10:23pm 29 June 2026
NEWS
കേരളത്തിന്റെ സ്വന്തം വിമാനം വരുന്നു; 'കോ-കേരളം' സഹകരണ മേഖലയിൽ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനി
29/06/2026  04:27 PM IST
nila
കേരളത്തിന്റെ സ്വന്തം വിമാനം വരുന്നു; കോ-കേരളം സഹകരണ മേഖലയിൽ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനി

കോഴിക്കോട്: കേരളത്തിനുള്ളിലെ ആഭ്യന്തര വിമാനയാത്ര കൂടുതൽ ചെലവുകുറഞ്ഞതും വേഗമേറിയതുമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ പുതിയ വിമാന കമ്പനി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. 'കോ-കേരളം' എന്ന പേരിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ സംരംഭം, സഹകരണ മേഖലയിൽ നിന്നുള്ള രാജ്യത്തെ ആദ്യ വിമാനക്കമ്പനിയാകുമെന്നാണ് അവകാശവാദം.

സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിനെടുത്തായിരിക്കും സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ 72 സീറ്റുകളുള്ള രണ്ട് വിമാനങ്ങൾ സർവീസിനായി എത്തിക്കും. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

പദ്ധതിക്കായി മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായ കമ്പനി രൂപീകരിക്കാനാണ് നിർദേശം. ആദ്യഘട്ടത്തിൽ 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം ഓഹരി നിക്ഷേപിച്ചാകും പദ്ധതി നടപ്പാക്കുക. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതിയുടെ രൂപരേഖ ഇതിനകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വിജയകൃഷ്ണൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സഹകരണ രജിസ്ട്രാറും പദ്ധതിയോട് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിലെ രണ്ട് വിമാനങ്ങൾ പിന്നീട് നാലായും ആറായി ഉയർത്താനും ലക്ഷ്യമിടുന്നു.

3,500 മുതൽ 7,000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. സർവീസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകൾക്ക് പ്രത്യേക കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനവും ഉണ്ടാകും. ആദ്യഘട്ടത്തിൽ ഏകദേശം 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാന സർവീസിനൊപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങളും ഒരുക്കും.

രണ്ടാം വർഷം മുതൽ കമ്പനി ലാഭത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും, ഒരു വർഷം മുഴുവൻ യാത്രക്കാരില്ലാത്ത സാഹചര്യം ഉണ്ടായാലും പരമാവധി 32 കോടി രൂപ മാത്രമേ നഷ്ടമുണ്ടാകൂവെന്നും വിജയകൃഷ്ണൻ പറഞ്ഞു. സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും, നിക്ഷേപത്തിന് 200 സഹകരണ സംഘങ്ങൾ ഇതിനോടകം താൽപര്യം പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img