
ദോഹ:ഗൾഫിലും യൂറോപ്പിലും 'കോക്രോച്ച് ജനതാ പാർട്ടി' പ്രവാസി തരംഗം. നാട്ടിലെ യുവാക്കൾക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം ഈ പ്രസ്ഥാനത്തെ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. വെബ്സൈറ്റ് പൂട്ടിപ്പോയതിനെ തുടർന്ന് 'പ്രവാസികൾക്കിടയിലും' സമൂഹമാധ്യമ ഗ്രൂപ്പുകളിലും ഈ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. നാട്ടിലെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ രംഗത്തെ അഴിമതിയും കാരണം നാടുവിടേണ്ടി വന്ന പ്രവാസി യുവാക്കൾ സി.ജെ.പിക്ക് വലിയ പിന്തുണയാണ് സൈബർ ഇടങ്ങളിൽ നൽകുന്നത്.
കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയെയും ഔദ്യോഗിക സംവിധാനങ്ങളെയും പരിഹസിച്ചുകൊണ്ട് ഡിജിറ്റൽ ഇടങ്ങളിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന ഓൺലൈൻ രാഷ്ട്രീയ പ്രസ്ഥാനത്തിന് നേരെ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസംനടപടിയെടുത്തിരുന്നു പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് റദ്ദാക്കിയതിന് പിന്നാലെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടും ഇൻഡ്യയിൽ ബ്ലോക്ക് ചെയ്തു. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് എക്സ് അക്കൗണ്ട് തടഞ്ഞതെന്നാണ് സൂചന.
ഇതിന് പുറമെ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ബോസ്റ്റൺ സർവകലാശാലയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയുമായ അഭിജീത് ദിപ്കെയുടെ വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ടും പ്രസ്ഥാനത്തിന്റെ പേജും ഹാക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റേത് 'സ്വേച്ഛാധിപത്യ' നടപടിയാണെന്നും എന്നാൽ ഭയന്ന് പിന്മാറില്ലെന്നും 'പാറ്റകൾ ഒരിക്കലും ചാവില്ല' എന്നും അഭിജീത് ദിപ്കെ പ്രതികരിച്ചു.പ്രസ്ഥാനം ആഗോള ശ്രദ്ധ നേടിയതോടെ തനിക്കും മഹാരാഷ്ട്രയിലെ
ഔറംഗബാദ്ഛത്രപതി സംഭാജിനഗറിലുള്ള മാതാപിതാക്കൾക്കും നേരെ നിരന്തരമായ വധഭീഷണികൾ ഉയരുന്നതായി അഭിജീത് ദിപ്കെ വെളിപ്പെടുത്തി. തങ്ങളുടെ വീടിന് മുന്നിൽ ആളുകൾ എത്തിയിട്ടുണ്ടെന്നും വൈകുന്നേരത്തോടെ ബാക്കി കാണിച്ചുതരാമെന്നും വ്യക്തമാക്കുന്ന ഭീഷണി വീഡിയോകൾ ലഭിച്ചതായി അഭിജീത് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മാതാപിതാക്കളെ വേട്ടയാടരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം മകൻ രാഷ്ട്രീയം ഉപേക്ഷിച്ച് സാധാരണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹമെന്നും ഭീഷണികൾ കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അഭിജീതിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം ആദ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു വാദത്തിനിടെ, തൊഴിലില്ലാത്ത യുവാക്കളെയും വ്യാജ ബിരുദധാരികളെയും 'പാറ്റകൾ' (Cockroaches), 'പരാദങ്ങൾ' എന്ന് വിശേഷിപ്പിച്ചു എന്ന വാർത്തകളിൽ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം.തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വ്യാജ ബിരുദം നേടുന്നവർക്ക് എതിരെയായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് തിരുത്തിയിരുന്നു.
ഇതിനു പിന്നാലെ ഭരണാധികാരികൾ സാധാരണക്കാരെ പാറ്റകളായി കാണുന്നുവെങ്കിൽ 'ജീർണ്ണിച്ച ഇടങ്ങളിലാണ് പാറ്റകൾ പെരുകുന്നത്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഭിജീത് ഡിജിറ്റൽ കാമ്പയിൻ ആരംഭിക്കുകയായിരുന്നു. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉയർത്തിക്കാട്ടിയുള്ള പരിഹാസ രൂപേണയുള്ള പ്രകടനപത്രിക പെട്ടെന്ന് തന്നെ യുവാക്കൾ ഏറ്റെടുത്തു.ഒരാഴ്ച മുൻപ് മാത്രം തുടങ്ങിയ സി.ജെ.പി (CJP) എന്ന ചുരുക്കപ്പേരിലുള്ള ഈ പേജ് ഇൻസ്റ്റാഗ്രാമിൽ 2.2 കോടിയിലധികം (22 Million) ഫോളോവേഴ്സിനെയാണ് സ്വന്തമാക്കിയത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് 9 മില്യൺ (90 ലക്ഷം) മാത്രമായിരിക്കെയാണ് സി.ജെ.പിയുടെ ഈ അമ്പരപ്പിക്കുന്ന കുതിപ്പ്. വെബ്സൈറ്റ് പൂട്ടുന്നതിന് മുൻപ് 10 ലക്ഷത്തോളം യുവാക്കൾ ഇതിൽ അംഗത്വമെടുത്തിരുന്നു.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യം കത്തുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്നും രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ആദ്യമായി നേരിട്ടുള്ള രാഷ്ട്രീയ കാമ്പയിനിലേക്ക് കടന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഇവരുടെ ഓൺലൈൻ ഹർജിയിൽ 6 ലക്ഷത്തിലധികം പേർ ഒപ്പുവെച്ചിരുന്നു.
ഇതിനിടെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെച്ചൊല്ലി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. മുൻപ് ആം ആദ്മി പാർട്ടിയുടെ (AAP) സോഷ്യൽ മീഡിയ വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ് അഭിജീത് ദിപ്കെ. എ.എ.പി നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ സി.ജെ.പിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയതോടെ, ഇത് ആം ആദ്മി പാർട്ടി സ്പോൺസർ ചെയ്യുന്ന നിഴൽ രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ച് ആദ്യകാലത്ത് പിന്തുണച്ച ചില മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രസ്ഥാനത്തിൽ നിന്നും രാജി വെച്ചിട്ടുണ്ട്. എന്നാൽ തനിക്ക് നിലവിൽ എ.എ.പിയുമായി ബന്ധമില്ലെന്നും ഇതൊരു സ്വതന്ത്ര യുവജന മുന്നേറ്റമാണെന്നുമാണ് അഭിജീതിന്റെ വാദം.
ഡിജിറ്റൽ അക്കൗണ്ടുകൾ പൂട്ടിച്ചെങ്കിലും പുതിയ പ്ലാറ്റ്ഫോമുകളിലൂടെ ശക്തമായി തിരികെ വരുമെന്ന് സി.ജെ.പി അറിയിച്ചിട്ടുണ്ട്. എന്നാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയമോ മറ്റ് ഔദ്യോഗിക വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.










