
ന്യൂയോർക്ക്: ഗ്രൂപ്പ് കെ പോരാട്ടത്തിൽ കൊളംബിയക്കെതിരെ ഗോൾരഹിത സമനില നേടിയ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി. ഏഴ് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ അഞ്ച് പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നോക്കൗട്ട് റൗണ്ടിൽ പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടും.
ഗോളുകൾ പിറന്നില്ലെങ്കിലും ആവേശത്തിന് കുറവില്ലാത്ത മത്സരമായിരുന്നു ഇത്. തുടക്കം മുതൽ ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ പോരാട്ടത്തിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് കൊളംബിയയായിരുന്നു. 16-ാം മിനിറ്റിൽ ജോൺ കൊർദോബയുടെ ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ ഡിയഗോ കോസ്റ്റ തകർപ്പൻ സേവിലൂടെ തടഞ്ഞു. പന്തടക്കത്തിലും ഗോൾമുഖത്തേക്കുള്ള ശ്രമങ്ങളിലും കൊളംബിയ ആധിപത്യം പുലർത്തിയെങ്കിലും പോർച്ചുഗൽ പ്രതിരോധം ഉറച്ചുനിന്നു.
ഇൻജുറി ടൈമിൽ ഡേവിൻസൺ സാഞ്ചസ് വലകുലുക്കിയപ്പോൾ കൊളംബിയ വിജയമുറപ്പിച്ചതായി തോന്നിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡ് കണ്ടെത്തിയതോടെ ഗോൾ അനുവദിച്ചില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്താനെ 3-1ന് തോൽപ്പിച്ച് മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിലൂടെ നോക്കൗട്ടിൽ ഇടംപിടിച്ചു. എൽദോർ ഷൊമുറോദോവിന്റെ ഗോളിൽ ലീഡെടുത്ത ഉസ്ബെക്കിസ്താനെതിരെ രണ്ടാം പകുതിയിൽ യോനെ വിസ്സ (രണ്ട്), ഫിസ്റ്റൺ മയേലെ എന്നിവർ നേടിയ ഗോളുകളാണ് കോംഗോയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്.










