12:30am 24 July 2026
NEWS
രാജധാനിയെ വിറപ്പിച്ച പാറ്റകൾ
23/07/2026  06:10 PM IST
സുധീർ നാഥ്, ഡൽഹി ബ്യൂറോ
 രാജധാനിയെ വിറപ്പിച്ച പാറ്റകൾ

കേന്ദ്രസർക്കാർ ഡൽഹിയിലെ യുവാക്കളുടെ പ്രതിഷേധം കണ്ടു ഒന്നു വിറച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ഇറങ്ങി വരാൻ ആക്രോശിച്ച ബിജെപി അണികൾ ഒന്നു ഞെട്ടി. ജൂൺ 20ന് രാവിലെ മുതൽ ജന്തർ മന്ദിറിലേയ്ക്ക് ഒഴുകിയെത്തിയ ചെറുപ്പക്കാരുടെ എണ്ണം നേരിട്ട് കാണേണ്ടതു തന്നെയാണ്. ഭൂരിപക്ഷം സമര സേനാനികളും 30 വയസ്സ് താഴെയുള്ള ജെൻസികൾ ആയിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മറ്റ് സമരങ്ങളെ അപേക്ഷിച്ച് വനിതകളുടെ എണ്ണം കൂടുതലായിരുന്നു. സമാധാനപരമായി ഭാരത് മാതാ കി ജയ് എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് അവർ ജന്തർ മന്ദിറിലേയ്ക്ക് എത്തിയത്. അവരെയാണ് പോലീസും പട്ടാളവും കണ്ണീർ വാതകവും ലാത്തിയും കൊണ്ട് നേരിട്ടത്. 

ഡൽഹി ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷക പദവി നിയമിക്കുന്നതിൽ കാലതാമസം വരുത്തിയതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയുമായി ബന്ധപ്പെട്ടാണ് ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം. വ്യാജ ബിരുദങ്ങളുമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്കെതിരെ സിബിഐ അന്വേഷണം നടത്താൻ നിർദ്ദേശിക്കുന്നതിന് ഉചിതമായ ഒരു കേസ് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യ കാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് കേസ് കേൾക്കാൻ വിസമ്മതിച്ചു.  2026 മെയ് 15-ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചുകൊണ്ട് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനുള്ള മറുപടിയായാണ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് തന്ത്രജ്ഞനായ അഭിജീത് ദിപ്‌കെ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) എന്ന ആശയവുമായി രംഗത്തെത്തിയത്. 'അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, ഭരണകൂടത്തോടുള്ള വിയോജിപ്പ് എന്നിവയ്‌ക്കെതിരെ ഉയർന്നുവന്ന ഒരു ആക്ഷേപഹാസ്യപരമായ രാഷ്ട്രീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി 2026 മെയ് 16-ന് ആരംഭിച്ചത്. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയിരുന്നു അഭിജീത് ദിപ്‌കെ. സിജെപി ഒരു രാഷ്ട്രീയ സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് പുറത്തായതായി തോന്നുന്ന യുവ ഇന്ത്യക്കാർക്കുള്ള ഒരു 'പ്ലാറ്റ്ഫോം' ആയി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ദിപ്‌കെ അവകാശപ്പെട്ടു. 

തന്റെ പരാമർശങ്ങൾ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് 'നിയമ, മാധ്യമ, സോഷ്യൽ മീഡിയ, മറ്റ് മാന്യമായ തൊഴിലുകൾ' എന്നിവയിൽ പ്രവേശിച്ച വ്യക്തികളെയാണ് താൻ പ്രത്യേകമായി വിമർശിക്കുന്നതെന്നും ഇന്ത്യയിലെ യുവാക്കളെ താൻ വളരെ ഉന്നതമായി കണക്കാക്കുന്നുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു വിശദീകരണം നൽകി വ്യക്തത വരുത്തിയിട്ടും, വിവാദമായ 'കോക്ക്രോച്ച്' ലേബൽ യുവാക്കളിൽ പതിഞ്ഞു. 

