11:30pm 10 November 2026
NEWS
മെത്രാന്മാർക്ക് സിഎംഐ സന്യാസ സമൂഹത്തിൻറെ ശക്തമായ മുന്നറിയിപ്പ്
19/08/2025  05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മെത്രാന്മാർക്ക് സിഎംഐ സന്യാസ സമൂഹത്തിൻറെ ശക്തമായ മുന്നറിയിപ്പ്

കൊച്ചി: കത്തോലിക്ക സഭയിലെ പ്രമുഖ സന്യസ സമൂഹവും നിരവധി മെത്രാന്മാരുള്ളതുമായ സി എം ഐ  സീറോ മലബാർ സഭയിലെ മെത്രാന്മാരെന്ന തങ്ക വിഗ്രഹങ്ങൾ വീണുടഞ്ഞു കൊണ്ടിരിക്കുകയാണെന്ന ശക്തമായ വിമർശനവുമായി സിനഡി നെതിരെ രംഗത്ത്. സി എം ഐ യുടെ മുഖപത്രമായ "കർമ്മല കുസുമ " ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ്കത്തോലിക്ക സഭയിൽ ഇപ്പോൾ നടക്കുന്ന കുർബാന തർക്കം സംബന്ധിച്ച ഗുരുതര പ്രതിസന്ധിയിൽ ബിഷപ്പുമാർ പുലർത്തുന്ന നിസംഗതയും കൃത്യവിലോഭവവും വിശ്വാസികളുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സഭാപിതാക്കന്മാരെന്ന "തങ്ക വിഗ്രഹങ്ങൾ വീണുടയുന്നു " എന്ന തലക്കെട്ടോടെ മെത്രാന്മാർക്കെതിരെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

വീണ്ടുവിചാരമില്ലാതെ തിരുമാനങ്ങളെടു ക്കുകയും അപക്വമായി അവ നടപ്പിലാക്കുകയും  നീതി ബോധമില്ലാതെ പെരുമാറുകയും ചെയ്യുന്ന മെത്രന്മാരെ അഭിവന്ദ്യ, പിതാവ്, ശ്രേഷ്ഠ, ആദരണിയൻ എന്നൊക്കെ വിളിച്ച് ഇനിയും അഭിസംബോധന ചെയ്യുകയില്ലെന്ന്  പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നതു തന്നെ. സഭാ മേലധ്യക്ഷന്മാരുടെ നീതിബോധവും ധാർമ്മിക ബോധവും സാധാരണ വിശ്വാസികളുടേതിനേക്കാൾ ഉയർന്നതല്ലെങ്കിൽ നിങ്ങൾ വഹിക്കുന്ന ആ  സ്ഥാനത്തിനുള്ള ദൗത്യമെന്താണ്?, എന്ത് ന്യായം നടപ്പിലാക്കാനാണ് നിങ്ങൾ ആ സ്ഥാനങ്ങളിൽ ആസനസ്ഥനായി ഇരിക്കുന്നത് ? തുടങ്ങിയ ശരംകണക്കെയുള്ള നിരവധി ചോദ്യങ്ങളും മെത്രാന്മാർക്കെതിരെ തൊടുത്തു വിടുന്നുണ്ട്.  വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരോട് ന്യായാധിപന്മാർ കാണിക്കുന്ന  മര്യാദ പോലും പാലിക്കാതെയാണ് എറണാകുളം - അങ്കമാലി അതിരൂപതയിൽ സ്ഥാപിച്ച പ്രത്യേക നീതിന്യായ കോടതിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചതെന്നും നിശിതമായി വിമർശിക്കുന്നു. ആധ്യാത്മികതയിലും, വിശുദ്ധിയിലും, ബുദ്ധിയിലും, വിവേഗത്തിലും, സത്യസന്ധതയും, ഭരണപാടവത്തിലും, സഭാ സ്നേഹത്തിലും, നീതിബോധത്തിലും ഏറ്റവും മികച്ചതെന്ന വിശ്വാസത്തിലാണ് ആയിരങ്ങളിൽ നിന്നും ഒരാളെ മെത്രാ സ്ഥലത്തേക്ക്  ഉയർത്തപ്പെട്ടതും , സീറോ മലബാർ  സഭയിലെ  വിശ്വാസികൾ "ഞങ്ങളുടെ പിതാക്കന്മാർ" എന്ന് അഹങ്കാരത്തോടെ പറയുന്നതും. അതുകൊണ്ടുതന്നെ ഇവർ സീറോ മലബാർ സഭയെ  നയിക്കുകയും പഠിപ്പിക്കുകയും  ചെയ്യുമെന്നാണ് വിശ്വാസി സമൂഹം ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും. കുർബാന പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മെത്രാന്മാരുടെ നിലപാടുകളും, തീരുമാനങ്ങളും, നടത്തിയ ചർച്ചകളും  നിങ്ങളുടെ നിലവാരം എന്തെന്ന്  വിശ്വാസികളും പൊതു സമൂഹവും തിരിച്ചറിഞ്ഞതായും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു.യേശുവിനെക്കാൾ പൂർണ്ണരെന്ന ഭാവത്തോടെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നതിലൂടെ ഇവർ മെത്രാൻ സ്ഥാനത്തിന്റെ മഹത്വം പോലും കളഞ്ഞു കുളിച്ചു.  പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു. സഭയിൽ നീതി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുകയും ഇതിനായി ശബ്ദ ഉയർത്തുകയും ചെയ്യുന്ന ഒരു മെത്രാനെപോലും ഇപ്പോൾ കാണാനില്ല. എല്ലാവർക്കും അവരവരുടെ മെത്രാൻ പദവിയാണ് മാത്രമാണ് പ്രധാനം. നിങ്ങളുടെ ചെയ്തികളിലൂടെ സീറോ മലബാർ സഭ സമൂഹത്തിൽ പാറയുടെ കീഴിൽ കത്തിച്ചുവച്ച വിളക്കിനെ പോലെയും ഉറ കെട്ടുപോയ ഉപ്പിനെ പോലെയുമാണെന്നു ബൈബിൾ വചനങ്ങളിലൂടെ സിഎംഐ സഭ അധികാരികൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.

