
* യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഞ്ച് ദിവസം നീളുന്ന എഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ വർണ്ണാഭമായ തുടക്കം. ലോകത്തെ 150 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യ 2025 (തിങ്കൾ) രാവിലെ കേന്ദ്ര പ്രതിരോധ മന്തി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വ്യോമസേനയുടെ വിവിധ എയർക്രാഫ്റ്റുകൾ പങ്കെടുത്ത എയർ ഡിസ്പ്ലേ ഉദ്ഘാടനച്ചടങ്ങിൻ്റെ ആകർഷകമായിരുന്നു. ഇന്ത്യയുടെ കരുത്തായ റാഫേൽ , സുഖോയ് പോർവിമാനങ്ങൾ വ്യോമ പ്രകടനത്തിൽ പങ്കെടുത്തു.
എ എൻ 32 എയർക്രാഫ്റ്റിൽ നിന്ന് ആകാശഗംഗ സ്കൈ ഡൈവിംഗ് ടീം പറന്നിറങ്ങുന്നത് കാണികൾ ശ്വാസമടക്കിപ്പിടിച്ച് കണ്ടിരുന്നു. തുടർന്ന് എംഐ 17 വിഭാഗത്തിൽപ്പെട്ട മൂന്ന് ഹെലികോപ്റ്ററുകൾ അണിനിരന്ന ധ്വജ് ഫോർമേഷനും എംകെ ഒന്ന് എൽസിഎ എയർക്രാഫ്റ്റുകൾ അണിനിരന്ന തേജസ് ഫോർമേഷനും എൽയു ഹെലികോപ്റ്ററുകൾ പങ്കെടുത്ത ഭീം ഫോർമേഷനും മാനത്ത് അത്ഭുതക്കാഴ്ചകൾ വിരിയിച്ചു.
ഡോണിയർ (രക്ഷക് ഫോർമേഷൻ), എൽ സി എ എംകെ 1 എ (യോദ്ധ), മിഗ് 29, ഹോക്ക് ( വരുണ ഫോർമേഷൻ), ജാഗ്വർ (അർജുന ഫോർമേഷൻ), നേത്ര , എസ് യു - 30 ( നേത്ര ഫോർമേഷൻ) തുടങ്ങിയ യുദ്ധവിമാനങ്ങളും എയർ ഡിസ്പ്ലേയുടെ ഭാഗമായി.
ഫ്രാൻസിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയ റാഫേൽ പോർവിമാനവും ത്രിശൂൽ എയർക്രാഫ്റ്റും എസ് യു 30 വിമാനങ്ങളും പങ്കെടുത്ത ശക്തി ഫോർമേഷനും ശ്രദ്ധേയമായി.
ഇന്ത്യ സാമ്പത്തിക സൂപ്പർ പവർ സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കെ പ്രതിരോധ വ്യവസായ മേഖലയുടെ പ്രാധാന്യം കൂടുതൽ നിർണ്ണായകമാവുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു.പ്രതിരോധ മേഖലയിൽ രാജ്യം കൈവരിക്കുന്ന ഏതൊരു നേട്ടവും ഇന്ത്യയുടെ സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സാമ്പത്തിക രംഗത്തും ശക്തമായ പ്രതിധ്വനി സൃഷ്ടിക്കും.പ്രതിരോധ ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങൾക്കു വേണ്ടി മാത്രമല്ല പ്രയോജനപ്പെടുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. സിവിലിയൻ ആവശ്യങ്ങൾക്കായുള്ള പുതിയ കണ്ടുപിടിത്തങ്ങളിലേക്കും നയിക്കുന്നു.ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും സഹായകമാകുന്നു. ഫലത്തിൽ പ്രതിരോധ മേഖല ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.











