10:21am 19 August 2026
NEWS
മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം മുഹമ്മദ് റിയാസിലേക്ക്
19/08/2026  07:32 AM IST
nila
മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം മുഹമ്മദ് റിയാസിലേക്ക്

കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം നീട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്നലെ റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി കോഴിക്കോട് എട്ട് കേന്ദ്രങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയതിന് പിന്നാലെയാണ് മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാനുള്ള നീക്കം ഇഡി ആരംഭിച്ചത്.

റിയാസിന്റെ സുഹൃത്തുക്കളും കോഴിക്കോട്ടെ സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളുമായി ബന്ധമുള്ളവരുടേയും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. കേന്ദ്രസേനയുടെ സുരക്ഷയിലായിരുന്നു റെയ്ഡ്. പരിശോധനയ്ക്കിടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി. ശേഖരിക്കുകയും ചിലരെ പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇവരിൽ ചിലരുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് വിവരം.

സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പി. നിഖിൽ, ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖല ജോയിന്റ് സെക്രട്ടറി നന്ദുലാൽ, റിയാസിന്റെ സഹപാഠികളായ പി.പി. ഷൈജൽ, ഫെബിഷ് മുഹമ്മദ്, വാരിഷ് കളത്തിങ്ങൽ, പ്രവാസി ഫൈജാസ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. സരോവരത്തെ കെ.സി.കെ. ഡെന്റൽസ്, പന്തീരാങ്കാവിലെ കാപ്പിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റ് എന്നിവിടങ്ങളിലും പരിശോധന നടത്തി.

വീണയുടെ ഡയറിയിൽ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ

എക്‌സാലോജിക് സൊല്യൂഷൻസ് ഡയറക്ടറും റിയാസിന്റെ ഭാര്യയുമായ ടി. വീണയുടെ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് ഇ.ഡി.യുടെ വിശദീകരണം. കഴിഞ്ഞ മേയിൽ തിരുവനന്തപുരത്ത് വീണ താമസിച്ചിരുന്ന വീട്ടിൽനിന്ന് ഇ.ഡി. ചുവന്ന കവറുള്ള ഡയറി പിടിച്ചെടുത്തിരുന്നു.

എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽനിന്ന് പി. നിഖിൽ, വാരിഷ് കളത്തിങ്ങൽ, പി.പി. ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായാണ് പണം കൈമാറിയതെന്ന് വീണ ചോദ്യംചെയ്യലിനിടെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ഇവരിൽ നാലുപേരും റിയാസിന്റെ സുഹൃത്തുക്കളാണെന്നും ഒരാൾ തന്റെ സുഹൃത്തുകൂടിയാണെന്നും വീണ മൊഴി നൽകിയതായാണ് വിവരം. ചോദ്യംചെയ്യലിനിടെ ഇവരിൽ ചിലരെ വീണയെക്കൊണ്ട് ഫോണിൽ വിളിപ്പിച്ചതായും ഇ.ഡി. വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

റിയാസിനെ ചോദ്യം ചെയ്യാൻ നീക്കം

ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘ഭർത്താവ് റിയാസിന് മാത്രമേ ഇതുസംബന്ധിച്ച് അറിയൂ’ എന്നായിരുന്നു വീണയുടെ മറുപടിയെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിയതെന്നാണ് സൂചന.

റിയാസിന്റെ സുഹൃത്തുക്കളുമായി വീണ നടത്തിയ സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നോ, പണമിടപാടുകളുടെ യഥാർഥ ലക്ഷ്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img