03:51am 29 September 2026
NEWS
മഴ നിയന്ത്രിക്കാൻ ഇടപെടുന്നില്ല; ഉത്തർപ്രദേശിൽ ഇന്ദ്രദേവനെതിരെ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ പരാതി
28/09/2026  10:04 PM IST
nila
മഴ നിയന്ത്രിക്കാൻ ഇടപെടുന്നില്ല; ഉത്തർപ്രദേശിൽ ഇന്ദ്രദേവനെതിരെ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ പരാതി

 

ലഖ്‌നൗ: മഴ പെയ്ത് ജനജീവിതം താറുമാറായതോടെ ഒടുവിൽ പരാതിയുമായി നേരെ ‘ഇന്ദ്രദേവന്റെ’ അടുത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരാൾ. ഹർദോയ് ജില്ലയിലെ നെവാഡ പരസ് ഗ്രാമവാസിയായ സൂരജ് തിവാരിയാണ് സംസ്ഥാന സർക്കാരിന്റെ പൊതുപരാതി പരിഹാര പോർട്ടലിൽ അസാധാരണമായ പരാതി നൽകിയത്.

തുടർച്ചയായ മഴയ്ക്ക് ഉത്തരവാദി ഇന്ദ്രദേവനാണെന്നും മഴ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നുമാണ് തിവാരിയുടെ ആവശ്യം. സെപ്റ്റംബർ 26ന് നൽകിയ പരാതിയിൽ മഴ മൂലം ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും അദ്ദേഹം വിശദീകരിച്ചു.

ചില സമയങ്ങളിൽ ശക്തമായും മറ്റു സമയങ്ങളിൽ നേരിയ തോതിലും മഴ തുടരുകയാണ്. ഇതോടെ സാധാരണ ജീവിതം പൂർണമായി തടസ്സപ്പെട്ടെന്നും മുന്നറിയിപ്പില്ലാതെ ഇന്ദ്രദേവൻ തുടർച്ചയായി മഴ പെയ്യിക്കുന്നുവെന്നുമാണ് പരാതിയിലെ ആരോപണം.

റോഡുകളും ഇടവഴികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ജനങ്ങൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും തിവാരി പറയുന്നു. മഴ തുടരുന്നത് കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. വിളകൾ നശിക്കുമോയെന്ന ഭീതിയിലാണ് കർഷകരെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതിനെക്കാൾ കൗതുകകരമാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് തിവാരി മുന്നോട്ടുവച്ച ആവശ്യം.

‘ഇന്ദ്രദേവന്റെ മൊബൈൽ നമ്പർ എനിക്കറിയില്ല’ എന്നാണ് തിവാരി പറയുന്നത്. അതിനാൽ ജില്ലാ മജിസ്‌ട്രേറ്റ് തന്റെ ‘ദൈവിക ആശയവിനിമയ മാർഗങ്ങൾ’ ഉപയോഗിച്ച് ഇന്ദ്രദേവനുമായി ബന്ധപ്പെടണമെന്നും മഴ നിയന്ത്രിക്കാൻ അദ്ദേഹത്തിന് നിർദേശം നൽകണമെന്നുമാണ് ആവശ്യം.

മഴ ഉടൻ ശമിപ്പിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, ഉത്തർപ്രദേശിൽ കനത്ത മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ മഴയും കാറ്റുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ 56 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ജില്ലകളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

സെപ്റ്റംബർ 25 മുതൽ 27ന് രാവിലെ വരെയുള്ള 60 മണിക്കൂറിനിടെ 56 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിലീഫ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. സീതാപൂരിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്—ഏഴ്. ലഖിംപൂർ ഖേരി, ബഹ്‌റൈച്ച്, ബൽറാംപൂർ ജില്ലകളിൽ അഞ്ച് വീതവും അയോധ്യ, ഗോരഖ്പൂർ ജില്ലകളിൽ നാല് വീതവും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

മഴക്കെടുതിയിൽ 1,021 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തിന് മുകളിലുണ്ടായിരുന്ന ന്യൂനമർദം ഞായറാഴ്ചയോടെ ദുർബലപ്പെട്ടതോടെ മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img