
തിരുവൻവണ്ടൂർ: തിരുവൻവണ്ടൂർ, ഇരമല്ലിക്കര , സൂര്യ ഭവനത്തിൽ സുനിൽ കുമാറി ( 47) ൻ്റെ വീട്ടിലേക്കാണ് ആറംഗ സംഘം ഇക്കഴിഞ്ഞ 14 ന് ഇരച്ചെത്തി രാത്രി വീടുകയറി ആക്രമിച്ചത്. മകൾ സൂര്യ ലക്ഷ്മി ( 22 ) യെ കമ്പി വടികൊണ്ടടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. വീടിൻ്റെ ജനാല ചില്ല എറിഞ്ഞ് പൊട്ടിക്കുകയും, മുറ്റത്ത് വെച്ചിരുന്ന ബൈക്ക് തല്ലി തകർക്കുകയും, സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന കസേരകൾ തല്ലി തകർക്കുകയും ചെയ്തതായി സൂര്യലക്ഷ്മി ചെങ്ങന്നൂർ പോലീസിന് പരാതി നൽകി.
ആക്രമികൾ ഇരുമ്പ് കുത്തു വിളക്കു കൊണ്ട് ഉപദ്രവിച്ചതിനെ തുടർന്ന് സൂര്യ ലക്ഷ്മിയുടെ വലതു തള്ള വിരലിന് മുറിവേറ്റു. കൂടാതെ ഇവരുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു. ഇളയ മകൾ ശ്രീ ലക്ഷ്മി ഒഴിഞ്ഞ് മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപെടുകയാണുണ്ടായത്.
സുനിലിൻ്റെ ഭാര്യ ആറു വർഷം മുമ്പ് വൃക്ക രോഗത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. ഇതേ തുടർന്ന് രണ്ട് വർഷം മുമ്പ് ഇയാൾ
രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആറു മാസം മുമ്പ് രണ്ടാം ഭാര്യ പിണങ്ങി പോയിരുന്നു. അവരുടെ ബന്ധുവാണ് സുനിലിൻ്റെ
അയൽ വാസിയായ തുരുത്തേൽ വിഷ്ണുവിൻ്റെ ഭാര്യ സുബി. രണ്ടാം ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള കലഹങ്ങളാണ് ഇപ്പോഴത്തെ ആക്രമത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു











