12:08am 02 June 2026
NEWS
സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല
01/06/2026  01:27 PM IST
nila
സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് താൽക്കാലിക സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അന്വേഷണം അടിയന്തരമായി തടയണമെന്നും, ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. വർഷങ്ങളായി തുടരുന്ന കേസായതിനാൽ അപ്പീലിൽ വേഗത്തിൽ വാദം കേട്ട് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

ചെയ്യാത്ത സേവനങ്ങൾക്ക് പ്രതിഫലമായി രണ്ട് കോടിയിലധികം രൂപ നൽകിയെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. അതേസമയം, മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെ എഫ്ഐആറോ പിഎംഎൽഎ പ്രകാരം അന്വേഷണം ആരംഭിക്കാൻ ആവശ്യമായ പ്രെഡിക്കേറ്റ് കുറ്റമോ നിലവിലില്ലാത്ത സാഹചര്യത്തിൽ ഇഡിയുടെ അന്വേഷണം നിയമപരമല്ലെന്നാണ് സിഎംആർഎല്ലിന്റെ വാദം.

എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനെ അന്തിമ റിപ്പോർട്ടായി കണക്കാക്കാനാകില്ലെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇഡിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ഹാജരായപ്പോൾ, സിഎംആർഎല്ലിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരാണ് വാദം അവതരിപ്പിച്ചത്.

ഇതിനിടെ, ബെംഗളൂരു ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്ന് ലഭിച്ച രേഖകളും വിവരങ്ങളും ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് സമർപ്പിക്കാൻ തയ്യാറാണെന്ന് ഇഡി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ വിശദമായി പരിശോധിക്കാനും, സിഎംആർഎല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരെയും മാനേജ്മെന്റ് അംഗങ്ങളെയും ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം.

അപ്പീലിൽ സമഗ്രമായ വാദം പൂർത്തിയായ ശേഷമായിരിക്കും ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img