01:55pm 11 August 2026
NEWS
കൊളംബിയയിലുണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പം; മരണസംഖ്യ ഉയരുന്നു
11/08/2026  10:51 AM IST
nila
കൊളംബിയയിലുണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പം; മരണസംഖ്യ ഉയരുന്നു

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയെ നടുക്കിയ 7.4 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഈ നൂറ്റാണ്ടിൽ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് നിരവധി നഗരങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഭൂകമ്പത്തിന് പിന്നാലെ 21 തുടർചലനങ്ങൾ ഉണ്ടായതായി പ്രസിഡന്റ് അറിയിച്ചു. കൂടുതൽ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ മരണസംഖ്യയും നാശനഷ്ടങ്ങളും ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.

ഭൂകമ്പത്തിൽ കുറഞ്ഞത് 1,575 വീടുകളും 18 ആരോഗ്യകേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നതായി അധികൃതർ അറിയിച്ചു. 61 കെട്ടിടങ്ങൾ പൂർണമായും തകർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ദുരന്തബാധിതർക്ക് അടിയന്തര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പസഫിക് മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നായ പസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമാണിത്. പസഫിക് തീരത്തുള്ള ചോക്കോ പ്രവിശ്യയാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന മേഖലകളിലൊന്ന്.

ഇടതൂർന്ന കാടുകൾ നിറഞ്ഞതും രാജ്യത്തെ ദരിദ്ര മേഖലകളിലൊന്നുമായ ചോക്കോയിൽ പല പ്രദേശങ്ങളിലേക്കും ബോട്ടിലോ വിമാനത്തിലോ മാത്രമേ എത്തിച്ചേരാനാകൂ. ഇതുമൂലം രക്ഷാപ്രവർത്തനവും നാശനഷ്ടങ്ങളുടെ കൃത്യമായ വിലയിരുത്തലും ദുഷ്കരമായിരിക്കുകയാണ്.

അയൽരാജ്യമായ വെനിസ്വേലയിൽ കഴിഞ്ഞ ജൂണിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതം മാറും മുൻപാണ് കൊളംബിയയിലും വൻ ദുരന്തമുണ്ടായത്. പുതിയ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല്ല അധികാരമേറ്റതിന് പിന്നാലെയുണ്ടായ ഭൂകമ്പം പുതിയ സർക്കാരിന് മുന്നിലെ ആദ്യ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img