
കൊച്ചി: കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി തീരത്ത് 'ഡേ അറ്റ് സീ' യുമായി കോസ്റ്റ് ഗാർഡിൻ്റെ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ്.ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യ അതിഥിയായിരുന്നു. ഗവർണർക്ക് കോസ്റ്റ് ഗാർഡ് കപ്പൽ ഐ സി ജി എസ് സമർത്ഥിൽ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് വരവേറ്റത്.കേരളത്തിൻ്റെയും മാഹിയുടെയും ചുമതലയുള്ള കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് മേധാവി ഡി ഐ ജി എൻ.രവിയുടെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചത്. തുടർന്ന് നടന്ന ഡേ അറ്റ് സീ പ്രകടനത്തിൽ കോസ്റ്റ് ഗാർഡ് കപ്പലുകളായ സമർത്ഥ്, സാക്ഷം, അഭിനവ്, അർണവേഷ്, സി - 410, സി- 162 എബി ഊർജ പ്രവാഹ എന്നിവയും ഡോണിയർ, ചേതക്ക് എയർക്രാഫ്റ്റുകളും പങ്കെടുത്തു. തിരച്ചിൽ -രക്ഷാപ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണം, കടൽക്കൊള്ളക്കാരുമായി ഏറ്റുമുട്ടൽ എന്നിവ പ്രകടനങ്ങളുടെ ഭാഗമായി.കടലിൽ നിരനിരയായി കപ്പലുകൾ നീങ്ങുന്ന സ്റ്റീം പാസ്റ്റും ആകാശത്ത് എയർക്രാഫ്റ്റുകളുടെ ഫ്ലൈപാസ്റ്റും നടന്നു.









