
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ കോൺഗ്രസ് നേതൃത്വം ബോധപൂർവ്വം അവഗണിക്കുന്നതായി ആക്ഷേപം. പിന്നാക്ക വിഭാഗങ്ങൾക്ക് പരിമിതമായി നൽകുന്ന സീറ്റുകളാകട്ടെ, ജയസാദ്ധ്യത തീരെ കുറഞ്ഞവയാണെന്നും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പ്രാതിനിദ്ധ്യം ഇടിയുന്നു
കെ. കരുണാകരനും എ.കെ. ആന്റണിയും പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായിരുന്ന കാലത്ത് നിയമസഭയിൽ പിന്നാക്ക പ്രാതിനിദ്ധ്യം 35 വരെ ഉയർന്ന കാലഘട്ടമുണ്ടായിരുന്നു. അന്ന് നിരവധി പിന്നാക്ക വിഭാഗ നേതാക്കൾ എം.എൽ.എമാരും മന്ത്രിമാരുമായി തിളങ്ങിയിരുന്നു. എന്നാൽ നേതൃമാറ്റത്തോടെ പിന്നാക്കക്കാരെ വെട്ടിനിരത്തുന്ന തന്ത്രമാണ് പയറ്റുന്നതെന്നാണ് ആക്ഷേപം.
ഈഴവ സമുദായം: 2016, 2021 തിരഞ്ഞെടുപ്പുകളിൽ നൽകിയത് 14 സീറ്റുകൾ. വിജയിച്ചത് വെറും ഒരാൾ (കെ. ബാബു).
മറ്റ് വിഭാഗങ്ങൾ: വിശ്വകർമ്മ, ധീവര തുടങ്ങിയ സമുദായങ്ങളിൽ നിന്നുള്ള ഒരാൾ പോലും നിലവിൽ കോൺഗ്രസ് നിരയിൽ നിന്ന് നിയമസഭയിലില്ല.
പടിക്ക് പുറത്താകുന്ന നേതാക്കൾ
പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെങ്കിലും അവസാന നിമിഷം തഴയപ്പെടുന്ന ഈഴവ നേതാക്കളുടെ നിര വലുതാണ്. കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, തൃശൂർ ഡി.സി.സി പ്രസിഡന്റ് തങ്കപ്പൻ, പി. ചന്ദ്രൻ, അനിൽ ബോസ്, എം. രാജൻ തുടങ്ങിയവർ പലവട്ടം ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടു. ഇത്തവണ തൃപ്പൂണിത്തുറയിൽ കെ. ബാബു മത്സരിച്ചില്ലെങ്കിൽ ആ സീറ്റും മറ്റ് സമുദായങ്ങൾക്ക് നൽകാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.
ശരത് ചന്ദ്രപ്രസാദിന്റെ കാത്തിരിപ്പ്
കാൽനൂറ്റാണ്ടായി കെ.പി.സി.സി ഭാരവാഹിയായ ടി. ശരത് ചന്ദ്രപ്രസാദിന് രണ്ടുതവണയാണ് തിരുവനന്തപുരം വെസ്റ്റ് സീറ്റ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത്. 2001-ൽ ചുവരെഴുത്ത് വരെ കഴിഞ്ഞ ശേഷം എം.വി. രാഘവന് വേണ്ടിയും, 2006-ൽ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയപ്പോൾ ശോഭനാ ജോർജ്ജിന് വേണ്ടിയും അദ്ദേഹത്തിന് മാറിക്കൊടുക്കേണ്ടി വന്നു. ഇത്തവണ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി ശരത് രംഗത്തുണ്ടെങ്കിലും കെ. മുരളീധരൻ, വി.എസ്. ശിവകുമാർ തുടങ്ങിയ വമ്പൻമാരുടെ പേരുകൾ അവിടെയും തടസ്സമായി നിൽക്കുന്നു.
തിരുവനന്തപുരത്ത് വർക്കല, കഴക്കൂട്ടം, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിൽ സി.പി.എം ഈഴവ സ്ഥാനാർത്ഥികളെ നിർത്തി വിജയിച്ചപ്പോൾ, കോൺഗ്രസ് അവിടെയൊക്കെ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പാർട്ടിക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് പിന്നാക്ക വിഭാഗ നേതാക്കൾ നൽകുന്നത്.










