
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ വീണാ വിജയനും പിണറായി വിജയനും എതിരായി മൊഴി നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്ന സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കാനുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് തന്റെ വിരലടയാളം പതിപ്പിച്ചെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് കർത്ത മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 2024ൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. ശശിധരൻ കർത്തയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ സഹോദരനാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ആശുപത്രിയിൽ കിടക്കയിൽ കഴിയുന്ന സമയത്തും ഇഡി ഉദ്യോഗസ്ഥർ തന്നെ സമ്മർദത്തിലാക്കിയെന്നാണ് കർത്തയുടെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണാ വിജയനും എക്സാലോജിക് കമ്പനിക്കും പണം നൽകിയതെന്നായിരുന്നു ഇഡിയുടെ വാദം. വീണാ വിജയനോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും കർത്ത മൊഴി നൽകിയതായി നേരത്തെ ഇഡി അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ മൊഴിയാണ് പിന്നീട് പിൻവലിക്കുന്നതായി കാണിച്ചുള്ള സത്യവാങ്മൂലം കർത്തയുടെ ഭാഗത്തുനിന്ന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ കേസിലെ അന്വേഷണത്തിനിടെ രേഖപ്പെടുത്തിയ മൊഴിയും അത് പിൻവലിക്കാൻ നൽകിയ സത്യവാങ്മൂലവും വീണ്ടും ചർച്ചയാകുകയാണ്.










