
തെക്കൻ കർണാടകത്തിൽ പലേടത്തും, പ്രത്യേകിച്ചും തീരദേശ ജില്ലകളിൽ, ജനങ്ങൾക്കിടയിൽ ശക്തമായ വർഗീയ വേർതിരിവ് പ്രകടമാണ്. ചിലയിടങ്ങളിൽ സ്ഥിതിഗതികൾ സ്ഫോടനാത്മകമാണ്. വിദ്വേഷം ആളിക്കത്താൻ നിസ്സാര സംഭവം മതി. ബിജെപി സ്വാധീനം വർധിപ്പിക്കുകയും തീവ്ര ഹിന്ദുത്വ സംഘടനകൾ ശക്തിയാർജ്ജിക്കുകയും ചെയ്തതിനെ തുടർന്നാണ് സാമൂഹ്യ സാഹചര്യം മാറിമാറിഞ്ഞത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്നപോലെ സംസ്ഥാനഭരണം കയ്യിലുള്ള കോൺഗ്രസ്സും ശക്തരാണ്. 'അഹിന്ദ' വക്താവായ മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ പരിധിവിട്ട് പ്രീണിപ്പിക്കുന്നു എന്നാണ് ബിജെപിയുടെ പരാതി. ബിജെപിയും ആർ എസ്സ് എസ്സും വർഗീയ സ്പർദ്ധ വളർത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് സിദ്ധരാമയ്യയും മറ്റു കോൺഗ്രസ്സ് നേതാക്കളും കുറ്റപ്പെടുത്തുന്നു. ഈ മാസം 22ന് ആരംഭിക്കുന്ന മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ ബുക്കർ പുരസ്‌കാരജേതാവ് ഭാനു മുസ്താഖിനെ ക്ഷണിച്ച ഗവണ്മെന്റ് നടപടിയെ ബിജെപിയും തീവ്ര ഹിന്ദുത്വവാദികളും എതിർക്കുകയാണ്. ഭാനു മുസ്താഖ് ഹിന്ദുമത വിരോധിയാണെന്നാണ് അവരുടെ പക്ഷം. ഹൈന്ദവോത്സവമായ ദസറ ഉദ്ഘാടനം ചെയ്യാൻ അവർക്ക് എന്താണ് യോഗ്യതയെന്ന് വിമർശകർ ചോദിക്കുന്നു. മുമ്പൊരിക്കൽ ഭാനു മുസ്താഖ് ഒരു ഹിന്ദു ദേവതയെ വിമർശിച്ചത് എടുത്തുകാട്ടി, അവർ ഹിന്ദുക്കളോട് മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത്. ചാമുന്ധി മലയും ക്ഷേത്രവും ഹിന്ദുക്കളുടെ കുത്തകയല്ലെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന എരിതീയിൽ എണ്ണ പകരുന്ന പ്രതീതിയാണ് ഉളവാക്കിയിട്ടുള്ളത്.ഹിന്ദു ജാഗരണ സമിതിയുടെ ചാമുന്ധി ഹിൽ ചലോ യാത്ര പോലീസ് തടഞ്ഞത് മൈസൂരുവിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗവണ്മെന്റിനും ഭാനു മുസ്താഖിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദളിത് സംഘടനകൾ നടത്തിയ ചാമുന്ധി യാത്രയും പോലീസ് തടഞ്ഞിരുന്നു. ഗണേശോത്സവവുമായി ബന്ധപ്പെട്ട് മന്ധ്യയിലെ മധൂരിൽ ഉണ്ടായ വർഗീയ സംഘർഷം കെട്ടടങ്ങിയിട്ടില്ല. ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിൽ ഹിന്ദുവിരോധികളാണെന്നാണ് ബിജെപിയും ഹൈന്ദവ സംഘടനകളും ആരോപിക്കുന്നത്. സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് ഇത്തവണ മൈസൂരു ദസറ ആരംഭിക്കുന്നത്.
Photo Courtesy - Google











