കൊച്ചി : വല്ലാർപാടം രാജ്യാന്തര ടെർമിനലിൻ്റെ റെയിൽ നിർമ്മാണത്തിന് വേണ്ടി ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ നിന്ന് കിടപ്പാടങ്ങൾ വിട്ടുകൊടുക്കേണ്ടിവന്ന 56 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി കാക്കനാട് വാഴക്കാല വില്ലേജിൽ തുതിയൂർ മുട്ടുങ്കൽ റോഡിന് സമീപത്തുള്ള പുനരധിവാസ സൈറ്റിൽ ഇന്ന് (16/07/26) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടർ എത്തിച്ചേരും. നാല് സെൻറ് വീതമുള്ള 56 പ്ലോട്ടുകളും അവയെ ബന്ധിപ്പിക്കുന്ന 3 മീറ്റർ വീതിയുമുള്ള വഴിയും അടങ്ങുന്ന 4.25 ഏക്കർ ഭൂമി ഉപയോഗശൂന്യമായ നെൽവയലാണ്. ചതുപ്പിന് സമാനമായ ഈ പ്ലോട്ടുകളിൽ ഇതിനകം സ്വന്തം ചെലവിൽ മൂന്നു കുടുംബങ്ങളാണ് ഭവനങ്ങൾ നിർമ്മിച്ചത്. ഇവ മൂന്നിനും ഇതിനകം സ്ട്രക്ച്ചറൽ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ആശങ്കയിൽ ആയ ശേഷിക്കുന്ന 53 കുടുംബങ്ങൾ വീടുകൾ നിർമ്മിക്കുന്നതിൽ നിന്നും ഇപ്പോൾ വിട്ടു നിൽക്കുകയാണ്. പുനരധിവാസത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള നിരീക്ഷണ സമിതിയിൽ ( മോണിറ്ററിങ് കമ്മിറ്റി ) മുലമ്പിള്ളി കോർഡിനേഷൻ കമ്മിറ്റി നിരന്തരമായി ഈ പ്രശ്നം രേഖാമൂലം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വീ.ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ സൈറ്റ് സന്ദർശിച്ചിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെയും കൂടി അടിസ്ഥാനത്തിൽ കളക്ടർ നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ജൂലൈ പതിമൂന്നാം തീയതി കോർഡിനേഷൻ കമ്മിറ്റി ജില്ലാ കളക്ടർ മോണിറ്ററിംഗ് കമ്മിറ്റി വിളിച്ചുകൂട്ടണം എന്ന ആവശ്യം ഉന്നയിച്ചു കത്ത് നൽകിയിരുന്നു. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കുടുംബങ്ങൾക്ക് ഇരുനില കെട്ടിടം പണിയാവുന്ന എ ക്ലാസ് ഭൂമിയാണ് ലഭിക്കേണ്ടത്. ഭൂമി ഒരുക്കുന്നതും വരെ വാടകയ്ക്ക് താമസിക്കുവാനുള്ള സാമ്പത്തികം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ വിധി സമയബന്ധിതമായി നടപ്പിലാക്കാത്തത് മൂലം നിലവിൽ കോടതി അലക്ഷ്യ നടപടികളും പുരോഗമിക്കുകയാണ് .











