
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. അക്കൗണ്ട് തിരിച്ചുപിടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ഇതുസംബന്ധിച്ച സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘റിക്കവർ ഇറ്റ് നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം സുരക്ഷാ കാരണങ്ങളാൽ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് അഭിജീത്ത് വ്യക്തമാക്കി. അക്കൗണ്ട് വീണ്ടെടുക്കാൻ തിരിച്ചറിയൽ സ്ഥിരീകരിക്കുകയും പുതിയ പാസ്‌വേഡ് സജ്ജമാക്കുകയും വേണമെന്നാണ് ഇൻസ്റ്റഗ്രാം നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പ് സിജെപിയുടെ എക്സ് അക്കൗണ്ടിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എക്സ് അക്കൗണ്ട് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും സജീവമായിരുന്നു.
അതേസമയം, ഇന്ത്യയിൽ ശ്രദ്ധ നേടിയ കോക്രോച്ച് ജനത പാർട്ടിയുടെ ആശയം അതിർത്തിക്കപ്പുറത്തേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാനിൽ ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയിലെ സിജെപിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ രൂപീകരിച്ചതെന്നാണ് അവകാശവാദം.










