
ബിജെപി ഭരണത്തിലിരിക്കെ മൂന്നുകൊല്ലം മുമ്പ്, ഗവണ്മെന്റിന്റെ നിർമ്മാണജോലികൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടിവരുന്നു എന്ന് കർണാടകത്തിലെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും അവർ കത്തെഴുതിയിരുന്നു. ആ ആരോപണം പ്രധാന പ്രചാരണായുധമാക്കിയാണ് 2023ൽ കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് വിജയംനേടി സിദ്ധരാമയ്യ ഗവണ്മെന്റ് അധികാരത്തിൽ വന്നത്. കമ്മീഷൻ ഇരട്ടിയായെന്നും കരാറുകൾ ഏറ്റെടുത്ത് തൃപ്തികരമായി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തയച്ചിരിക്കുകയാണ് കരാറുകാരുടെ സംഘടന. "അധികാരത്തിലെത്തിയാൽ കമ്മീഷൻ സമ്പ്രദായം ഇല്ലാതാക്കുമെന്നും ബില്ലുകൾ കൃത്യമായി പാസ്സാക്കുമെന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന താങ്കൾ ഉറപ്പുനൽകിയിരുന്നു. എന്നാലിപ്പോൾ കമ്മീഷൻ ഇരട്ടിയായിരിക്കുന്നു. ബില്ലുകൾ പാസ്സാകുന്നുമില്ല" പ്രസിഡന്റ് ആർ മഞ്ജുനാഥും സെക്രട്ടറി ജി എം രവീന്ദ്രയും ഒപ്പിട്ട കത്തിൽ കരാറുകാരുടെ സംഘടന ആരോപിക്കുന്നു. "ഗവണ്മെന്റിന്റെ നിർമ്മാണ ജോലികൾ മന്ത്രിമാരുടെയും എം എൽ എ മാരുടേയുമൊക്കെ അനുയായികൾക്കാണ് അനുവദിച്ചുകിട്ടുന്നത്. അവരിൽ നിന്ന് ഉപകരാറെടുത്ത് ചെയ്യേണ്ടിവരുന്ന ഞങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കുന്നില്ല. പ്രധാനപ്പെട്ട കരാറുകാർ പോലും കടുത്ത പ്രയാസത്തിലാണ്. ഈ പ്രശ്നത്തിന് എത്രയുംവേഗം പരിഹാരം കണ്ടില്ലെങ്കിൽ ഗവണ്മെന്റിന്റെ നിർമ്മാണ ജോലികൾ ഏറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമാകും" സംഘടന മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു. 32000 കോടിയുടെ ബില്ലുകൾ കെട്ടിക്കിടക്കുകയാണെന്നും അവ പാസ്സാക്കാനുള്ള ആത്മാർത്ഥ പരിശ്രമം ഉണ്ടാകുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച സൗജന്യങ്ങൾ നിറവേറ്റാനുള്ള ഉത്തരവാദിത്വം ബാധ്യതയായി മാറിയ സിദ്ധരാമയ്യ ഗവണ്മെന്റ് വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പോലുമാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോകുന്നത്. അതിനിടയിലാണ് കൂനിന്മേൽ കുരുപോലെ കരാറുകാരുടെ പ്രശ്നം.
Photo Courtesy - Google











