09:05pm 09 October 2026
NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്: സർക്കാരിന്റെ എസ്.ഐ.ടി റദ്ദാക്കി ഹൈക്കോടതി
09/10/2026  01:27 PM IST
nila
സിഎംആർഎൽ–എക്സാലോജിക് കേസ്: സർക്കാരിന്റെ എസ്.ഐ.ടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) റദ്ദാക്കി ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ റിപ്പോർട്ടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം എസ്.ഐ.ടിക്ക് കൈമാറിയ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകി.

ഇ.ഡി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നത് വിജിലൻസ് ഡയറക്ടറായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ സ്വീകരിച്ച നിലവിലെ നടപടികൾ അംഗീകരിക്കാനാവില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇ.ഡി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണം. വിജിലൻസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.

ഇ.ഡി ശേഖരിച്ച തെളിവുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ എന്നിവ പരിശോധിക്കുമ്പോൾ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നിട്ടുണ്ടെന്നതിന് പ്രാഥമിക തെളിവുകളുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ വിവരങ്ങളും തെളിവുകളും റിപ്പോർട്ടിലുണ്ടെന്നും അതിനാൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെ ഇ.ഡി റിപ്പോർട്ടിൽ പരാമർശിക്കുന്ന 13 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് നിർദേശം. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബദറുദ്ദീൻ ഉത്തരവിട്ടു.

കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും ആവശ്യമായ രേഖകൾ വിജിലൻസിന് കൈമാറാനും അന്വേഷണവുമായി സഹകരിക്കാനും ഇ.ഡിയോട് കോടതി ആവശ്യപ്പെട്ടു. ഉത്തരവിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറലിനെയും ചുമതലപ്പെടുത്തി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിക്കേണ്ട തുടർനടപടികൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കും. അപ്പീൽ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അതിനുശേഷമായിരിക്കും സർക്കാർ തീരുമാനമെടുക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img