12:54pm 24 September 2026
NEWS
കരിമണൽ കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും; വാങ്ങിയത് ലക്ഷങ്ങൾ; എൽഡിഎഫ് - യുഡിഎഫ് നേതാക്കളുടെ പേരുവിവരമുള്ള രേഖ പുറത്തുവിട്ട് ഷോൺ ജോർജ്
24/09/2026  11:24 AM IST
nila
കരിമണൽ കർത്തായുടെ ഡയറിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും; വാങ്ങിയത് ലക്ഷങ്ങൾ; എൽഡിഎഫ് - യുഡിഎഫ് നേതാക്കളുടെ പേരുവിവരമുള്ള രേഖ പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്എഫ്ഐഒ (SFIO) കോടതിയിൽ സമർപ്പിച്ച രേഖകളിൽനിന്നുള്ള വിവരങ്ങളാണ് ഷോൺ ജോർജ് പുറത്തുവിട്ടതെന്നാണ് അവകാശപ്പെടുന്നത്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികൾ ഉൾപ്പെട്ട പേജും അദ്ദേഹം പങ്കുവച്ചു.

എൽഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്ന പേജാണിതെന്നാണ് ഷോൺ ജോർജിന്റെ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും ഇതിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇഡിയുടെ കത്തിൽ പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഈ രാഷ്ട്രീയ ബന്ധങ്ങളാണെന്ന ആരോപണവും ഷോൺ ഉന്നയിച്ചു.

പിണറായി വിജയന്റെ പേര് ഡയറിയിൽ ‘പി വി’ എന്ന ചുരുക്കെഴുത്തിലല്ല, ‘പിണറായി’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് പറയുന്നു. മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നല്‍കിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു.

ഡയറിയിൽ പരാമർശിച്ചിരിക്കുന്ന പേരുകൾ

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചുതാനന്ദൻ, കെ മുരളീധരൻ, സി കെ ചന്ദ്രപ്പൻ, എളമരം കരീം, ഗോവിന്ദൻ മാസ്റ്റർ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ് ശർമ്മ, പി രാജീവ്, ഷിബു ബേബി ജോൺ, കെ ബി ഗണേഷ് കുമാർ തുടങ്ങിയവരുടെ പേരുകളും രേഖയിലുള്ളതായി ഷോൺ ജോർജ് പറയുന്നു.

പുറത്തുവന്ന കണക്കുകളും രേഖകളും മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണെന്നാണ് ഷോൺ ജോർജിന്റെ അവകാശവാദം. ഇത്രയും വ്യക്തമായ രേഖകൾ പുറത്തുവന്നിട്ടും വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img