ആക്ഷേപഹാസ്യമായി തുടങ്ങിയതാണ് കൊക്രോച്ച് ജനതാ പാർട്ടിയെങ്കിലും അത് പിന്നീട് ഗൗരവമുള്ള ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു. 'കോക്ക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) എന്ന പേര് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശങ്ങളെ നേരിട്ട് പരാമർശിക്കുന്നതും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പേരിനെ ആക്ഷേപഹാസ്യ പാരഡിയായിയാക്കിയതാണ്.  പേരിന്റെ അർത്ഥം 'കോക്ക്രോച്ച് പീപ്പിൾസ് പാർട്ടി' എന്നാണ്. ബിജെപിയുടെ പേരിന്റെ അർത്ഥം 'ഇന്ത്യൻ പീപ്പിൾസ് പാർട്ടി' എന്നാണ്.  സി.ജെ.പിക്ക് തുടക്കം കുറിച്ച അഭിജിത്തിന് പോലും തമാശ പാർട്ടിയുടെ വളർച്ച വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അത് സോഷ്യൽ മീഡിയയിലുടനീളം അതിവേഗം ജനപ്രീതി നേടി.  

വെബ്സൈറ്റും മാനിഫെസ്റ്റോയും രൂപകൽപ്പന ചെയ്യാൻ ഡിപ്‌കെ ക്ലോഡ്, ചാറ്റ്ജിപിടി പോലുള്ള എ.ഐ. സഹായം ഉപയോഗിച്ചു. പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എ.ഐ. നിർമ്മിച്ചു നൽകിയ ചിത്രങ്ങളും ഉപയോഗിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസ്ഥാനം അതിവേഗം വളർന്നു. ആരംഭിച്ച് 78 മണിക്കൂറിനുള്ളിൽ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് 3 ദശലക്ഷം ഫോളോവേഴ്സ് കവിഞ്ഞു. അഞ്ച് ദിവസത്തിനുള്ളിൽ അത് 10 ദശലക്ഷം കവിഞ്ഞു. രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ബിജെപിയെ കടത്തിവെട്ടുന്ന രീതിയിലേക്ക് അത് വളർന്നത്.  

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് (ഐടിഎ), 2000 ലെ സെക്ഷൻ 69(എ) പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സി.ജെ.പിയുടെ എക്‌സ് അക്കൗണ്ട് നിയന്ത്രിക്കാൻ ഉത്തരവിട്ടു. 2009 ലെ ഇൻഫർമേഷൻ ടെക്നോളജി (പൊതുജനങ്ങൾക്ക് വിവരങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷാ ഗാർഡുകളും തടയൽ) നിയമങ്ങളുടെ റൂൾ 16 പ്രകാരം ബ്ലോക്ക് ചെയ്യാനുള്ള കാരണം രഹസ്യമായി തുടരുന്നുവെങ്കിലും, ദേശീയ സുരക്ഷാ ആശങ്കകളും ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയും ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയാണെന്ന് അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.  സി.ജെ.പിയുടെ എക്‌സ് അക്കൗണ്ടിന്റെ ഉള്ളടക്കം പ്രകോപനപരമാണെന്നും യുവാക്കൾക്കിടയിൽ അതിവേഗം ശ്രദ്ധ നേടുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വാദിച്ചു. 

2024 ലെ പരീക്ഷകളിൽ മുമ്പ് പരാജയപ്പെട്ടിട്ടും, ബിജെപിയുമായി ബന്ധമുള്ള ദിനേശ് ബിവാളിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ചില വ്യക്തികൾ പരീക്ഷകളിൽ പരാജയപ്പെട്ടിട്ടും മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയത് ചോദ്യപേപ്പറുകളുടെ ചോർച്ചയിലൂടെയാണെന്നത് ആദ്യത്തെ ആരോപണമായിരുന്നു. ബിജെപി സർക്കാർ മറച്ചുവെച്ച സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമഗ്രമായ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന ആവശ്യമുണ്ടായി. 2024, 2025 വർഷങ്ങളിലെ നീറ്റ്-യുജി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും, ചോദ്യപേപ്പറുകൾ ചോർന്നന്നും ആരോപണമുണ്ടായി. ഒന്നും സംഭവിച്ചില്ല. 2024, 2025 കാലങ്ങളിൽ നീറ്റ്-യുജി പരീക്ഷകളിലെ ക്രമക്കേടിൽ പല അനർഹരും കയറി പറ്റിയിട്ടുണ്ട് എന്നതാണ് സത്യം.

