
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ മുഖ്യവക്താവായി അന്വേഷണാത്മക മാധ്യമപ്രവർത്തകൻ സൗരവ് ദാസിനെ നിയമിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. രാഷ്ട്രീയ ഗവേഷകനും ചലച്ചിത്ര പ്രവർത്തകനുമായ വിജേതാ ദഹിയയെയും മുൻ മാനേജ്‌മെന്റ് കൺസൾട്ടന്റായ അഷുതോഷ് രങ്കയെയും ഔദ്യോഗിക പ്രതിനിധികളായി നിയമിച്ചതായും സിജെപി പ്രസ്താവനയിൽ വ്യക്തമാക്കി. യുവ ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉറപ്പാക്കുകയും പൊതുജീവിതത്തിലേക്ക് പുതിയ തലമുറയെ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനങ്ങളെന്ന് പാർട്ടി അറിയിച്ചു.
2020 മുതൽ മാധ്യമപ്രവർത്തന രംഗത്തുള്ള സൗരവ് ദാസ് നിയമ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ്. വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്ന അദ്ദേഹം ദ കാരവൻ, ആർട്ടിക്കിൾ 14, അൽ ജസീറ, ദ വയർ, ദ ഹിന്ദു, ന്യൂ ലൈൻസ് മാഗസിൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യാ ഗേറ്റിൽ നടന്ന മാലിന്യവിരുദ്ധ റാലിയിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ അഷുതോഷ് രങ്ക, ഐഐടി കാൻപൂരിൽ നിന്ന് മെറ്റീരിയൽ സയൻസിൽ ബി.ടെക് നേടിയിട്ടുണ്ട്. തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മാനേജ്‌മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആ മേഖല ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയതായാണ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടി നയിച്ചിരുന്ന ഡൽഹി സർക്കാരിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിജേതാ ദഹിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ്. പവർ ഓഫ് യൂണിവേഴ്‌സ്, ടു ഹെൽ വിത്ത് ദാറ്റ് ജോബ് എന്നീ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം രണ്ട് സിനിമകൾക്ക് കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
അതേസമയം, പ്രമുഖ വ്യക്തികൾ ഉടൻ സിജെപിയിൽ ചേരുമെന്ന് പാർട്ടി നേതാവ് അഭിജീത്ത് ദീപ്കേ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി ജൂൺ 6 മുതൽ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം.
സമരത്തിന്റെ ഭാഗമായി അഭിജീത്ത് ദീപ്കേ ഡൽഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധം സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. അമേരിക്കയിൽ നിന്ന് ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തുന്ന ദീപ്കേയെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.










