
കൊച്ചി: ഇന്ത്യയുടെ കപ്പൽ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡും (സിഎസ്എൽ) ഡിപി വേൾഡ് ഗ്രൂപ്പിൻറെ ഭാഗമായ ഡ്രൈഡോക്സ് വേൾഡും 50:50 സംയുക്ത സംരംഭത്തിന് ധാരണയിൽ. കൊച്ചിയിലെ ഇൻറർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്) യെ കൂടുതൽ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനാണ് ഈ സംയുക്ത സംരംഭം. ന്യൂഡൽഹിയിൽ നടന്ന ബ്രിക് സ് ഉച്ചകോടി 2026 ൻറെ ഭാഗമായി കേന്ദ്ര തുറമുഖ - ഷിപ്പിംഗ്-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളിൻറെയും യുഎഇ അഡ്വാൻസ്ഡ് സയൻസ് ആൻറ് ടെക്നോളജി അസിസ്റ്റൻറ് വിദേശകാര്യ മന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമിയുടെയും സാന്നിധ്യത്തിൽ ഡ്രൈഡോക്സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ അൻറോളോവിക്കും കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.ഇന്ത്യ മാരിടൈം വീക്ക് 2025ൽ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവച്ചിരുന്ന ധാരണാപത്രത്തിൻറെ തുടർച്ചയായാണ് സംയുക്ത സംരംഭം രൂപീകരിച്ചത്. കപ്പൽ അറ്റകുറ്റപ്പണി, എൻജിനിയറിംഗ്, ഫാബ്രിക്കേഷൻ, അനുബന്ധ മാരിടൈം സേവനങ്ങൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ സംയുക്ത സംരംഭത്തിൻറെ മുഖ്യ ലക്ഷ്യം. ഐഎസ്ആർഎഫിൻറെ നിലവിലെ സൗകര്യങ്ങൾ ഏകീകരിച്ച് വിപുലീകരിക്കുന്നതിലൂടെ വിവിധ വിഭാഗങ്ങളിലുള്ള കൂടുതൽ കപ്പലുകൾക്ക് സേവനം ലഭ്യമാക്കാനും ഇന്ത്യൻ, പ്രാദേശിക, അന്താരാഷ്ട്ര ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും അധിക ശേഷി സൃഷ്ടിക്കാനും ഇത് സഹായിക്കും. സിഎസ്എല്ലിൻറെ കപ്പൽനിർമാണ-അറ്റകുറ്റപ്പണി രംഗത്തെ ആഭ്യന്തര വൈദഗ്ധ്യവും ഡ്രൈഡോക്സ് വേൾഡിന്റെ ആഗോള പരിചയവും സാങ്കേതിക മികവും സംയോജിപ്പിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.ഈ പദ്ധതിയിലൂടെ കൊച്ചിയുടെ മാരിടൈം സേവന കേന്ദ്രമെന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിൽ കപ്പൽ അറ്റകുറ്റപ്പണി, എൻജിനിയറിംഗ്, ഫാബ്രിക്കേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും യുഎഇ മന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമിയും പറഞ്ഞു. ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അന്താരാഷ്ട്ര കപ്പൽവ്യൂഹങ്ങളെ കൊച്ചിയിലേക്ക് ആകർഷിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്നും അവർ വ്യക്തമാക്കി. ഡ്രൈഡോക് സ് വേൾഡിനും കൊച്ചിൻ ഷിപ്പ് യാർഡിനും സംയുക്ത സംരംഭത്തിൽ 50:50 വീതം ഓഹരിയുണ്ടാകും. പ്രാരംഭ മൂലധനം ഇരു കമ്പനികളുടെയും ഇക്വിറ്റി സംഭാവനകളിലൂടെയാണ് സമാഹരിക്കുക.
ഫോട്ടോ: കപ്പൽ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡും ഡ്രൈഡോക്സ് വേൾഡും സംയുക്ത സംരംഭത്തിന് ധാരണ പാത്രത്തിൽ ഒപ്പുവച്ച ചടങ്ങിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ, യുഎഇ അസ്സിസ്റ്റൻറ് മന്ത്രി ഒമ്രാൻ ഷറഫ് അൽഹാഷിമി, സിഎസ്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെ, ഡ്രൈഡോക് സ് വേൾഡ് സിഇഒ ക്യാപ്റ്റൻ റാഡോ അൻറോളോവിക്ക് എന്നിവർ .
Photo Courtesy - Google








