
കുസാറ്റ് സിണ്ടിക്കേറ്റ് അംഗവും യൂത്ത് വെൽഫെയർ വകുപ്പ് ഡയറക്ടറുമായ ഡോ. പി കെ ബേബി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ ബജറ്റ് അവതരിപ്പിക്കുന്നു. രജിസ്ട്രാർ ഡോ. അരുൺ എ യു സമീപം.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) 743-ാം സിന്ഡിക്കേറ്റ് യോഗം സർവകലാശാലയുടെ അക്കാദമിക് മികവ്, ഗവേഷണ നേതൃത്വം, വിദ്യാർത്ഥി ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര വളർച്ച എന്നിവ ലക്ഷ്യമാക്കി സമഗ്രവും ദീർഘ വീക്ഷണവും ഉള്ള ബജറ്റ് അംഗീകരിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷനായ യോഗത്തിൽ ഫിനാൻസ് ആൻഡ് പർച്ചേസസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ കൺവീനർ ഡോ. പി. കെ. ബേബി ബജറ്റ് അവതരിപ്പിച്ചു.
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) പ്രകാരം കേരളത്തിൽ ഒന്നാം സ്ഥാനവും ആഗോള, ദേശീയ തലങ്ങളിൽ പ്രമുഖ സ്ഥാനവും നേടിയ സർവ്വകലാശാല 2026 -27 വർഷത്തേയ്ക്ക് അവതരിപ്പിച്ച ബജറ്റ്, ₹579.57 കോടി രൂപയുടെ ചെലവും സർക്കാർ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള ₹514.83 കോടി രൂപയുടെ ആകെ വരവും പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാർ ₹187.09 കോടി രൂപ നോൺ-പ്ലാൻ ഗ്രാന്റായും 33.25 കോടി രൂപ പ്ലാൻ ഗ്രാന്റായും 2026 -27 വർഷത്തേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് (IUCIPRS) ന് ₹1 കോടി, സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന് ₹50 ലക്ഷം, എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്പ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോക്കോൾ (ICREP) ന് ₹50 ലക്ഷം എന്നിവയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
വർഷംതോറും ₹75 കോടി രൂപയുടെ ഗവേഷണ പദ്ധതികൾ ലക്ഷ്യമാക്കി ഗവേഷണ ഡയറക്ടറേറ്റ്, വിവിധ തരത്തിലുള്ള വരുമാനങ്ങളും, അനുബന്ധ സേവനങ്ങളും നിരീക്ഷിച്ച് സാമ്പത്തിക ഉത്തരവാദിത്വം ഉറപ്പാക്കുന്നതിന് റെവന്യു അഷ്വറൻസ് സെൽ (Revenue Assurance Cell), മധ്യസ്ഥതയും ബദൽ തർക്കപരിഹാരവും സംബന്ധിച്ച കേന്ദ്രം - Centre for Mediation and Alternate Dispute Resolution (CMADR) - എന്നിവ ആരംഭിക്കും. ഗ്രാമീണ മേഖലയുടെ വികസനവും സാമൂഹ്യ വികാസവും മുൻനിർത്തി കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കുട്ടനാട് (CUCEK) ഒരു ഗ്രാമീണ ക്യാമ്പസായി വികസിപ്പിക്കും. സെമികണ്ടക്ടർ മേഖലകളിലെ സവിശേഷ പരിശീലത്തിനായി CUSAT Semiconductor Training and Enhancement Programme (C-STEP) ആരംഭിക്കും. ജലം, മണ്ണ്, വായു വിശകലനത്തിനായി NABL അംഗീകൃതവും ISO സർട്ടിഫൈഡ് ലബോറട്ടറികളും സ്ഥാപിക്കും. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പദ്ധതികൾക്ക് കീഴിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതിനു ₹25 ലക്ഷം രൂപ വകയിരുത്തി.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, അടുത്ത വർഷങ്ങളിലായി 26 കോടി രൂപ ഘട്ടംഘട്ടമായി നിക്ഷേപിക്കും. ഇതിൽ വരുന്ന സാമ്പത്തിക വർഷത്തേക്ക് ₹7.7 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രധാന വകുപ്പുകളിൽ ആധുനിക ലബോറട്ടറി ഉപകരണങ്ങളും കമ്പ്യൂട്ടിംഗ് സൗകര്യങ്ങളും ശക്തിപ്പെടുത്തും. വരുന്ന 30 വർഷങ്ങളിലെ ക്യാമ്പസ് വികസനത്തെ അടിസ്ഥാനമാക്കി സമഗ്ര ക്യാമ്പസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇൻഡോർ സ്റ്റേഡിയത്തിനും കായിക അടിസ്ഥാന സൗകര്യങ്ങൾക്കുമായി ₹75 ലക്ഷം രൂപവകയിരുത്തി.
