04:54pm 05 June 2026
NEWS
കോളജ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
05/06/2026  07:30 AM IST
NILA
കോളജ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോളജ് അധ്യാപികയെ സ്വന്തം ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് മരിച്ചത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിലായിരുന്നു ദേവോസ്മിത താമസിച്ചിരുന്നത്. ഭർത്താവ് ബെംഗളൂരുവിലായതിനാൽ അവർ ഒറ്റയ്ക്കായിരുന്നു ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ദേവോസ്മിതയുടെ സഹോദരി ദേവാരതി പോൾ പൊലീസിനെ വിവരം അറിയിച്ചത്. രാവിലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനൊപ്പം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതും സംശയത്തിന് ഇടയാക്കി. തുടർന്ന് പൂട്ട് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ദേവോസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയിൽ ഭാരമേറിയ വസ്തു കൊണ്ട് ആക്രമിക്കപ്പെട്ടതിന്റെ ഗുരുതരമായ മുറിവുകളും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീട്ടിൽ നിന്നു സ്വർണമോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നതിനാൽ കവർച്ച ലക്ഷ്യമിട്ടുള്ള ആക്രമണമാകാൻ സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img