
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) അക്കൗണ്ട് തടഞ്ഞ നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. പാർട്ടിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നതായാണ് വിവരം.
അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയതോടെ ജനകീയ വിഷയങ്ങളിൽ കൂടുതൽ സജീവമാകാനാണ് കോക്രോച്ച് ജനത പാർട്ടിയുടെ തീരുമാനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഓൺലൈൻ പ്രചാരണം ആരംഭിച്ചു.
സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും റദ്ദാക്കാൻ ശ്രമമുണ്ടായാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ മുന്നറിയിപ്പ് നൽകി. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോക്രോച്ച് ജനത പാർട്ടി
ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തം കുറയുകയാണെന്ന വിമർശനം നിലനിൽക്കുമ്പോൾ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയത്തിൽ പുതിയ തലമുറയ്ക്ക് അപ്രതീക്ഷിത താൽപര്യം ഉണർത്തിയിരിക്കുകയാണ് ഒരു പരിഹാസ രാഷ്ട്രീയ സംരംഭം. "കോക്രോച്ച് ജനത പാർട്ടി"(സിജെപി) ഇന്ന് ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. സോഷ്യൽമീഡിയയിൽ ബിജെപിയുടെ ജനകീയതെയും മറികടന്ന് മുന്നേറുകയാണ് സിജെപി. അതിന് പിന്നിലുള്ളതാകട്ടെ ഒരു മുപ്പത് വയസുകാരനും. പേര്: അഭിജീത് ദിപ്കെ.
ഇന്ത്യൻ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ "കോക്രോച്ചുകൾ" (പാറ്റകൾ) എന്ന് വിശേഷിപ്പിച്ച വിവാദ പരാമർശത്തെ തുടർന്നാണ് ദിപ്കെ "കോക്രോച്ച് ജനത പാർട്ടി" (സിജെപി) എന്ന പേരിൽ ഒരു രാഷ്ട്രീയ-പരിഹാസ പ്രസ്ഥാനം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഈ സംരംഭത്തിന് ഇതിനകം ഒരു ലക്ഷത്തിലധികം പേർ പിന്തുണ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ അൻപതോളം പോസ്റ്റുകൾ മാത്രമാണ് ഇതിനകം സിജെപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
പാർട്ടിക്കായി പ്രത്യേക വെബ്സൈറ്റും ഗാനവും പുറത്തിറക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളായ മഹുവ മൊയ്ത്ര, കൃതി ആസാദ്, പ്രശാന്ത് ഭൂഷൺ എന്നിവരും കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ആരാണ് അഭിജീത് ദിപ്കെ?
രാഷ്ട്രീയ ആശയവിനിമയ വിദഗ്ധനാണ് അഭിജീത് ദിപ്കെ. പൊതുസന്ദേശങ്ങൾ, രാഷ്ട്രീയ നറേറ്റീവുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ് ഈ യുവാവ്. പൂനെയിൽ നിന്ന് ജേർണലിസത്തിൽ ബിരുദം നേടിയ ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെ ബോസ്റ്റൺ സർവകലാശാലയിൽ നിന്നും പബ്ലിക് റിലേഷൻസിൽ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി. നിലവിൽ ജോലി തേടുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020 മുതൽ 2023 വരെ അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, തിരഞ്ഞെടുപ്പ് പ്രചാരണ സംഘങ്ങളുമായി ദിപ്കെ സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളിലും മീം-അധിഷ്ഠിത ക്യാംപെയിനുകളിലും അദ്ദേഹം പങ്കാളിയായിരുന്നു.
എന്താണ് കോക്രോച്ച് ജനത പാർട്ടി?
സുപ്രീംകോടതിയിലെ ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയതായി വ്യാപകമായി പ്രചരിച്ച "കോക്രോച്ച്" പരാമർശമാണ് പാർട്ടിയുടെ പേരിന് അടിസ്ഥാനം. ഈ വിവാദത്തെ തള്ളിക്കളയുന്നതിനുപകരം, തൊഴിലില്ലായ്മയും യുവജന നിരാശയും പ്രതിനിധീകരിക്കുന്ന ഒരു പ്രതീകമായി ദിപ്കെ അതിനെ മാറ്റുകയായിരുന്നു. പാർട്ടിയുടെ വെബ്സൈറ്റിൽ ഇത് "മടിയന്മാരുടെയും തൊഴിലില്ലാത്ത യുവാക്കളുടെയും ശബ്ദം" എന്നാണ് വിശേഷിപ്പിക്കുന്നത്.
പാർട്ടിയുടെ അഞ്ച് പ്രധാന വാഗ്ദാനങ്ങൾ
- അധികാരത്തിലെത്തിയാൽ വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകില്ല.
- ഒരു യഥാർത്ഥ വോട്ട് പോലും നീക്കം ചെയ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കർശന നടപടി വേണം.
- സ്ത്രീകൾക്ക് 50 ശതമാനം സംവരണം.
- സ്വാധീനമുള്ള വ്യവസായികളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുക.
- പാർട്ടി മാറുന്ന എംഎൽഎമാർക്കും എംപിമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്.
എന്തുകൊണ്ടാണ് ദിപ്കെ ഈ പ്രസ്ഥാനം ആരംഭിച്ചത്?
"ഞാനാണ് ആ കോക്രോച്ച്. ചീഫ് ജസ്റ്റിസ് പറഞ്ഞത് എന്നെപ്പോലുള്ളവരെക്കുറിച്ചാണ്," എന്നാണ് ദിപ്കെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന അവകാശവും സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനത്തിന്റെ തലവനിൽ നിന്നുള്ള പരാമർശമായതിനാലാണ് അത് കൂടുതൽ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയിലെ മറ്റാരെങ്കിലും ഇതേ അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ ഇത്ര വലിയ പ്രതികരണമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ തൊഴിലില്ലായ്മ, പരീക്ഷാ ചോർച്ചകൾ, രാഷ്ട്രീയത്തോടുള്ള നിരാശ, ഭരണസംവിധാനങ്ങൾ തങ്ങളെ അവഗണിക്കുന്നുവെന്ന തോന്നൽ തുടങ്ങിയ വിഷയങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങൾ.
സി.ജെ.പിയിൽ ചേരാൻ യോഗ്യത എന്ത്?
പാർട്ടിയുടെ പരിഹാസാത്മക മാനദണ്ഡങ്ങൾ ഇങ്ങനെയാണ്:
നിർബന്ധം കൊണ്ടോ, സ്വന്തം ഇഷ്ടപ്രകാരമോ, തത്വപരമായോ തൊഴിലില്ലാത്തവനായിരിക്കണം.
ശരീരം വിശ്രമത്തിലായിരിക്കാം, പക്ഷേ മനസ്സ് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണം.
ദിവസത്തിൽ കുറഞ്ഞത് 11 മണിക്കൂർ ഓൺലൈനായിരിക്കണം.
സമൂഹപ്രശ്നങ്ങളെക്കുറിച്ച് ശക്തമായി വിമർശിക്കാൻ കഴിവുണ്ടായിരിക്കണം.
ഔദ്യോഗിക പാർട്ടിയല്ല, പക്ഷേ വലിയ ചർച്ച
കോക്രോച്ച് ജനത പാർട്ടി ഇതുവരെ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയല്ല. എന്നാൽ, ഇന്ത്യൻ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ, അവസരക്കുറവ്, രാഷ്ട്രീയ നിരാശ തുടങ്ങിയ വിഷയങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കുന്നതിൽ ഈ പ്രസ്ഥാനം വിജയിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.










