05:15am 12 November 2026
NEWS
ലക്ഷദ്വീപ് സ്വദേശിയെ എയർ ലിഫ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്
15/12/2025  12:35 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലക്ഷദ്വീപ് സ്വദേശിയെ എയർ ലിഫ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്

കൊച്ചി: അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ലക്ഷദ്വീപ് സ്വദേശിയായ 75-കാരനെ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കോസ്റ്റ്ഗാർഡ്.  ശനിയാഴ്ച രാത്രിയാണ് ലക്ഷദ്വീപ് ഭരണകൂടം സഹായാഭ്യർത്ഥന നടത്തിയത്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അഗത്തി സ്വദേശിയെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ കൊച്ചിയിൽ എത്തിക്കേണ്ടതുണ്ടായിരുന്നു.  

അഗത്തിയിലെ എയർഫീൽഡ് രാത്രി അടച്ചതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായിരുന്നു. എങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിലെ കോസ്റ്റ്ഗാർഡ് എൻക്ലേവിൽ നിന്ന് രാത്രി 10ഓടെ പറന്നുയർന്ന ഡോണിയർ വിമാനം 11.20 ന് സുരക്ഷിതമായി അഗത്തി എയർഫീൽഡിൽ ഇറങ്ങി. തുടർന്ന് രോഗിയും ഭാര്യയും മെഡിക്കൽ ടീമും ഉൾപ്പെട്ട സംഘവുമായി 25 മിനിറ്റകം അഗത്തിയിൽ നിന്ന് പുറപ്പെട്ടു.  

ഞായറാഴ്ച പുലർച്ചെ 1.10ന് നെടുമ്പാശേരിയിലെത്തിച്ച രോഗിയെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സഹായാഭ്യർത്ഥന ലഭിച്ച് മൂന്ന് മണിക്കൂറുകൾക്കുള്ളിലാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഈ വർഷം ലക്ഷദ്വീപിൽ നിന്ന് കോസ്റ്റ്ഗാർഡ് വൻകരയിലെത്തിക്കുന്ന ഏഴാമത്തെ രോഗിയാണ് ഇത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img