യാപാരം, വ്യവസായം തുടങ്ങിയവയിൽ പൊരുതി വിജയം നേടുന്ന ഒരു വർഷമായിരിക്കും ഇത്. വിദേശയാത്രകൾ അനുഗുണമാകും. വിദ്യാഭ്യാസം, കല, സാഹിത്യം എന്നീ മേഖലകളിൽ വിജയം വരിക്കാൻ പറ്റും. പുതിയ വീട്, വാഹനങ്ങൾ, ഭൂമി എന്നിവ വന്നുചേരും. സന്താനങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുക. തല, കാലുകൾ, സന്ധികൾ, മൂത്രശയം തുടങ്ങിയ ശരീരഭാഗങ്ങളിൽ വേദനയും രോഗങ്ങളും ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങൾ സങ്കീർണ്ണമാകാതെ പരിഹരിക്കണം. സകല കാര്യങ്ങളോടും സംശയദൃഷ്ടി അനുഭവപ്പെടും. അതിനെ മനഃശാസ്ത്രപരമായി നേരിടുക.
ദോഷപരിഹാരം എല്ലാ ദിവസവും പറ്റുമെങ്കിൽ വിഷ്ണുസഹസ്രനാമം ജപിക്കുക. വ്യാഴാഴ്ചകളിൽ വ്രതമനുഷ്ഠിച്ച് സാധ്യമാകുമെങ്കിൽ വിഷ്ണുക്ഷേത്രദർശനം നടത്തുക.
കുംഭക്കൂറ്:
(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
കാര്യങ്ങൾക്ക് കാലതാമസം നേരിടുമെങ്കിലും ഈ വർഷം ശുഭകരമാണ്. വിദ്യാർത്ഥികൾ മത്സരപരീക്ഷണങ്ങൾക്ക് കഠിനപരിശ്രമം നടത്തും. അത് വിജയത്തിലേയ്ക്ക് നയിക്കും. ആരോഗ്യ കായിക കലാപ്രവർത്തനങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കും. സ്ത്രീകൾക്ക് വിഷമതകൾ പരിഹരിക്കപ്പെടും. നല്ല വൈവാഹിക ജീവിതം ഉണ്ടാകും. സങ്കടകരമായ ദാമ്പത്യങ്ങൾ ഉപേക്ഷിക്കുവാനുള്ള മാനസികധൈര്യം ലഭിക്കും. പുതിയ തീരുമാനങ്ങൾ നന്മയിലേക്ക് നയിക്കും. സൗഹൃദങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നും സഹായങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് ആദ്യത്തെ അഞ്ചുമാസങ്ങൾ വിഷമതകൾ ഉണ്ടാക്കാം. സാമ്പത്തിക അച്ചടക്കം വർഷം മുഴുവൻ നിർബന്ധമായും പാലിക്കണം. കോടതി വ്യവഹാരങ്ങൾക്ക് സാധ്യതയുണ്ട്. രേഖാപരമായ അവ്യക്തതകൾ കാരണം കാര്യങ്ങൾ തടസ്സപ്പെടാം. ശത്രുക്കൾ ക്രമാതീതമായി വർദ്ധിക്കും.
ദോഷപരിഹാരം ശനിയാഴ്ചകളിൽ വ്രതമനുഷ്ഠിക്കുക. ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക. ശാസ്താക്ഷേത്രങ്ങളിൽ ദർശനം നടത്തി നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ട് ചാർത്തൽ, പായസം എന്നിവ യഥാശക്തി നടത്തുക. ജന്മനാളുകളിൽ ശിവക്ഷേത്രത്തിൽ ആയുസൂക്തം പുഷ്പാഞ്ജലി, ശംഖാഭിഷേകം, വിളക്ക് എന്നിവ നടത്തുക.
മീനക്കൂറ്
(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഈ വർഷം എല്ലാ കാര്യങ്ങളിലും വളരെ ജാഗ്രത വേണം. പൊതുവേ കാര്യങ്ങൾക്ക് ഒരു മന്ദഗതി ആയിരിക്കുമെന്നാലും കാലങ്ങളായി നടക്കാത്ത പല കാര്യങ്ങളും നടക്കുന്നതായിക്കാണാം. ഭൂമിസംബന്ധമായും ധനസംബന്ധമായും ഇടപാടുകൾ താമസിച്ചാണെങ്കിലും നടക്കും. ദൂരസ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടുവാൻ ഇടവരും. മാതാപിതാക്കളെ ശുശ്രൂഷിച്ച് അവരുടെ അനുഗ്രഹം നേടുവാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ വന്നുചേരും. കൃഷി, കുടിൽവ്യവസായം, ഇടത്തരം കച്ചവടങ്ങൾ, ആഹാരസാധനങ്ങളുടെ കച്ചവടം, വസ്ത്രവ്യാപാരം എന്നീ മേഖലകൾ അഭിവൃദ്ധി പ്രാപിക്കും. ആരോഗ്യരംഗത്ത് ദുരനുഭവം വേഗം കണ്ടെത്തി പരിഹരിക്കണം. ചിന്തകൾ മനസ്സിൽ നിന്നും ഒഴിവാക്കുക. സംശയരോഗം കൂടുതലായി അനുഭവപ്പെടും. തൊലിപ്പുറമേയുള്ള അസുഖങ്ങൾ, മുടികൊഴിച്ചിൽ, ക്ഷീണം, അലസത എന്നിവയ്ക്ക് തുടക്കത്തിൽതന്നെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തണം.
ദോഷപരിഹാരം ശനിയാഴ്ചകളിൽ വ്രതമനുഷ്ഠിക്കുക. ഗൃഹത്തിൽ എള്ളുതിരി കത്തിക്കുക, ശാസ്താക്ഷേത്രങ്ങളിൽ ദർശനം നടത്തി നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നീരാജനം, കറുത്തപട്ടുചാർത്തൽ, പായസം എന്നിവയും, ഹനുമാൻസ്വാമിക്ക് അവൽനിവേദ്യവും നെയ്‌വിളക്കും നടത്തുക.
ജ്യോതിഷൻ : സത്യനാരായണൻ. എൻ
(സംസ്‌കൃത അദ്ധ്യാപകൻ, MSc സൈക്കോളജി),
ഫോൺ: 9961656864











