
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിർത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂർട്ടോ ലെഗുയിസാമോയിലാണ് വിമാനം തകർന്നുവീണത്. യു.എസ് നിർമ്മിതമായ ഹെർക്കുലീസ് സി 130 വിഭാഗത്തിൽപ്പെട്ട സൈനിക വിമാനമാണ് അപകടത്തിൽപെട്ടത്.
വിമാനം പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കൂപ്പുകുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് വിമാനത്തിൽ 114 സൈനികരും 11 ജീവനക്കാരും ഉണ്ടായിരുന്നു. മരണസംഖ്യയെക്കുറിച്ചുള്ള വ്യക്തമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
വിമാനത്തിൽ നിന്ന് 48 പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി വ്യോമസേനാ മേധാവി കാർലോസ് ഫെർണാണ്ടോ സിൽവ റുയേഡ അറിയിച്ചു. പരുക്കേറ്റവരെ നാട്ടുകാർ മോട്ടോർ സൈക്കിളുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ആശുപത്രികളിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.











