
കോയമ്പത്തൂർ: അയൽവാസിയുടെ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട 10 വയസുകാരിയുടെ മൃതദേഹം തന്റെ സമ്മതമില്ലാതെയും അവസാനമായി കാണാൻ പോലും അനുവദിക്കാതെയും ഭർത്താവിന്റെ കുടുംബം സംസ്കരിച്ചുവെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തമിഴ്നാട്ടിലെ സുലൂരിന് സമീപമാണ് ദാരുണ സംഭവമുണ്ടായത്. നീതി ഉറപ്പാക്കാതെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള രേഖകളിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
“എന്നാൽ ഭർത്താവിന്റെ ഒപ്പ് വാങ്ങിയ ശേഷം പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം ഉടൻ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. മൃതദേഹം എന്നെ കാണിച്ചില്ല. നഗരത്തിലെ ഇ.എസ്.ഐ ആശുപത്രിയുടെ പിൻവാതിലിലൂടെ പുറത്തേക്ക് കൊണ്ടുപോയി ആംബുലൻസിൽ കയറ്റി. ഞങ്ങൾ പിന്തുടരാൻ ശ്രമിച്ചപ്പോൾ ആംബുലൻസ് അതിവേഗം പോയി. പിന്നീട് ഞങ്ങൾ സേലത്തുള്ള സ്വദേശത്തേക്ക് പോയെങ്കിലും അതിന് മുമ്പേ അവർ മൃതദേഹം ദഹിപ്പിച്ചിരുന്നു,” അമ്മ ആരോപിച്ചു. മകളെ അവസാനമായി ഒരു നോക്ക് കാണാൻ പോലും അനുവദിക്കാതിരുന്ന ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവദിവസം പെൺകുട്ടിയുടെ അമ്മ മദ്യപിച്ച് ലക്കുകെട്ട് കിടക്കുകയായിരുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളും അവർ നിഷേധിച്ചു. “അന്ന് ഭർത്താവ് ഫ്രിഡ്ജിന് സമീപം വെച്ചിരുന്ന ശീതളപാനീയം ഞാൻ കുടിച്ചു. അതിൽ മദ്യം കലർത്തിയിരുന്നതായി എനിക്ക് അറിയില്ലായിരുന്നു. അത് കുടിച്ചതിന് ശേഷം എനിക്ക് ബോധം നഷ്ടപ്പെട്ടു. എന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കരുത്,” പെൺകുട്ടിയുടെ അമ്മ അഭ്യർഥിച്ചു.
അറസ്റ്റിലായ പ്രതിയായ കെ. കാർത്തിയെ മുമ്പ് അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “സംഭവത്തിന് ശേഷമാണ് ആ പേര് ആദ്യമായി കേൾക്കുന്നത്,” എന്നും അവർ മറുപടി നൽകി.
ഇതിനിടെ, എം.എൽ.എമാരും പോലീസ് ഉദ്യോഗസ്ഥരും അമ്മയുടെ വീട് സന്ദർശിക്കുകയും മുഖ്യമന്ത്രി സി ജോസഫ് വിജയുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. സംഭാഷണത്തിനിടെ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ഇരയുടെ വിവരങ്ങൾ പുറത്തായതിൽ വിവാദം
കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുറത്തിറക്കിയ തമിഴ്, ഇംഗ്ലീഷ് വാർത്താക്കുറിപ്പുകളിൽ ഇരയുടെ വിലാസം ഉൾപ്പെടുത്തിയതിനെ തുടർന്ന് വിമർശനം ഉയർന്നിരുന്നു. തുടർന്ന്, കുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിടരുതെന്ന് മാധ്യമങ്ങൾക്ക് പൊലീസ് കർശന നിർദ്ദേശം നൽകി. ചില മാധ്യമങ്ങൾ കുട്ടിയുടെ പേരും ചിത്രങ്ങളും പ്രസിദ്ധീകരിച്ചതിനോടൊപ്പം, സമൂഹമാധ്യമങ്ങളിലും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പോക്സോ നിയമം (POCSO Act), 2012-ലെ വകുപ്പ് 23 പ്രകാരം ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ പേര്, ചിത്രം, സ്കൂളിന്റെ പേര്, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ, ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 72 പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പ് 74 പ്രകാരവും ഇരയുടെയും സാക്ഷികളുടെയും തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണ്.
പോലീസ് കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും, വിലാസം വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, വെസ്റ്റ് സോൺ ഐ.ജി ആർ വി രമ്യ ഭാരതി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാന പ്രതിയായ കെ. കാർത്തി (33) കുട്ടിയുടെ അയൽവാസിയാണെന്ന് പറഞ്ഞതും ഇരയുടെ തിരിച്ചറിയലിലേക്ക് പരോക്ഷമായി നയിക്കാമെന്ന വിമർശനം ഉയർന്നു. അറസ്റ്റിലായ കെ. കാർത്തി ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ചിത്രങ്ങളും രണ്ടാമത്തെ പ്രതിയായ ആർ. മോഹന്റെ മുഖം മറയ്ക്കാതെയുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതും വിവാദമായിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടാണ് വീടിനടുത്ത് കളിക്കുകയായിരുന്നു പത്തുവയസുകാരിയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസിയായ കാര്‍ത്തിക് ഇരുചക്രവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്ത ദിവസം വീടിന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കണ്ണംപാളയം കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കുളത്തിലിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണമാണ് അയല്‍വാസിയായ കാര്‍ത്തിക്കിലേക്കും ഇയാളുടെ സുഹൃത്ത് മോഹന്‍ രാജിലേക്കും എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച് കാലിന് പരുക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ രാജിനെ 27 വരെ കസ്റ്റഡിയില്‍ വിട്ടു.