വ്യവസായ–അക്കാദമിക് സഹകരണം ഈ ബജറ്റിന്റെ പ്രധാന തൂണുകളിലൊന്നാണ്. ഷിപ്പ് ടെക്നോളജി വകുപ്പിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ₹3.53 കോടി രൂപയുടെ മൂന്ന് വർഷത്തെ സാമ്പത്തിക സഹായത്തോടെ സുസ്ഥിര കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയിൽ മികവിന്റെ കേന്ദ്രം (Centre for Excellence in Sustainable Ship Building Technology) സ്ഥാപിക്കും. കൂടാതെ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിൽ നിന്നുള്ള ₹2.5 കോടി രൂപ CSR ഫണ്ടിംഗ് ഉപയോഗിച്ച് ഷിപ് ടെക്നോളജി സെൻട്രൽ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കും. IBM–CUSAT സെന്റർ ഫോർ എക്സലൻസ് ഇൻ AI ആൻഡ് ഡാറ്റ സയൻസ് (IBM–CUSAT Centre for Excellence in AI and Data Science) IBM ന്റെ സഹകരണത്തോടെ സ്ഥാപിക്കും. ഗ്ലോബൽ അലുംനി കോൺക്ലേവും അലുംനി ഓഫീസ്-കം-സൂവിനിയർ ഷോപ്പും സ്ഥാപിക്കും.
ഭരണ രംഗത്തെ ഡിജിറ്റൽവൽക്കരണം പ്രാധാന്യമുള്ള മേഖലയാണ്. ഇ-ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര യൂണിവേഴ്സിറ്റി മാനേജ്മെന്റ് സിസ്റ്റവും ERP സംവിധാനവും നടപ്പിലാക്കും. ഗസ്റ്റ് ഹൗസ് ബുക്കിംഗും ഹോസ്റ്റൽ അലോട്ട്മെന്റുകളും സ്മാർട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റും.
വിദ്യാർത്ഥികളുടെ ക്രിയാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആർട്ട് പെർഫോർമൻസ് ലാബ് (Art Performance Lab) സ്ഥാപിക്കും. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കായി പ്രത്യേക ഹോസ്റ്റൽ നിർമ്മിക്കാൻ തുക വകയിരുത്തി. പഠനത്തോടൊപ്പം വരുമാനം ഉറപ്പാക്കുന്ന “Earn While Learn” പദ്ധതി ക്യാമ്പസിൽ എല്ലാ ഡിപ്പാർട്ടുമെന്റുകളുമായി വിപുലീകരിക്കും. സ്റ്റുഡന്റ് എയ്ഡ് ഫണ്ടിന്റെ വകയിരുത്തൽ ₹12 ലക്ഷം രൂപയിൽനിന്നും നിന്ന് ₹30 ലക്ഷം രൂപയായി വർധിപ്പിച്ചു. വൈറ്റമിൻ കുറവുകൾ ഉൾപ്പെടെ കുട്ടികളെയും ജീവനക്കാരെയും ബാധിക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനും ആംബുലൻസ് വാങ്ങുന്നതുമുൾപ്പെടുന്ന ഒരു സമഗ്ര ആരോഗ്യ നിരീക്ഷണ സംവിധാനം (Comprehensive Health Monitoring System) നടപ്പിലാക്കും. സർവകലാശാല സ്കോളർഷിപ്പ് ലഭിക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്ക് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റുകൾ ഉപയോഗിക്കുന്നതിനായി ₹10000 രൂപ വീതം സഹായം നൽകും.
സുസ്ഥിരതക്കും സമൂഹ ബന്ധത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന ഈ ബജറ്റ് കേരള സർക്കാരിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ CUSAT Knowledge Festival സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ സാമൂഹികമായി പിന്നാക്ക സമൂഹങ്ങളുടെ നൈപുണ്യ വികസനത്തിനും സാങ്കേതിക സപ്പോർട്ടിനും ജീവിതോപാധി മെച്ചപ്പെടുത്തലിനുമായി OPPAM (Outreach for Participatory Progress and Advancement of Marginalized) പദ്ധതി ആരംഭിക്കും.
സർവകലാശാല തന്നെ വികസിപ്പിച്ച സമഗ്ര മാലിന്യ നിർമാർജ്ജന പദ്ധതി (Programme for Responsible Integrated Treatment of Waste & Innovation - PRITWI) കൊച്ചിൻ ഷിപ്യാർഡിന്റെ പിന്തുണയോടും സർവകലാശാലയുടെ അധിക ഫണ്ടിംഗോടും കൂടി നടപ്പിലാക്കും. കൊച്ചിൻ ഷിപ്യാർഡിന്റെ CSR സഹായത്തോടെ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും. സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ഫസിലിറ്റിയുടെ (CAIF) വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ₹7 ലക്ഷം രൂപ വകയിരുത്തി. ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ, പരീക്ഷ നവീകരണം, ക്യാമ്പസ് കണക്റ്റിവിറ്റി എന്നിവയ്ക്കും ഗവേഷണ സോഫ്റ്റ് വെയർ വാങ്ങുന്നതിനും തുക വകയിരുത്തി. കേരളത്തിന്റെ തനതായ അറിവുകൾ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും സെന്റർ ഫോർ ഡിജിറ്റലൈസിങ് കേരള നോളഡ്ജ് സ്ഥാപിക്കും.
കുസാറ്റ് സിണ്ടിക്കേറ്റ് അംഗങ്ങളും, രജിസ്ട്രാർ ഡോ. അരുൺ എ യു, ഫിനാൻസ് ഓഫീസർ സി എം എ. ഗിരീഷ്കുമാർ പി ജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.