പ്രധാന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകൾ തുടർച്ചയായി ചോർന്നത് ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുകയും ഔപചാരിക പരാതികൾ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത് ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി. 

2026ൽ വീണ്ടും നീറ്റ്-യുജി പരീക്ഷകളിലെ ചോദ്യപേപ്പറുകൾ ചോർന്നു.  ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാത്ഥികളിൽ ചിലർ ആത്മഹത്യ ചെയ്തു. അതോടെ വിഷയം ആളിക്കത്തി. 

കോക്രോച്ച് ജനതാ പാർട്ടി രൂപം കൊണ്ട സമയത്ത് തന്നെയായിരുന്നു നീറ്റ്-യുജി പരീക്ഷകളിലെ ചോദ്യപേപ്പറുകൾ ചോർച്ചാ വിവാദവും, കുട്ടികളുടെ ആത്മഹത്യയും. കോക്രോച്ച് ജനതാ പാർട്ടി വിഷയം ഏറ്റെടുത്തു. ജൂൺ ആറ് സമരത്തിന് മുന്നോടിയായി പാർട്ടി വ്യക്താക്കളെ കോക്രോച് ജനത പാർടി നിയമിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ ജനകീയ പ്രസ്ഥാനം ഡൽഹിയിൽ വലിയ പ്രക്ഷോഭത്തിന് 2026 ജൂൺ 6 മുതൽ ആഹ്വാനം ചെയ്തു. 

ജൂൺ 6-ന് അമേരിക്കയിലായിരുന്ന അഭിജീത് ദിപ്‌കെ പ്രക്ഷോഭത്തിന് നേത്യത്ത്വം കൊടുക്കാൻ ഇന്ത്യയിൽ എത്തി ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സിബിഎസ്ഇ സിസ്റ്റത്തിലെ പാളിച്ചകൾ എന്നിവയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ ചർച്ചകളുടെ സ്വഭാവം മാറ്റിയെഴുതാൻ പുതിയ തലമുറയിലെ നേതാക്കൾക്ക് കഴിയുമെന്ന് നിയമനങ്ങൾക്ക് പിന്നാലെ സംഘടന വ്യക്തമാക്കി. ജന്തർ മന്തറിൽ ആയിരക്കണക്കിന് യുവാക്കളുടെ പങ്കാളിത്തത്തോടെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി.

സാമൂഹ്യ മാധ്യമങ്ങളിൽ വളർന്നുവന്ന പ്രസ്ഥാനമാണ് എന്നതുകൊണ്ട് വലിയ ചലനങ്ങൾ ഉണ്ടാക്കാൻ അവർക്ക് സാധിക്കുമെന്ന് സർക്കാർ കരുതിയില്ല. അതുകൊണ്ടുതന്നെ ജൂൺ 6 ന്  ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ അഭിജിത് ദീപയ്ക്കും കൊക്രോച് പാർട്ടിക്കും സർക്കാർ അനുമതി നൽകി. വലിയ ജനക്കൂട്ടം ആദ്യദിവസം അവിടെ ഉണ്ടായിരുന്നില്ല. സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് തുടർന്നുള്ള ദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെട്ടു. പ്രക്ഷോഭത്തെ തകർക്കുന്നതിന് വേണ്ടി സർക്കാർ മുഖം തിരിച്ച് മൗനമായിരുന്നു. 

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്  നിരാഹാരമിരുന്നതോടെ ദേശിയ ശ്രദ്ധ നേടി. നിരാഹാര സമരം 20 ദിവസമായിട്ടും സർക്കാർ ഒരു പ്രതികരണവും നടത്തിയില്ല. അതോടെ പിന്തുണ കൂടി. കമ്മ്യൂണിസ്റ്റ് പാർട്ടികളും, ആം ആദ്മി പാർട്ടിയും, വിവിധ വിദ്യാർത്ഥി സംഘടനകളും പിന്തുണയുമായി എത്തി.

