02:26pm 10 November 2026
NEWS
വെളിച്ചെണ്ണക്ക് പൊള്ളുന്ന വില; തേങ്ങ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞു
14/07/2025  11:21 AM IST
സുരേഷ് വണ്ടന്നൂർ
വെളിച്ചെണ്ണക്ക് പൊള്ളുന്ന വില; തേങ്ങ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞു

കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ സ്വർണത്തേക്കാൾ വിലയാണ്. ഓണക്കാലമാവുമ്പോഴേക്കും ഒരു കിലോ വെളിച്ചെണ്ണയുടെ വില 500 രൂപ കടക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. ഒരു വർഷം മുൻപ് 180 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വിലയാണ് ഇപ്പോൾ 430 മുതൽ 470 രൂപ വരെയായി ഉയർന്നത്. തേങ്ങയുടെ വിലയും കുതിച്ചുയർന്ന് 78-85 രൂപയിലെത്തി.

ഈ വിലക്കയറ്റത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതിലൊന്ന് തെങ്ങ് കൃഷിയിലെ ഉത്പാദനക്കുറവാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേര കൃഷി ചെയ്തിട്ടും ഉത്പാദനക്ഷമതയുടെ കാര്യത്തിൽ നമ്മൾ മറ്റു സംസ്ഥാനങ്ങൾക്ക് പിന്നിലാണ്. ഉദാഹരണത്തിന്, തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കേരളത്തേക്കാൾ കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്നുണ്ട്.

തെങ്ങുകൾക്ക് ഉണ്ടാകുന്ന രോഗങ്ങളാണ് ഉത്പാദനക്കുറവിന്റെ ഒരു പ്രധാന കാരണം. കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, കൂമ്പുചീയൽ തുടങ്ങിയ രോഗങ്ങൾ കാരണം തെങ്ങുകൾ വ്യാപകമായി നശിക്കുന്നു. കൂടാതെ, കാലാവസ്ഥാ വ്യതിയാനവും ഉത്പാദനത്തെ ബാധിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ നാളികേര ഉത്പാദനക്ഷമത കുറഞ്ഞു വരികയാണ്. 2017-18 വർഷം ഹെക്ടറിന് 10,472 നാളികേരം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 7,211 ആയി കുറഞ്ഞു.

അതേസമയം, കേന്ദ്രസർക്കാർ ഇറക്കുമതി ചുങ്കം കൂട്ടിയതോടെ പാമോയിൽ, സൂര്യകാന്തി എണ്ണ തുടങ്ങിയവയുടെ വില കൂടി. ഇതോടെ, ആളുകൾ വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി, ഇതും വില വർധനവിന് കാരണമായി.

വില വർദ്ധിച്ചതോടെ വ്യാജ വെളിച്ചെണ്ണയും വിപണിയിൽ പെരുകുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ കൊപ്രയും രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇത്തരം വ്യാജ വെളിച്ചെണ്ണകൾ നിർമ്മിക്കുന്നത്. പാരഫിൻ ഓയിൽ, മിനറൽ ഓയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയവ കലർത്തി വിൽക്കുന്ന ബ്രാൻഡുകളും വിപണിയിലുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിനും ദോഷകരമാണ്. കൊപ്രയുടെ ക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടുകയാണ് കേരഫെഡ്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.
ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കേരളം നാളികേര ഉത്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്. കൃഷിക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും തെങ്ങുകളുടെ രോഗങ്ങൾ തടയാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img