
ദോഹ: ദോഹ: ഖത്തറിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണ-സാംസ്കാരിക ആഘോഷങ്ങളിലൊന്നായ കോഫി, ടീ ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് അൽ ബിദ്ദ പാർക്കിൽ ആവേശകരമായി തുടരുന്നു. രുചികരമായ പാനീയങ്ങളും മധുര വിഭവങ്ങളും കുടുംബ വിനോദങ്ങളും ഒത്തുചേരുന്ന 10 ദിവസത്തെ ഫെസ്റ്റിവൽ ഡിസംബർ 13 വരെ നീളും.
മേളയിൽ 40 കിയോസ്കുകൾ വഴി കോഫി, ടീ, ചോക്ലേറ്റ്, മിഠായികൾ, ഡെസേർട്ടുകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും നടക്കുന്നു. കൂടാതെ 15-ഓളം റെസ്റ്റോറന്റുകളുള്ള ഫുഡ് കോർട്ട് ഭക്ഷണപ്രേമികളെ ആകർഷിക്കുന്നു. ഫെസ്റ്റ് വൈകിട്ട് 4 മുതൽ രാത്രി 11 വരെ സന്ദർശകർക്ക് തുറന്നിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികൾക്കായി വിനോദമേഖല, കാർണിവൽ റൈഡുകൾ, മസ്കോട്ട് പരേഡ്, തത്സമയ കലാപരിപാടികൾ എന്നിവയും ഒരുക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകതയായി, ഇതൊരു പെറ്റ്-ഫ്രണ്ട്ലി ഫെസ്റ്റിവൽ ആയതിനാൽ സന്ദർശകർക്ക് വളർത്തുമൃഗങ്ങളെയും കൊണ്ടുവരാൻ അവസരം ലഭിക്കുന്നു.
പ്രവേശനം സൗജന്യമാണ്.ആദ്യ നാല് ദിവസങ്ങളിൽ തന്നെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തത് പരിപാടിയുടെ ജനപ്രീതിക്ക് തെളിവായി.
ദോഹയിലെ കുടുംബങ്ങൾക്കും യുവാക്കൾക്കും രുചിയും രസവുമൊരുക്കുന്ന വിരുന്നായി ഫെസ്റ്റിവൽ മാറിയിരിക്കുകയാണ്










