06:38am 13 November 2026
NEWS
ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല; കൊല്ലം കളക്ടറേറ്റ് ഭൂമി സബ് കോടതി ജപ്തി ചെയ്തു
16/02/2026  11:27 AM IST
nila
ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല; കൊല്ലം കളക്ടറേറ്റ് ഭൂമി സബ് കോടതി ജപ്തി ചെയ്തു

കൊല്ലം: ഹൈക്കോടതി നിർദേശിച്ച നഷ്ടപരിഹാരത്തുക സർക്കാർ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന ഏകദേശം രണ്ട് ഏക്കർ സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. നടപടി ആരംഭിച്ചതിന്റെ ഭാഗമായി കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. 2003-ൽ കൊല്ലം കോർപ്പറേഷൻ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിൽ വർഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ഈ കടുത്ത നടപടി സ്വീകരിച്ചത്.

കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് ബസ് ടെർമിനൽ–ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതിക്കായി റെയിൽവേയുടെ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി റെയിൽവേയ്ക്ക് കൈമാറുന്നതിനായി, വിജയലക്ഷ്മി കാഷ്യൂസ് ഉടമയായ പരേതനായ കെ. രവീന്ദ്രനാഥൻ നായരുടെ ഉടമസ്ഥതയിലുള്ള 1.23 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ആ സമയത്ത് സർക്കാർ നിശ്ചയിച്ച 1.13 കോടി രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമ കോടതിയെ സമീപിച്ചു. തുടർന്ന് കൊല്ലം സബ് കോടതി നഷ്ടപരിഹാരം എട്ട് കോടി രൂപയായി വർധിപ്പിച്ചു.

സബ് കോടതി വിധിക്കെതിരെ ഭൂവുടമയും കൊല്ലം കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. വാദങ്ങൾ പരിഗണിച്ച ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടി രൂപയായി ഉയർത്തി. എന്നാൽ ഈ തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറാകാത്തതോടെ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമ വീണ്ടും സബ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കളക്ടറേറ്റ് ഭൂമി ജപ്തി ചെയ്ത് തുക ഈടാക്കാൻ കോടതി ഉത്തരവിട്ടത്.

അതേസമയം, ജപ്തി നടപടികൾ ഒഴിവാക്കാനും ഹൈക്കോടതി വിധിക്ക് സ്റ്റേ നേടാനുമായി സർക്കാർ നിയമനടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img