ഇതിനിടയിൽ ജൂലൈ 20ന് പാർലമെന്റ് സമ്മേളനം ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായി. അന്ന് തന്നെ പാർലമെന്റ്മാർച്ച് നടത്തുന്നതിനു വേണ്ടി കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം നടത്തി. സോനം വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് നീക്കം ചെയ്താൽ സമരത്തിന്റെ വീര്യം കുറയും എന്ന് സർക്കാർ ധരിച്ചിരിക്കണം. സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് സമര വേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരവേദി വീണ്ടും ഊർജ്ജം പ്രാപിക്കുകയായിരുന്നു. ജൂൺ 17ന് ഡൽഹിയിൽ നടന്ന കോക്രോച്ച് പാർട്ടിയുടെ യോഗത്തിൽ പതിനഞ്ചായിരം പേർ മാത്രമായിരിക്കും വരിക എന്നായിരുന്നു അവർ പ്രതീക്ഷിച്ചത്. എന്നാൽ അവരുടെ പ്രതീക്ഷകൾ അപ്പുറമായി ഒരു ഒന്നരലക്ഷത്തോളം വിദ്യാർഥികളാണ് എത്തിയത്.

പാർലമെന്റ്മാർച്ച് നടക്കുന്നതിന്റെ തലേദിവസം മുതൽ വിദ്യാർത്ഥികളുടെ പ്രവാഹമായിരുന്നു.  ജന്തർ മന്ദിറിനോട് ചേർന്ന് കിടക്കുന്ന എല്ലാ വഴികളിലും സമരക്കാരെക്കൊണ്ട് നിറഞ്ഞു. പോലീസുകാർ വ്യാപകമായി ബാരിക്കേഡുകൾ തീർത്ത് ഒഴുക്ക് തടയുവാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിശക്തമായ വിദ്യാർത്ഥികളുടെ സമരവീര്യം കൊണ്ട് പോലീസിന് അവരെ തടയുവാൻ സാധിച്ചില്ല എന്നുള്ളത് ഒരു വസ്തുതയാണ്. വിദ്യാർഥികളെ അതിക്രൂരമായാണ് പിന്നീട് പോലീസും പട്ടാളവും നേരിട്ടത്. ഒരു കാര്യം ഉറപ്പിച്ചു പറയാം. പാർലമെന്റിന്റെ നടയിൽ വരെ സമരക്കാർക്ക് എത്തുവാൻ സാധിച്ചെങ്കിൽ അത് ഈ സമരത്തിന്റെ വലിയ വിജയകാഹളം തന്നെയാണ്. കണ്ണീർവാതകങ്ങളോ, ലാത്തിച്ചാർജോ  കൊണ്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ സാധിക്കില്ല എന്നുള്ളത് പിന്നീടുള്ള ദിവസങ്ങളിൽ തെളിഞ്ഞതുമാണ്.

ജന്തർ മന്തിറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തിലേക്ക് ആളുകളെത്താതിരിക്കാൻ ഡൽഹി മെട്രോയുടെ 17 സ്റ്റേഷനുകൾ മുന്നറിയിപ്പില്ലാതെ 8 മണിക്കൂർ അടച്ചിട്ടു. സുരക്ഷാ കാരണങ്ങളെ തുടർന്നാണു സ്റ്റേഷനുകൾ അടച്ചതെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു. വിദ്യാർഥികളെയും പ്രതിഷേധക്കാരെയും തടയാൻ മെട്രോ സ്റ്റേഷനുകൾ അടച്ചു പൂട്ടുന്നതു തെറ്റായ നടപടിയാണെന്നും സർക്കാർ എത്രത്തോളം തടയാൻ ശ്രമിക്കുന്നോ അത്രത്തോളം പ്രക്ഷോഭം വളരുമെന്നും സമരക്കാർ പ്രതികരിച്ചു. മെട്രോ അടച്ചാലും യുവാക്കൾ നടന്നു സമര വേദിയിലെത്തുമെന്നും തടയാൻ ശ്രമിക്കുന്നതിനു പകരം ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയാറാകണമെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി.അത് ദിവസങ്ങളോളം തുടർന്നപ്പോൾ കോടതി ഇടപെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് എവിടെ പോയാലും ആവർത്തിച്ചു പറയുന്ന ഒരു കാര്യമാണ് 'ഇന്ത്യയാണ് ജനാധിപത്യത്തിന്റെ മാതാവ്' എന്നത്. എന്നാൽ, ആ ജനാധിപത്യത്തിന്റെ മാതാവിന്റെ തലസ്ഥാന നഗരിയിൽ, തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കായി പ്രതിഷേധിച്ച നിഷ്‌കളങ്കരായ വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് നാം കണ്ടതെന്ന് ജോൺ ബ്രിട്ടാസ് പറയുന്നു. സംഘടിതമായ ഒരു നരനായാട്ടാണ് അവിടെ നടന്നത്. ഒരുവശത്ത് 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് അഭിമാനത്തോടെ പറയുകയും, മറുവശത്ത് ആ മാതാവിന്റെ മക്കളെ നിഷ്‌കരുണം വേട്ടയാടുകയും ചെയ്യുന്ന കാഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.

