11:11pm 09 August 2026
NEWS
വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററി ഷാനിമോൾ ഉസ്‌മാൻ
09/08/2026  08:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററി ഷാനിമോൾ ഉസ്‌മാൻ

ളപ്പരപ്പിലെ ആവേശം വാനോളമുയർത്തി നെഹ്റു ട്രോഫി വള്ളംകളി കമന്ററി മത്സരം സംഘടിപ്പിച്ചു.വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററിയെന്നും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ലോകമെമ്പാടുമുള്ള ആസ്വാദകരിലേക്ക് എത്തിക്കുന്നതിൽ കമന്റേറ്റർമാർ വഹിക്കുന്ന പങ്ക് നിസീമമാണെന്നും  ഡെപ്യൂട്ടി  സ്പീക്കർ
ഷാനിമോൾ ഉസ്മാൻ പറഞ്ഞു. 

ആഗസ്റ്റ് 22-ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി മത്സരം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

ദൃശ്യമാധ്യമങ്ങളുടെ വരവിനു മുമ്പ് തന്നെ വള്ളംകളിയെ ജനപ്രിയമാക്കുന്നതിൽ കമന്ററി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേൾവിക്കാരുടെ മനസ്സിൽ വള്ളംകളിയുടെ തനിമയാർന്ന ദൃശ്യങ്ങൾ പകർന്നുനൽകാൻ സാധിക്കുന്ന മികച്ച ഭാഷാശൈലിയാണ് വള്ളംകളി കമന്ററിയുടെ സവിശേഷത എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തെ ആസ്പദമാക്കിയാണ് മത്സരാർഥികൾ കമന്ററി അവതരിപ്പിച്ചത്. ഹൈസ്കൂൾ-ഹയർസെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്.

മത്സരവിജയികൾ:

ഹൈസ്കൂൾ - ഹയർസെക്കൻഡറി വിഭാഗം:

ഒന്നാം സ്ഥാനം: ആൻമേരി ബ്രിട്ടോ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, പുന്നപ്ര)

രണ്ടാം സ്ഥാനം: സി.ആർ. ബ്രൂട്ടോ (എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്, കുട്ടമംഗലം)

ജൂറിയുടെ പ്രത്യേക പരാമർശം: മുഹമ്മദ് യാസിൻ (പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസ്)

പൊതുവിഭാഗം:

ഒന്നാം സ്ഥാനം: എസ്. അജയ് കൃഷ്ണ (കല്ലുപുരയ്ക്കൽ, ഹരിപ്പാട്)

രണ്ടാം സ്ഥാനം: ഷാഹിം മഹ്മ്മുദ് (മാഴ്സ് വില്ല, പുന്നപ്ര)

പ്രോത്സാഹന സമ്മാനം: അഥീനാ സോണി, സന്തോഷ് തോമസ്, റോണി ജേക്കബ്, ജോൺ ബോസ്കോ.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും  സ്ഥാനം നേടിയവർക്ക്   ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും

ഭാഗ്യചിഹ്നത്തിന് പേരിട്ട എ.ആർ. ശുഐബിന് ആദരം

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വേഴാമ്പലിന് 'വേഴു' എന്ന പേര് നിർദേശിച്ച തിരുവമ്പാടി നടുവിലെപ്പറമ്പ് എ.ആർ. ശുഐബിന് മുല്ലയ്ക്കൽ നൂർ ജൂവലറി നൽകുന്ന സ്വർണനാണയം ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ
 സമ്മാനിച്ചു.

ജില്ലാ കളക്ടർ ഷാജി വി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.എ. ഷുക്കൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, നഗരസഭാ അംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ. പുരം ശിവകുമാർ,ഡോ. നെടുമുടി ഹരികുമാർ, ടി.ആർ. ആസാദ്,  കെ. നാസർ, , രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, പി.കെ. ബൈജു, എ. കബീർ തുടങ്ങിയവരും പങ്കെടുത്തു. പ്രൊഫ. ചെറിയാൻ അലക്സാണ്ടർ, ഹരികുമാർ വാലേത്ത്, വിനോദ് കാരിച്ചാൽ   എന്നിവർ ആയിരുന്നു വിധികർത്താക്കൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img