
തിരുവനന്തപുരം: ജില്ലയിലെ മലയിൻകീഴ് ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി.ക്ക് പരാതി പ്രവാഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കെ.പി.സി.സി.യിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200-ൽ അധികം പരാതികൾ ലഭിച്ചു. ഇതിൽ തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് ഉൾപ്പെടെയുള്ള ചില പഞ്ചായത്തുകളിലെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രാതിനിധ്യം ഉറപ്പാക്കണം എന്ന ആവശ്യമുൾപ്പെടെയുള്ള പരാതികളാണ് കൂടുതലായി ലഭിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുള്ളവർക്ക് പരാതി നൽകാൻ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അവസരം നൽകിയിരുന്നു. പരാതികൾ പരിഗണിച്ച്, പ്രാദേശികമായി ശക്തമായ പ്രതിരോധമുയർത്താൻ കഴിയുന്നവരെ സ്ഥാനാർത്ഥികളാക്കാനാണ് കെ.പി.സി.സി.യുടെ നീക്കം.