 സഭ യുടെ കുർബാന തരണമെന്നും, അത്  അവകാശമാണെന്നും ആവശ്യപ്പെടുന്ന വിശ്വാസികളിൽ  നിന്നും മുഖം തിരിച്ചു അവരെ നിങ്ങൾ ശത്രുക്കളായി കണ്ടു തുടങ്ങിയിരിക്കുന്നു. മാർപാപ്പ കല്പിച്ചിട്ടും അഭ്യർത്ഥിച്ചിട്ടും ഏകീകൃത കുർബാന നടപ്പിലാക്കാൻ  തയ്യാറാകുന്നില്ല. കാരണം, നിങ്ങൾ ആരെയൊക്കെയോ, എന്തിനൊയൊക്കെയോ  ഭയപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വിശ്വാസികൾ എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭൂതകാലത്ത് സംഭവിച്ച വീഴ്ചകളെ ഓർത്തു മനസ്സാക്ഷിക്കുത്ത് അനുഭവിക്കുന്നുണ്ടെങ്കിൽ സ്ഥാനത്യാഗം ചെയ്തു പുറത്തു പോകണമെന്ന വ്യക്തമായ സൂചനകളും ഉപദേശങ്ങളും ചില തുറന്നുപറച്ചിലുകളും മുഖപ്രസംഗത്തിലുണ്ട്. കളങ്കിതരും സഭയെ പിന്നോട്ടടിക്കുന്നതുമായ മേൽപ്പട്ടക്കാർ ആരെല്ലാമാണെന്ന് വിശ്വാസികളുടെ ചെവികളിൽ മുഴങ്ങി കേൾക്കുന്നതും അത്തരക്കാരുടെ മുഖംമൂടി വലിച്ചു  കീറപ്പെടുന്നതുമായ കാലം അതിവിദൂരമല്ലെന്ന സൂചനയാണ് എഡിറ്റോറിയൽ നൽകുന്നത്. എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അട്ടിമറിക്കപ്പെട്ട  തീരുമാനങ്ങളും, സീറോ മലബാർ സഭയുടെ സിനഡ് നടക്കുന്നതുമായ ഈ സമയത്ത് പുറത്തുവന്ന സിഎംഐ സഭയുടെ വിലയിരുത്തലുകൾ സിനഡിലും  വിശ്വാസികൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെടുമെന്നതിൽ തർക്കമില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img