09:55pm 07 November 2026
NEWS
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ .ദേവലോകത്ത് തീർത്ഥാടകർക്ക് സ്വീകരണം നൽകി
07/11/2026  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ .ദേവലോകത്ത് തീർത്ഥാടകർക്ക് സ്വീകരണം നൽകി
HIGHLIGHTS

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 30 -ാം ഓർമ്മപ്പെരുന്നാളിന്റെ ഭാ​ഗമായി കബറിടത്തിൽ നടന്ന ധൂപപ്രാർത്ഥനയ്ക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയമെത്രാപ്പോലീത്താ, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഫാ.അലക്സാണ്ടർ പി ഡാനിയേൽ എന്നിവർ സമീപം.

കോട്ടയം : മലങ്കരസഭയുടെ ക്രാന്തദർശി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 30-ാം ഓർമ്മപ്പെരുന്നാൾ ഇന്ന്. കബറിടം സ്ഥിതിചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 8ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ.തോമസ് പോൾ റമ്പാൻ, ഫാ.എൽദോ റമ്പാൻ എന്നിവർ സഹകാർമ്മികരാകും.

ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ ( ശനി ) തീർത്ഥാടകർക്ക് മലങ്കരസഭാ ആസ്ഥാനത്ത് സ്വീകരണം നൽകി. മാർ ഏലിയാ കത്തീഡ്രൽ, വാകത്താനം വള്ളിക്കാട്ട് ദയറാ, വടക്കൻമണ്ണൂർ സെന്റ് തോമസ് പള്ളി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരെ ദേവലോകം അരമന മാനേജർ ഫാ.അലക്സാണ്ടർ പി ഡാനിയേലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സന്ധ്യാനമസ്ക്കാരത്തിനും, തുടർന്നുള്ള ശുശ്രൂഷകൾക്കും  പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ,  മെത്രാപ്പോലീത്താമാരായ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് എന്നിവർ സഹകാർമ്മികരായി. 

നാ​ഗ്പൂർ വൈ​​ദിക സെമിനാരി മുൻ പ്രിൻസിപ്പൽ ഫാ.ഡോ.ബിജേഷ് ഫിലിപ്പ് അനുസ്മരണപ്രഭാഷണം നടത്തി. ആത്മീയനിഷ്ഠകൾ മുറുകെപ്പിടിച്ച ഇടയശ്രേഷ്ഠനായിരുന്നു പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ. സഭാ ശാക്തീകരണത്തിനായി അധ്വാനിക്കുകയും, സഭയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പോരാടുകയും ചെയ്തെന്നും ഫാ.ഡോ.ബിജേഷ് ഫിലിപ്പ് അനുസ്മരിച്ചു. നിയുക്ത മെത്രാപ്പോലീത്താമാർ, വൈദികർ, സഭാ മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ, വൈ​ദിക സെമിനാരി വിദ്യാർത്ഥികൾ, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

ആലോചനായോ​ഗം ഇന്ന് ( 08-11-2026) : 2027 ജനുവരിയിൽ നടക്കുന്ന ദേവലോകം പെരുന്നാളിന്റെ ആലോചനായോ​ഗം ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ചേരുമെന്ന് അരമന മാനേജർ ഫാ.അലക്സാണ്ടർ പി ഡാനിയേൽ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img