
സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ സ്വാധീനം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. പാകിസ്ഥാനിൽ ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ സമാന ആശയങ്ങളുമായി പുതിയ ഓൺലൈൻ കൂട്ടായ്മകൾ രൂപംകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ പരിഹാസരാഷ്ട്രീയത്തിന്റെ ഭാഗമായി ആരംഭിച്ച ‘കോക്രോച്ച് ജനത പാർട്ടി’ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ ജനപ്രീതി നേടിയിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം കോടിക്കണക്കിന് ആളുകളാണ് ഈ പ്രസ്ഥാനത്തെ പിന്തുടരുന്നത്. യുവജനങ്ങളുടെ വ്യാപക പിന്തുണയാണ് ഇതിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമായത്.
ഈ ജനപ്രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാകിസ്ഥാനിലും സമാന ഗ്രൂപ്പുകൾ രൂപംകൊണ്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിലെ പ്രസ്ഥാനത്തിന് ലഭിച്ചത്ര സ്വീകാര്യത അവിടത്തെ ഗ്രൂപ്പുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
തൊഴിൽരഹിതരായ യുവാക്കളെ ‘കോക്രോച്ചുകൾ’ എന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെയാണ് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന ആശയം രൂപംകൊണ്ടത്. പിന്നാലെ ഇത് പ്രതിഷേധത്തിന്റെയും ആക്ഷേപഹാസ്യ രാഷ്ട്രീയത്തിന്റെയും പ്രതീകമായി മാറുകയായിരുന്നു.
പാകിസ്ഥാനിലെ പുതിയ ഗ്രൂപ്പുകൾ ഇന്ത്യൻ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അവരുടെ സോഷ്യൽമീഡിയ പേജുകളിൽ വ്യക്തമാക്കുന്നുണ്ട്. “കോപ്പിയടിച്ചതാണ്, പക്ഷേ ലക്ഷ്യം ഒന്നുതന്നെ” എന്ന കുറിപ്പും അക്കൗണ്ടുകളുടെ ബയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ലോഗോയോട് സാമ്യമുള്ള ചിഹ്നങ്ങളാണ് ഇവരും ഉപയോഗിക്കുന്നത്.