ഭരണഘടനാ സ്ഥാപനങ്ങളും കോടതികളും സർക്കാരിനു വിധേയമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല യഥാർഥ പ്രതിപക്ഷം. കർഷകരും ആദിവാസികളും വിദ്യാർഥികളും സന്നദ്ധ സംഘടനകളുമെല്ലാം നടത്തുന്ന വലിയ പോരാട്ടങ്ങളെ മുഖ്യധാരാ പാർട്ടികൾ ചേർത്തുപിടിക്കണം. ഇന്ത്യയിലെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലാണെന്നും രാജ്യം സമ്പൂർണ 'തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ'ത്തിലേക്കു മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ നിരീക്ഷകനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ അനുസ്മരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം വെറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒതുങ്ങി നിൽക്കാതെ തെരുവിലെ ചെറുത്തുനിൽപുകൾക്കു കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇപ്പോൾ രാജ്യ തലസ്ഥാനത്ത് നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭം ചരിത്രപരമായി ഏറെ പ്രാധാന്യം ഉള്ളതാണ്. ദക്ഷിണേഷ്യയിലെ രണ്ട് രാജ്യങ്ങളിൽ സമീപകാലത്ത് നടന്ന പ്രക്ഷോഭങ്ങൾ ഇവിടെ പരാമർശിച്ചു പോകേണ്ടതുണ്ട്. 2025ൽ ഇന്ത്യയുടെ സമീപ രാഷ്ട്രമായ നേപ്പാളിനെ പിടിച്ചു കുലുക്കിയത് ജെൻസി പ്രക്ഷോഭമായിരുന്നു. 2026 ഇന്ത്യയെ പിടിച്ചു കുലുക്കികൊണ്ടിരിക്കുന്നത് കൊക്രോച്ച് ജനതാ പാർട്ടിയുടെ യുവജന പ്രക്ഷോഭമാണ്. രണ്ട് പ്രക്ഷോഭങ്ങൾക്കും വ്യത്യസ്ത കാരണങ്ങളുണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു പുതിയ തലമുറ ഭരണ വർഗ്ഗത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ എളുപ്പത്തിൽ തള്ളിക്കളയുവാൻ സാധിക്കുന്ന ഒന്നല്ല. അതാണ് നേപ്പാളിലും ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും. 

നേപ്പാളിലും ഇന്ത്യയിലും ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുക എന്നതായിരുന്നു. സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ ഒട്ടേറെ പേർ നേപ്പാളിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. നേപ്പാളിൽ നടന്ന ജെൻസി മുന്നേറ്റം സർക്കാരിനെ താഴെ ഇറക്കിയത് നാം കണ്ടതാണ്. നേപ്പാളിൽ ജെൻസി പ്രക്ഷോഭകർക്കെതിരെ സർക്കാർ നടപടികൾ ഉണ്ടായിരുന്നു. പക്ഷേ അത് പ്രക്ഷോഭത്തെ കൂടുതൽ ശക്തമാക്കി എന്നുമാത്രമല്ല നേപ്പാളിൽ വളരെ വേഗം രാജ്യ വ്യാപക പ്രക്ഷോഭമായി മാറി. സമാനമായ രീതിയിൽ സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലുകൾ ഇന്ത്യയിൽ ഉണ്ടായി. ഇന്ത്യയിൽ വ്യാപകമായി കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജുമാണ് ഉണ്ടായത്. പ്രക്ഷോപകരുമായി ചർച്ച നടത്താൻ ഇന്ത്യയിൽ സർക്കാർ തയ്യാറായി എന്നുള്ളത് എടുത്തു പറയണം. ഇന്ത്യയിൽ സി.ജെ.പി നടത്തുന്ന പ്രക്ഷോഭവും സമാന രീതിയിലല്ലേ എന്ന് ഒരാൾ ചോദിച്ചാൽ അതേ എന്നല്ലാതെ എന്താണ് മറുപടി നൽകുക.

നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ രൂപകൽപ്പന ചെയ്ത, കല്ലുകൊണ്ട് നിർമ്മിച്ച ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ ഒരു സമുച്ചയമാണ് ജന്തർ മന്ദിർ എന്ന പേരിൽ അറിയപ്പെടുന്നത്. മഹാരാജ ജയ് സിംഗ് രണ്ടാമൻ ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ആഴമായ താൽപ്പര്യമുണ്ടായിരുന്ന ആളായിരുന്നു. 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, നിരീക്ഷണാലയങ്ങളുടെ രൂപകല്പന, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയും പ്രബലമായ സാങ്കേതികവിദ്യയും പഠിക്കാൻ അദ്ദേഹം തന്റെ പണ്ഡിതന്മാരെ പല രാജ്യങ്ങളിലേക്ക് അയച്ചു. അവരുടെ നിരീക്ഷണങ്ങളും ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി കൈപ്പുസ്തകങ്ങളുമായി പണ്ഡിതന്മാർ മടങ്ങി. തുടർന്ന്, 1724 നും 1737 നും ഇടയിൽ, ജയ്പൂർ, മഥുര, ന്യൂഡൽഹി, ഉജ്ജയിൻ, വാരണാസി എന്നിവിടങ്ങളിൽ മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് നിരീക്ഷണാലയങ്ങൾ നിർമ്മിച്ചു. ഇതിൽ മഥുരയിലെ നിരീക്ഷണശാലയും അത് സംരക്ഷിച്ചിരുന്ന കോട്ടയും 1857-ന് തൊട്ടുമുമ്പ് തകർക്കപ്പെട്ടു. ഡൽഹിയിലെ ജന്തർ മന്ദിർ ഇന്ന് സമരങ്ങളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. 

ജന്തർ മന്ദിറിലെ സമരം ശക്തമാകുമ്പോൾ എതിർവശത്തു നിന്ന് വലിയ പ്രതിരോധ ശബ്ദങ്ങൾ ഉയരുന്നുണ്ട്. സി.ജെ.പിയുടെ സമരം വിദേശ ഫണ്ടിങ്ങിൽ ആണെന്നും പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്നുമാണ് പ്രധാന ആരോപണം. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയത് രാമന്റെ പേര് പറഞ്ഞാണ്. രാമ ക്ഷേത്രം നിർമ്മിക്കും എന്ന് പറഞ്ഞാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയും കോടിക്കണക്കിന് രൂപ അവിടെനിന്ന് കൊള്ളയടിക്കുകയും ചെയ്ത വാർത്ത സമീപകാലത്ത് വലിയ രീതിയിൽ ഉയർന്നുവന്നിരുന്നു. പാർലമെന്റെ് സമ്മേളനത്തിൽ അത് വലിയ വിഷയമായി മാറും എന്നുള്ള തിരിച്ചറിവാണ് ബിജെപി സ്‌പോൺസർ ചെയ്തു കൊണ്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭം നടത്തിയിരിക്കുന്നത് എന്നാണ് വേറൊരു ആക്ഷേപം. എന്തായാലും ബിജെപിയുടെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി വളരെ പരിതാപകരമാണ്. എഥനോൾ വിഷയവും സ്വർണക്കൊള്ളയും ജനം ചർച്ച ചെയ്തു തുടങ്ങി. കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധത്തിന്റെ ശബ്ദങ്ങൾ രാജ്യത്തിന്റെ എല്ലാ ചെറിയ വീഥികളിലും മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img