
കൊച്ചി: ആചാരപരമായ പരേഡ് ഉള്‍പ്പെടെ വിവിധ പരിപാടികളോടെ 80-ാം സ്വാതന്ത്ര്യദിനം ദക്ഷിണ മേഖല നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേനയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ ആഘോഷിച്ചു. നാവികസേന, എന്‍സിസി, സീ കേഡറ്റ് കോര്‍പ്സ് എന്നിവയുടെ സംഘങ്ങള്‍ അണി നിരന്ന പരേഡ് വൈസ് അഡ്മിറല്‍ സക്സേന അവലോകനം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു.
കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ പരമ ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ സ്മരണയ്ക്കായി എസ്എന്‍സി യുദ്ധ സ്മാരകത്തില്‍ വൈസ് അഡ്മിറല്‍ സക്സേന പുഷ്പചക്രം സമര്‍പ്പിച്ചു. പരേഡിലെ ചടുലമായ പങ്കാളിത്തം, കുറ്റമറ്റ ഡ്രില്‍, മികച്ച പ്രകടനം എന്നിവയ്ക്ക് കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. 1947 മുതലുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ യാത്രയുടെയും അഭിമാനത്തിന്റെയും നന്ദിയുടെയും പ്രതിഫലന നിമിഷമാണ് 80-ാമത് സ്വാതന്ത്ര്യദിനമെന്ന് വൈസ് അഡ്മിറല്‍ പറഞ്ഞു. പുതുതായി സ്വതന്ത്രമായ രാഷ്ട്രം നേരിട്ടതും ഇപ്പോള്‍ നേരിടുന്നതുമായ വെല്ലുവിളികള്‍ വലുതാണ്. സാധാരണ പൗരന്മാരുടെ അസാധാരണ സംഭാവനയാല്‍ നയിക്കപ്പെടുന്ന ലോകത്തിലെ മുന്‍നിര രാഷ്ട്രങ്ങളിലൊന്നായുള്ള ഇന്ത്യയുടെ വന്‍ വളര്‍ച്ചയെ അദ്ദേഹം എടുത്തുകാട്ടി.
ഇന്ന്, ഇന്ത്യന്‍ നാവികസേന ഈ മേഖലയിലെ പ്രമുഖ സുരക്ഷാ പങ്കാളിയായി നിലകൊള്ളുന്നു.സേനയുടെ ഏറ്റവും വലിയ ശക്തി അതിന്റെ ഉദ്യോഗസ്ഥരിലാണ്. ആളില്ലാ സംവിധാനങ്ങള്‍, കൃത്രിമ ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നീ മേഖലകളില്‍ യുദ്ധം വികസിക്കുന്നതിനുള്ള പരിശീലനത്തിന്റെ പ്രാധാന്യം വൈസ് അഡ്മിറല്‍ സക്സേന ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ പരിശീലന കമാന്‍ഡ് എന്ന നിലയില്‍, ഭാവിയിലെ പ്രവര്‍ത്തന വെല്ലുവിളികള്‍ക്കായി ഉദ്യോഗസ്ഥരെ തയ്യാറാക്കുന്നതില്‍ ദക്ഷിണ നാവിക കമാന്‍ഡിന് നിര്‍ണായക ഉത്തരവാദിത്തമുണ്ട്.രാഷ്ട്രത്തിനും നാവികസേനയ്ക്കും വേണ്ടി സ്വയം സമര്‍പ്പിക്കാനും ആത്മനിര്‍ഭര്‍ ഭാരത്, വികസിത് ഭാരത യാത്ര എന്നിവയ്ക്കായി സംഭാവന നല്‍കാനും അദ്ദേഹം എല്ലാ ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.
Photo Courtesy - Google








