08:54pm 12 September 2026
NEWS
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ കൊച്ചി കപ്പൽശാലയുടെ സഹായം
12/09/2026  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ കൊച്ചി കപ്പൽശാലയുടെ സഹായം
HIGHLIGHTS

ദേശീയ ആരോഗ്യ ദൗത്യം (NHM), എറണാകുളം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ആരോഗ്യ വകുപ്പു മന്ത്രി  കെ മുരളീധരന്റെ  സാന്നിദ്ധ്യത്തിൽ കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം മേധാവി പി എൻ സമ്പത്ത് കുമാറും ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹനീഷ് എം എ മ്മും കൈമാറുന്നു. കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം സീനിയർ മാനേജർ എ കെ യൂസഫ് സമീപം

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സി എസ് ആർ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 11 താലൂക്ക് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 1.40 കോടി രൂപ അനുവദിച്ചു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ തീരദേശ മേഖലയിലെ ആശുപത്രികളെ മെച്ചപ്പെടുത്തുവാൻ കൂടി ഉതകുന്ന വിധത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.  ദേശീയ ആരോഗ്യ ദൗത്യം (NHM), എറണാകുളം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ കരാർ ആരോഗ്യ വകുപ്പു മന്ത്രി  കെ മുരളീധരന്റെ  സാന്നിദ്ധ്യത്തിൽ കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം മേധാവി പി എൻ സമ്പത്ത് കുമാറും ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹനീഷ് എം എ മ്മും ഒപ്പുവച്ചു. ചടങ്ങിൽ കൊച്ചി കപ്പൽശാല സി എസ് ആർ വിഭാഗം സീനിയർ മാനേജർ എ കെ യൂസഫ്  സന്നിഹിതനായിരുന്നു.

ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഹൈബി ഈഡൻ എം പി മുൻകൈയെടുത്ത് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് നടത്തിവരികയാണ്. ഇതിനായി 14.37 ലക്ഷം രൂപയാണ് കൊച്ചി കപ്പൽശാല വിനിയോഗിക്കുന്നത്. ആവശ്യമായ നാല് മെഷീനുകൾ ഹൈബി ഈഡൻ എം പിയുടെ ഫണ്ടിൽ നിന്നും അനുവദിക്കും. ഇതിനായി 28.08 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയിലെ ആരോഗ്യസ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുമായി ഹൈബി ഈഡൻ എം പി, ഷിയാസ് എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പുതുതായി നിർമിച്ച ഒ പി ബ്ലോക്ക് പ്രവർത്തനക്ഷമമാക്കുന്നതിനും ലബോറട്ടറി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് 21.15 ലക്ഷം രൂപയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 26.36 ലക്ഷം രൂപയും അനുവദിച്ചു.

നോർത്ത് പറവൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും ബ്ലഡ് സ്റ്റോറേജ് യൂണിറ്റും വിപുലപ്പെടുത്തുന്നതിനായി 30.20 ലക്ഷം രൂപയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ വിപുലീകരണത്തിനായി 4.02 ലക്ഷം രൂപയും പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിനായി 95000 രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിലുൾപ്പെടുത്തി 3.87 കോടി ചെലവിൽ ആശുപത്രിയിലെ കാഷ്വാലിറ്റി, ഒ പി ബ്ലോക്കിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള നിർമാണപ്രവൃത്തികൾ അതിവേഗം നടന്നുവരികയാണ്.

ഡയാലിസിസ് യൂണിറ്റുകൾ വിപുലീകരിക്കുന്നതിനായി പെരുമ്പാവൂർ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് 1.84 ലക്ഷം രൂപ, കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിക്ക് 6.84 ലക്ഷം രൂപ, അങ്കമാലി താലൂക്ക് ആശുപത്രിക്ക് 30000 രൂപ, ഒപ്പറേഷൻ തീയേറ്റർ വിപുലീകരിക്കുന്നതിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് 22.34 ലക്ഷം രൂപ, ലബോറട്ടറി ശാക്തീകരിക്കുന്നതിനായി പിറവം താലൂക്ക് ആശുപത്രിക്ക് 12.07 ലക്ഷം രൂപ എന്നിവയാണ്‌ മറ്റ് പദ്ധതികൾ. 

താലൂക്കാശുപത്രി തലത്തിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കാനും ജില്ലാ ജനറൽ ആശുപത്രികളിലെ രോഗികളുടെ തിരക്ക് കുറയ്ക്കാനും ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും. സാമൂഹിക ക്ഷേമത്തിനും പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള കൊച്ചി കപ്പൽശാലയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img