09:58am 21 September 2026
NEWS
സി.എം.ആർ.എൽ–എക്സാലോജിക് കേസ്: വീണ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി; ഫയൽ നീക്കം അതിവേഗം
21/09/2026  06:37 AM IST
nila
സി.എം.ആർ.എൽ–എക്സാലോജിക് കേസ്: വീണ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി; ഫയൽ നീക്കം അതിവേഗം

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നടപടികൾ കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. കേസിലെ പ്രതിയും എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറുമായ ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നതായാണ് റിപ്പോർട്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്.

വീണയുൾപ്പെടെയുള്ള കേസിലെ പ്രതികളുടെ 29.02 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇ.ഡി. മരവിപ്പിച്ചിരുന്നു. ഇപ്പോൾ ഈ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് കൊച്ചി ഇ.ഡി. ഓഫീസിൽ പുരോഗമിക്കുന്നത്. നടപടികൾക്കായി ഉന്നതതല അനുമതി തേടിയുള്ള ഫയൽ നീക്കവും വേഗത്തിലാക്കിയതായാണ് വിവരം.

എക്സാലോജിക് സൊല്യൂഷൻസ് ഡയറക്ടറായ വീണയുടെ പേരിൽ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഉണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഫ്ലാറ്റ് എവിടെയാണെന്ന വിവരം ഇ.ഡി. പുറത്തുവിട്ടിട്ടില്ല.

കണ്ണൂർ ജില്ലയിലെ പിണറായി, പാതിരിയാട് വില്ലേജുകളിലും ഇ.ഡി. പരിശോധന നടത്തിയിരുന്നു. പിണറായി–പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റ് ഭൂമിയുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയതെന്നാണ് വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഈ ഭൂമിയും വീണയുടെ പേരിലാണെന്നാണ് സൂചന. ബന്ധപ്പെട്ട സ്വത്തുക്കളുടെ മൂല്യനിർണയവും പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി. നേരത്തെ മരവിപ്പിച്ച സ്വത്തുക്കളിൽ വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷനിലെ 15.57 ലക്ഷം രൂപയും എക്സാലോജിക് സൊല്യൂഷൻസിന്റെ 27,585 രൂപയും ഉൾപ്പെടുന്നു. സി.എം.ആർ.എൽ സ്ഥാപക എം.ഡി. ശശിധരൻ കർത്തയുടെ 11.70 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ച പട്ടികയിലുണ്ട്.

അതിനിടെ, സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണാഭരണങ്ങൾ ഇ.ഡി. കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ സ്വത്തും മരവിപ്പിച്ചതായാണ് വിവരം.

സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം തുടരുന്നതിനിടെയാണ് സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ശക്തമാകുന്നത്. കേസിൽ കൂടുതൽ രേഖകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img