11:24am 10 November 2026
NEWS
കളക്ടർക്ക് എംഎൽഎ അശ്ലീല സന്ദേശം അയച്ചു; രാത്രിയിൽ വസതിയിലെത്തി; ടിവികെ എംഎൽഎയ്ക്കെതിരെ ഗുരുതര പരാതി
10/11/2026  11:12 AM IST
nila
കളക്ടർക്ക് എംഎൽഎ അശ്ലീല സന്ദേശം അയച്ചു; രാത്രിയിൽ വസതിയിലെത്തി; ടിവികെ എംഎൽഎയ്ക്കെതിരെ ഗുരുതര പരാതി

 


കള്ളക്കുറിച്ചി: ജില്ലാ കളക്ടറോട് മോശമായി പെരുമാറിയെന്ന പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ അരുൾ വിഗ്നേഷിനെതിരെ വിവാദം ശക്തമാകുന്നു. കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രി കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തിയെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പാർട്ടി നേതൃത്വം എംഎൽഎയ്ക്ക് താക്കീത് നൽകിയതായും സൂചനയുണ്ട്. ടിവികെയുടെ അച്ചടക്ക സമിതിയും പരാതി പരിശോധിക്കുമെന്നാണ് വിവരം.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് അരുൾ വിഗ്നേഷിന്റെ വാദം. ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വിഷയം ഏറ്റെടുത്ത ഡിഎംകെ ടിവികെ എംഎൽഎയ്ക്കെതിരെ വിമർശനം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർമാർക്ക് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന വിമർശനവുമായി ഡിഎംകെ നേതാവ് കനിമൊഴിയും എക്സിലൂടെ രംഗത്തെത്തി.

തുടർച്ചയായി പാർട്ടി എംഎൽഎമാർ വിവാദങ്ങളിൽ അകപ്പെടുന്നതിൽ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഭാഗമായി എല്ലാ എംഎൽഎമാരോടും ചെന്നൈയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് അടിയന്തര യോഗം വിളിച്ചുചേർക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എംഎൽഎമാരുടെ പെരുമാറ്റത്തിലും പാർട്ടിയുടെ അച്ചടക്കത്തിലും കർശന നിലപാട് സ്വീകരിക്കാനാണ് വിജയ് ഒരുങ്ങുന്നതെന്നാണ് സൂചന.

നേരത്തേ ഡെപ്യൂട്ടി സ്പീക്കർ പരാതിക്കാരനെ മർദിച്ചുവെന്ന ആരോപണവും ടിവികെയ്ക്ക് തിരിച്ചടിയായിരുന്നു. തുടർച്ചയായി ഉയരുന്ന ഇത്തരം വിവാദങ്ങൾ പാർട്ടിയുടെ പൊതുജനങ്ങൾക്കിടയിലെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എംഎൽഎമാരുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും നിയന്ത്രണം ശക്തമാക്കാനുള്ള നിർണായക തീരുമാനങ്ങൾ ചെന്നൈയിലെ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img