
സ്ത്രീജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധി അനുവദിക്കാൻ കർണാടകം തീരുമാനിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഐ ടി കമ്പനികൾ, ഘനികൾ, തോട്ടങ്ങൾ, ഗാർമെന്റ് ഫാക്ടറികൾ, വ്യാപാരശാലകൾ എന്നിവയൊക്കെ ഈ നിയമത്തിന്റെ പരിധിയിൽ വരും. തൊഴിൽമന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലോ എച്ച്ഒഡി സപ്ന എസ് നേതൃത്വം നൽകിയ 18 അംഗ കമ്മിറ്റിയാണ് ശുപാർശ സമർപ്പിച്ചത്. ജോലിസ്ഥലത്ത് സ്ത്രീജീവനക്കാർക്ക് ആർത്തവ വേദനയുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. ഏതാണ്ട് ഹൃദയാഘാതത്തിന് തുല്യമായ വേദനയാണിത്. ലജ്ജയും അപമാനഭീതിയും മൂലം സ്ത്രീകൾ അക്കാര്യം പുറത്തുപറയാതെ വേദന കടിച്ചമർത്തി ജോലിയിൽ മുഴുകുകയാണ് ചെയ്യുന്നത്. ഇതിനൊക്കെ മാറ്റം വരേണ്ടതുണ്ട് " കമ്മിറ്റി വിലയിരുത്തി. ആറുദിവസത്തെ അവധിയാണ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. ഗവണ്മെന്റ് അത് പന്ത്രണ്ട് ദിവസമായി ഉയർത്തുകയായിരുന്നു. "വിശദമായ പഠനവും ചർച്ചയും നടത്തിയ ശേഷം 12 ദിവസത്തെ അവധി ശുപാർശ ചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുമൂലം ആറു ദിവസമാക്കുകയായിരുന്നു. എന്നാൽ ഗവണ്മെന്റ് പന്ത്രണ്ട് ദിവസമായി ഉയർത്തി." സപ്ന എസ് പറഞ്ഞു. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്ന പരിമിതിയുണ്ട്. പന്ത്രണ്ട് ദിവസത്തെ അവധി ഒന്നിച്ചെടുക്കാമെന്ന വ്യവസ്ഥ നിയമത്തിലുണ്ടെന്ന് തൊഴിൽമന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി. ബീഹാറിൽ മാസത്തിൽ രണ്ടുദിവസവും ഒഡിഷയിൽ ഒരു ദിവസവും ആർത്തവ അവധി നൽകുന്നുണ്ട്.
Photo Courtesy - Google











