
കരസേനയിലെ കേണൽ സോഫിയ ഖുറേഷി, വ്യോമസേനയിലെ വിംഗ് കമാണ്ടർ വ്യോമിക സിംഗ് എന്നീ വനിതാഓഫീസർമാരെയായിരുന്നല്ലോ ഓപ്പറേഷൻ സിന്ദൂരിനെ പറ്റി ലോകത്തോട് പറയാൻ രാജ്യം നിയോഗിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു ദൗത്യത്തിന് വനിതാഓഫീസർമാരെ നിയോഗിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിനും തുടർനടപടികൾക്കും നേതൃത്വം കൊടുക്കുന്ന ധീര വനിതകളാണവർ. ഓപ്പറേഷൻ സിന്ദൂർ എന്ന അന്വർത്ഥമായ പേരും വനിതാഓഫീസർമാരുടെ നേതൃത്വവും ഓപ്പറേഷന്റെ വിജയമെന്നപോലെ സ്ത്രീശക്തിയുടെ യശസ്സും വാനോളമുയർത്തി. ഒറ്റ ദിവസം കൊണ്ട് ലോകതലത്തിൽ ശ്രദ്ധേയരായിത്തീർന്ന കേണൽ സോഫിയയും വിംഗ് കമാണ്ടർ വ്യോമികയും നമ്മുടെ സ്ത്രീജനങ്ങൾക്ക് പകർന്നേകിയ ആവേശവും ആത്മവിശ്വാസവും രാജ്യസേവനത്തിനുള്ള ത്വരയും തെല്ലൊന്നുമല്ല. മൂന്നുതലമുറകളായി സൈന്യസേവനം നടത്തുന്ന കുടുംബമാണ് വഡോദര സ്വദേശിനിയായ സോഫിയയുടേത്. മുത്തച്ഛനും അച്ഛനും സൈന്യത്തെ സേവിച്ചവരാണ്. ആ മഹത്തായ പാരമ്പര്യമാണ് സോഫിയ പിന്തുടരുന്നത്. ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമെടുത്ത ശേഷം പിഎച്ച്ഡി പൂർത്തിയാക്കി. 1999 ൽ ചെന്നൈയിലെ ഓഫീസേർസ് ട്രെയിനിങ് അക്കാദമിയിലൂടെയാണ് കരസേനയിലെത്തിയത്. 2016 ൽ ഫോഴ്സ് 18 സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചു. കരസേനയിലെ ഉന്നതസ്ഥാനങ്ങളിലെ ലിംഗസമത്വം സംബന്ധിച്ച 2020 ലെ സുപ്രധാന വിധിന്യായത്തിൽ സുപ്രീംകോടതി പരാമർശിച്ച വനിതാ ഓഫീസർമാരിൽ ഒരാളാണ് സോഫിയ. ഭർത്താവ് കേണൽ താജുദ്ദീൻ ബഗെവാഡി കർണാടക സ്വദേശിയാണ്. ബെളഗാവി ജില്ലയിലെ ഗോകക് താലൂക്കിൽ പെടുന്ന കൊന്നൂർ ഗ്രാമമാണ് താജുദ്ദിന്റെ ജന്മദേശം. 2015 ലാണ് സോഫിയ ഖുറേഷി കർണ്ണാടകത്തിന്റെ മരുമകളായത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്. കൊന്നൂരിലെ പഴക്കമേറിയ ചെറിയൊരു വീട്ടിലാണ് സോഫിയയുടെ ഭർതൃപിതാവ് ഗൗസ് സാബ്, ഭർതൃ മാതാവ് ഫർസാന, ഭർതൃ സഹോദരൻ സിക്കന്ദർ എന്നിവർ താമസിക്കുന്നത്. താജുദ്ദിന്റെ മറ്റൊരു സഹോദരൻ ആദം അലി സംസ്ഥാന ഫയർ ആൻഡ് എമർജൻസി വിഭാഗത്തിൽ ഉദ്യോഗവുമായി ബംഗളുരുവിലാണ്. സോഫിയ ജമ്മുവിലും താജുദ്ദിൻ ഉത്തർ പ്രദേശിലുമാണ് സേവനമനുഷ്ഠിക്കുന്നത്.
Photo Courtesy - Google











