02:06am 30 April 2026
NEWS
കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം; അഭിനന്ദിച്ച് രാഷ്ട്രപതിയും കേന്ദ്രമന്ത്രിയും
24/09/2025  10:00 AM IST
സുരേഷ് വണ്ടന്നൂർ
കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം; അഭിനന്ദിച്ച് രാഷ്ട്രപതിയും കേന്ദ്രമന്ത്രിയും

ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം സമ്മാനിച്ച് രാജ്യം ആദരിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. മോഹൻലാലിനെ 'കംപ്ലീറ്റ് ആക്ടർ' എന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി, ആർദ്രത മുതൽ തീവ്രം വരെയുള്ള വികാരങ്ങൾ അദ്ദേഹം അനായാസമായി അവതരിപ്പിക്കുന്നു എന്നും പറഞ്ഞു.

​ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവിനെ പ്രശംസിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. ചടങ്ങിൽ പ്രസംഗം ആരംഭിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ്, 'നിങ്ങളൊരു ഉഗ്രൻ ആക്ടറാണെന്ന്' മലയാളത്തിൽ പറഞ്ഞ് മോഹൻലാലിനെ അഭിനന്ദിച്ചു. അതോടൊപ്പം, കേന്ദ്രമന്ത്രി മോഹൻലാലിനെ 'യഥാർത്ഥ ഇതിഹാസം' എന്നും വിശേഷിപ്പിച്ചു.

​സുവർണ കമലവും പത്തു ലക്ഷം രൂപയുമാണ് പുരസ്‌കാരത്തിൽ ഉൾപ്പെടുന്നത്. മുണ്ടും കുർത്തയുമണിഞ്ഞ് കേരളീയ തനിമയിൽ ഭാര്യ സുചിത്രയ്ക്കും സുഹൃത്ത് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഷാരൂഖ് ഖാനും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ റാണി മുഖർജിയും ഉൾപ്പെടെ നിരവധി പ്രമുഖർ മോഹൻലാലിന് ആശംസകൾ നേർന്നു.

​പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വികാരഭരിതനായി സംസാരിച്ച മോഹൻലാൽ, സിനിമ തന്റെ ആത്മാവിന്റെ സ്പന്ദനമാണെന്ന് പറഞ്ഞു. ഈ പുരസ്‌കാരം മലയാള സിനിമയിലെ മഹാരഥന്മാർക്കും മലയാള സിനിമ പ്രേക്ഷകർക്കും സമർപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് തത്കാലം സിനിമയാണ് തന്റെ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img